കോയമ്പത്തൂര്‍- കോയമ്പത്തൂരിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം അഞ്ചു പേർ മരിച്ചു. ശനിയാഴ്ച്ച പുലർച്ചെ അഞ്ചു മണിയോടെ ജില്ലയിലെ വെള്ളാലൂറിലാണ് കാറും ലോറിയുമിടിച്ചുണ്ടായ അപകടം. കാർ ഡ്രൈവറായിരുന്ന പാലക്കാട് വല്ലപ്പുഴ മുട്ടിയാന്‍ കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ച മലയാളി. പാലക്കാട് നിന്ന് സേലത്തേക്ക് തൊഴിലാളികളേയും കൊണ്ട് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽ പെട്ടതെന്നാണ് വിവരം. കേരള രജിസ്‌ട്രേഷനിലുള്ള (KL 52 P 1014 ) വാഗണർ കാറും തമിഴ്‌നാട് രജിസ്‌ട്രേഷനുള്ള ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന എല്ലാവരും മരിച്ചു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കാറിലുണ്ടായിരുന്നവർ ബംഗാളിൽ നിന്നുള്ള തൊഴിലാളികളാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. മരിച്ചവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. രണ്ടു പേര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ബഷീറടക്കം മറ്റു മൂന്ന് പേര്‍ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സംഭവത്തില്‍ ലോറി ഡ്രൈവറായ ട്രിച്ചി സ്വദേശി സതീഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.