Sorry, you need to enable JavaScript to visit this website.

ഫുട്‌ബോളും ദുര്‍ഗാ പൂജയും സിനിമയും; ബംഗാളില്‍ ബി.ജെ.പി പയറ്റുന്ന അടവുകള്‍

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ മമത ബാനര്‍ജി യുഗത്തിന് അന്ത്യം കുറിക്കാന്‍ ബി.ജെ.പി സകല അടവുകളും പയറ്റുന്നു. സംസ്ഥാന ഭരണം പിടിക്കുന്നതിനു താഴെ തട്ടില്‍ നിന്നുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതോടൊപ്പം ജനങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ പാര്‍ട്ടി സാന്നിധ്യം ശക്തമാക്കാനാണ് ശ്രമം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സിനിമ സീരിയല്‍ മേഖലയില്‍നിന്നുള്ള ഉന്നതരെ പാര്‍ട്ടിയിലേക്ക് അടുപ്പിച്ച ബി.ജെ.പി ദുര്‍ഗാ പൂജയിലും സ്‌പോര്‍ട്‌സ് ക്ലബുകളിലും തങ്ങളുടെ സാന്നിധ്യം വര്‍ധിപ്പിക്കാനുള്ള തന്ത്രങ്ങളിലാണ്. അഭിഭാഷകരുടെ സംഘടനയിലും സ്വാധീനമുറപ്പിക്കാന്‍ ശ്രമം ഊര്‍ജിതമാക്കി.  2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഏതു വിധേനയും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഒരുങ്ങുന്നത്.
22 നു നടന്ന കൊല്‍ക്കത്ത ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ആദ്യമായാണ് ബി.ജെ.പി ബാര്‍ കൗണ്‍സിലില്‍ മുന്നിലെത്തുന്നത്.
ഫുട്‌ബോള്‍ ക്ലബ്ബില്‍ മുതിര്‍ന്ന അംഗങ്ങളില്‍ പെട്ട രണ്ടു പേര്‍ ബി.ജെ.പി ദേശീയ ജനറല്‍ സിക്രട്ടറി കൈലാഷ് വിജയ് വര്‍ഗിയയുമായി കൂടിക്കാഴ്ച നടത്തുവാനും പ്രധാനമന്ത്രിക്ക് കത്ത് നല്‍കുവാനും സന്നദ്ധമായി രംഗത്തെത്തിയത് ഈ മേഖലയില്‍ സ്വാധീനമുറപ്പിക്കാന്‍ സാധിക്കുമെന്ന് ബി.ജെ.പിക്ക് ആത്മവിശ്വാസം പകരുന്നു.  ദുര്‍ഗാ പൂജ സംഘാടന മേഖലയിലും സ്വാധീനം ശക്തമാക്കാന്‍ തയാറായ പാര്‍ട്ടി പശ്ചിമ ബംഗാളിലെ ചലച്ചിത്ര മേഖലയുടെ ജനപ്രിയ മേഖലയിലും സ്വാധീനം ശക്തമാക്കി ഭരണം പിടിച്ചെടുക്കാനാണ് ശ്രമം തുടരുന്നത്.
സംസ്ഥാനത്തെ ഏറ്റവും ജനപ്രീതിയാര്‍ജിച്ച മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍ എന്നീ ഫുട്‌ബോള്‍ ക്ലബുകള്‍ക്ക് പാര്‍ട്ടി എന്ത് സഹായവും ചെയ്യാന്‍ ഒരുക്കമാണെന്നു കാണിച്ച് രണ്ടു വര്‍ഷം മുമ്പ് ബി.ജെ.പി കത്തയച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ഇരു ടീമുകളും ഉള്‍ക്കൊള്ളുന്ന ഐ ലീഗ് ക്ലബ്ബിലെ ഏറ്റവും പ്രശസ്തരായ ആറു ക്ലബുകള്‍ തങ്ങളുടെ പല വിഷയങ്ങളും ഉള്‍ക്കൊള്ളിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയതിനു പിന്നാലെ ഇവരുമായി കൂടിക്കാഴ്ചക്കായി ബി.ജെ.പി സെക്രട്ടറി കൈലാഷ് വിജയ വര്‍ഗിയ നേതൃത്വം നല്‍കുകയായിരുന്നു. ഇവര്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിച്ചു ഇവരെ പാര്‍ട്ടിയിലേക്കെത്തിക്കുകയും ക്ലബുകള്‍ വരുതിയിലാകുകയും ചെയ്താല്‍ അത് ബംഗാളില്‍ ബി.ജെ.പിക്ക് നല്ലൊരു മുന്നേറ്റം സമ്മാനിക്കുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി. അതേസമയം, ക്ലബ്ബില്‍ രാഷ്ട്രീയ കടന്നുകയറ്റം നടക്കുന്നതായുള്ള വാര്‍ത്ത മോഹന്‍ ബഗാന്‍സ് ഫിനാന്‍സ് സെക്രട്ടറി ദേബാശിഷ് ദത്ത നിഷേധിച്ചു.
സിനിമ സീരിയല്‍ മേഖലയില്‍ സ്വാധീനമുറപ്പിക്കാനുള്ള നീക്കവും അണിയറയില്‍ സജീവമാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അഞ്ചു താരങ്ങളെയാണ് മമതാ ബാനര്‍ജി കളത്തിലിറക്കി കളിച്ചത്. തുടര്‍ന്നു 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടു പേരെയും രംഗത്തിറക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി ഈ വര്‍ഷത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടു പേരെയും രംഗത്തിറക്കിയ മമത സിനിമ സീരിയല്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് നീങ്ങിയത്. സിനിമാ താരങ്ങളെ ലോക്‌സഭാംഗങ്ങളാക്കിയ തൃണമൂല്‍ കോണ്‍ഗ്രസിനു അതേ നാണയത്തിലുള്ള  മറുപടി നല്‍കാനുള്ള ബിജെപിയുടെ നീക്കം തൃണമൂലിനെ അമ്പരപ്പിച്ചിട്ടുണ്ട്. സിനിമാ താരങ്ങളായ മിമി ചക്രവര്‍ത്തി, നുസ്രത്ത് ജഹാന്‍ എന്നിവര്‍ തൃണമൂല്‍ ടിക്കറ്റില്‍ മത്സരിച്ച് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. ഇതാണ് ബി ജെ പിയെ ഈ വഴിക്ക് പ്രേരിപ്പിക്കാന്‍ കാരണം.  2015 ല്‍ ലോകിറ്റ് ചാറ്റര്‍ജി, രൂപ ഗാംഗുലി എന്നിവരെ പാര്‍ട്ടിയിലേക്ക് എത്തിച്ചതോടെ ബി ജെ പി ക്ക് സിനിാമ മേഖലയിലും പിടിവള്ളി കിട്ടിയിരുന്നു. തുടര്‍ന്ന് ബി ജെ പി ഈ മേഖലയില്‍ സ്വാധീനമുറപ്പിച്ചതിന്റെ ഫലമാണ് കഴിഞ്ഞയാഴ്ച 11 സിനിമാ സീരിയല്‍ താരങ്ങള്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
മതാടിസ്ഥാനത്തിലുള്ള ഒരു പരിപാടി എന്നതിലുപരി സംസ്ഥാനത്തുടനീളം ഏറെ ആഘോഷിക്കപ്പെടുന്നതും ജാതിമത ഭേദമെന്യേ സ്വീകാര്യമുള്ളതുമായ പരിപാടിയാണ് ദുര്‍ഗാ പൂജ.  ഇതിന്റെ നടത്തിപ്പില്‍ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് ഏറെ ഉപകാരപ്പെടുമെന്ന് ബി.ജെ.പി കരുതുന്നു.  ദുര്‍ഗാ പൂജ കമ്മിറ്റികളില്‍ നിലവില്‍ ആധിപത്യം  തൃണമൂല്‍ കോണ്‍ഗ്രസിനാണ്. സംസ്ഥാനത്തെ വിവിധ ദുര്‍ഗാ പൂജ കമ്മിറ്റികളില്‍ ബി ജെ പി സ്വാധീനം ചെലുത്തി വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
വിവിധ മേഖലകളില്‍ കയറിപ്പറ്റി സ്വാധീനമുറപ്പിക്കാനുള്ള ബി.ജെ.പിയുടെ നീക്കം ഏതു വിധേനയും തടയാനുള്ള തന്ത്രങ്ങള്‍ക്കാണ് തൃണമൂല്‍ നേതൃത്വം രൂപം നല്‍കുന്നത്.
ഹിന്ദി ഹൃദയ ഭൂമിയിലെ ഏറെ സ്വാധീനമുള്ള പാര്‍ട്ടിയാണ് ബി ജെ പി. അവര്‍ക്ക് ബംഗാള്‍ സംസ്‌കാരമോ സംസാരമോ  വശമില്ല. അവരുടെ കൈയിലുള്ള ഏക മാര്‍ഗം പണം മാത്രമാണ്. പണമുപയോഗിച്ച് പലതും നേടിയെടുക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ ഇത് ദീര്‍ഘകാലം നിലനില്‍ക്കുകയില്ലെന്നും ബംഗാള്‍ വിദ്യാഭ്യാസ മന്ത്രിയും തൃണമൂല്‍ സെക്രട്ടറി ജനറല്‍ കൂടിയായ പാര്‍ത്ഥ ചാറ്റര്‍ജി പ്രതികരിച്ചു.

 

Latest News