കണ്ണൂർ- വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിർദേശ പ്രകാരം അന്വേഷണം തുടങ്ങി. കണ്ണൂർ മുഴത്തടം സ്വദേശിനി ടി.സുനിജ (48) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സഹോദരൻ ടി.മനോജ് നൽകിയ പരാതിയിലാണ് ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നടപടി. ചക്കരക്കൽ പോലീസാണ് അന്വേഷണം നടത്തുക.
ഭർത്താവിന്റെ അവിഹിത ബന്ധത്തെത്തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് പരാതി. നേരത്തെ പരാതി ചക്കരക്കൽ പോലീസിൽ നൽകിയിരുന്നുവെങ്കിലും ആവശ്യമായ അന്വേഷണം നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു. ഇക്കഴിഞ്ഞ 20 നു രാവിലെയാണ് സുനിജയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. സുനിജയും ഭർത്താവ് രതീശനും മണ്ട് മക്കളും മാമ്പ കാവിൻമൂല പുറത്തേക്കാടാണ് താമസിച്ചിരുന്നത്. കാവിൻമൂലയിലെ റേഷൻ സ്ഥാപനത്തിലെ ജീവനക്കാരിയാണ് സുനിജ. മിലിട്ടിറിയിൽ നിന്നും റിട്ടയർ ചെയ്ത ഭർത്താവ് രതീശന് ഒരു യുവതിയുമായി അവിഹിത ബന്ധമുള്ളത് സുനിജ കണ്ടെത്തുകയും ഭർത്താവിന്റെ മൊബൈൽ ഫോണിൽ നിന്നും ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തിരുന്നു. ഈ വീഡിയോ ദൃശ്യങ്ങൾ സുനിജ, അടുത്ത കൂട്ടുകാരിയെ ധരിപ്പിക്കുകയും തനിക്കെന്തെങ്കിലും സംഭവിച്ചാൽ ഈ വിവരം സഹോദരനെ അറിയിക്കുകയും ചെയ്യണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.
സുനിതയുടെത് കൊലപാതകമാണെന്ന ആരോപണം ആദ്യഘട്ടത്തിൽ തന്നെ ഉയർന്നിരുന്നു. എന്നാൽ പോസ്റ്റുമോർട്ട പരിശോധനയിൽ ആത്മഹത്യയാണെന്ന് വ്യക്തമായി. ആത്മഹത്യക്കു കാരണം ഭർത്താവിന്റെ വഴിവിട്ട പ്രവർത്തിയാണെന്നു കാണിച്ചാണ് സഹോദരൻ പരാതി നൽകിയത്. അന്വേഷണം നടത്തി നടപടിയെടുക്കമെന്നാണ് പരാതിയിലെ ആവശ്യം.






