കരിപ്പൂരില്‍ നാലു ദിവസത്തിനിടെ  പിടികൂടിയത് നാല് കോടി രൂപയുടെ സ്വര്‍ണം

കരിപ്പൂര്‍- കോഴിക്കോട് വിമനാത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. ദുബായില്‍നിന്ന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് കടിയങ്ങാട് പിലാഞ്ചേരി സാജിദില്‍ നിന്നാണ് എയര്‍കസ്റ്റംസ് ഇന്റലിജന്‍സ് 34 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടിയത്.
സ്വര്‍ണം മിശ്രിത രൂപത്തിലാക്കി കാലിലെ സോക്‌സിനുളളില്‍ കെട്ടിവെച്ചും ശരീരത്തില്‍ ഒളിപ്പിച്ചും കടത്താനാണ് ഇയാള്‍ ശ്രമിച്ചത്. 1270 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കണ്ടെത്തിയത്. ഇവയില്‍ നിന്ന് 980 ഗ്രാം സ്വര്‍ണമാണ് വേര്‍തിരിച്ചെടുത്തത്. ഇവക്ക് 34 ലക്ഷം രൂപ വിലവരും.      
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നാലു ദിവസത്തിനിടെ എട്ട് യാത്രക്കാരില്‍നിന്ന് പിടികൂടിയത് നാല് കോടി രൂപയുടെ സ്വര്‍ണമാണ്. ചൊവ്വാഴ്ച നാലു യാത്രക്കാരില്‍ നിന്ന് മാത്രം 2.60 കോടിയുടെ സ്വര്‍ണമാണ് എയര്‍കസ്റ്റംസും കസ്റ്റംസ് പ്രിവന്റീവ് വിഭാഗവും പിടികൂടിയത്.
 ബുധനാഴ്ച കരിപ്പൂരിലെത്തിയ മലപ്പുറം വിളയില്‍ സ്വദേശി ത്വല്‍ഹത്ത് എന്ന യാത്രക്കാരനില്‍ നിന്ന് 75 ലക്ഷത്തിന്റെ സ്വര്‍ണവും കണ്ടെത്തി. വ്യാഴാഴ്ച കോഴിക്കോട് സ്വദേശി രാജീവന്‍, മലപ്പുറം സ്വദേശി ഫൈസല്‍ റഹ്മാന്‍ എന്നിവരില്‍ നിന്ന് 30 ലക്ഷത്തിന്റെ സ്വര്‍ണവും കണ്ടെത്തിയിരുന്നു.
സ്വര്‍ണത്തിന്റെ വില ഉയര്‍ന്നതാണ് തുടര്‍ച്ചയായ കളളക്കടത്തിന് കാരണമെന്ന് കസ്റ്റംസ് പറയുന്നു. എന്നാല്‍ സ്വര്‍ണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥരെ പോലും ഞെട്ടിപ്പിക്കുന്ന തന്ത്രങ്ങളാണ് കളളക്കടത്ത് സംഘം പ്രയോഗിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളുടെ അകത്ത് സ്വര്‍ണം കടത്തുന്ന രീതിയായിരുന്നു കൂടുതലായും ഉണ്ടായിരുന്നത്. എന്നാല്‍ സ്വര്‍ണം മിശ്രിതമാക്കിയും പൊടിച്ചും രൂപം മാറ്റിയാണ് ഇപ്പോള്‍ സ്വര്‍ണം എത്തിക്കുന്നത്. ഗുളികള്‍ രൂപത്തില്‍ വിഴുങ്ങിയും മലദ്വാരത്തില്‍ ഒളിപ്പിച്ചുമാണ് കൂടുതല്‍ സ്വര്‍ണക്കടത്ത്. മരുന്ന് രൂപത്തില്‍ മിശ്രിതമാക്കി കാലില്‍ കെട്ടിവെച്ചും സ്വര്‍ണം എത്തിക്കുന്നു.
കളളക്കടത്തിന് പുരുഷന്മാരപ്പോലെ കരിയര്‍മാരായി സ്ത്രീകളും പ്രവര്‍ത്തിക്കുന്നത്  കസ്റ്റംസ് ഉദ്യോഗസ്ഥരെ ഞെട്ടിച്ചിട്ടുണ്ട്. കളളക്കടത്ത് വര്‍ധിച്ചതോടെ കസ്റ്റംസ് നിരീക്ഷണം ശക്തമാക്കി.
 

Latest News