Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അസീറിൽ പെട്രോൾ ബങ്കുകളിൽ ചുവന്ന പെട്രോളില്ലെന്ന് പരാതി

അബഹ- അസീർ പ്രവിശ്യയിലെ ഭൂരിഭാഗം പെട്രോൾ ബങ്കുകളിലും ഒക്‌ടേൻ 95 ഇനത്തിൽപെട്ട ചുവന്ന പെട്രോൾ കിട്ടാനില്ലെന്ന് കാറുടമകളുടെ പരാതി. അധിക ബങ്കുകളിലും വില കുറഞ്ഞ, ഒക്‌ടേൻ 91 ഇനത്തിൽപെട്ട പച്ച നിറത്തിലുള്ള പെട്രോൾ മാത്രമാണുള്ളത്. ചുവന്ന പെട്രോൾ ഉപയോഗിക്കുന്ന നിരവധി വാഹനങ്ങൾ പ്രവിശ്യയിലുണ്ട്. ചുവന്ന പെട്രോൾ കിട്ടാനില്ലാത്തത് ഈ വാഹനങ്ങളുടെ ഉടമകൾക്ക് തലവേദനയായി മാറുകയാണ്. ചുവന്ന പെട്രോൾ കിട്ടാനില്ലാത്തതിനാൽ പച്ച നിറത്തിലുള്ള പെട്രോൾ കാറുകളിൽ നിറക്കുന്നതിന് ഇവർ നിർബന്ധിതരാകുന്നു. ഇത് കാറുകൾ കേടാകുന്നതിന് ഇടയാക്കുകയാണ്. 
അസീർ പ്രവിശ്യയിലെ ഒന്നോ രണ്ടോ ബങ്കുകളിൽ മാത്രമാണ് ചുവന്ന പെട്രോൾ കിട്ടാനുള്ളത്. ആവശ്യാനുസരണം ചുവന്ന പെട്രോൾ ലഭ്യമല്ലാത്തതിനാൽ കന്നാസുകളിൽ ചുവന്ന പെട്രോൾ വീടുകളിൽ എത്തിച്ചാണ് ചിലർ പ്രതിസന്ധി മറികടക്കുന്നത്. ഉയർന്ന വിലയും അധിക വാഹനങ്ങൾക്കും ആവശ്യമില്ലാത്തതുമാണ് ചുവന്ന പെട്രോൾ ലഭ്യമല്ലാതിരിക്കാൻ കാരണമെന്ന് പെട്രോൾ ബങ്ക് ഉടമകൾ പറയുന്നു. 
എല്ലാ പ്രവിശ്യകളിലും പെട്രോൾ ബങ്കുകളുടെ പ്രവർത്തനം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പറഞ്ഞു. ഇന്ധനത്തിൽ മായം കലർത്തിയതായി കണ്ടെത്തിയാലും മീറ്ററുകൾ കൃത്രിമം തെളിഞ്ഞാലും വിൽപനക്ക് വിസമ്മതിക്കുന്നതായി കണ്ടെത്തിയാലും ബങ്കുകൾക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ മീഡിയ ഓഫീസ് പറഞ്ഞു. 
പെട്രോൾ ബങ്കുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട നിയമാവലി നടപ്പാക്കുന്നതിന്റെ അധികാരം മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിനാണ്. ഒക്‌ടേൻ 91, 95 ഇനങ്ങളിൽ പെട്ട പെട്രോളുകൾ ബങ്കുകളിൽ ലഭ്യമാക്കൽ നിർബന്ധമാണെന്ന് നിയമാവലിയിലെ രണ്ടാം വകുപ്പ് വ്യക്തമാക്കുന്നു. ഇതിൽ ഏതെങ്കിലും ഒരു ഇനം പെട്രോൾ ലഭ്യമാക്കാതിരിക്കുന്നത് നിയമ ലംഘനമാണെന്നും ഇതിന് ബങ്കുകൾ അടപ്പിക്കുമെന്നും നിയമാവലി വ്യക്തമാക്കുന്നു. 
എല്ലാ ഇനത്തിൽ പെട്ട ഇന്ധനങ്ങളും ലഭ്യമാക്കാത്ത ബങ്കുകൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന്റെ അധികാരം മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയത്തിനാണ്. എല്ലാ ഇനത്തിൽ പെട്ട പെട്രോളും ലഭ്യമാക്കൽ പെട്രോൾ ബങ്കുകളുടെ ലൈസൻസ് പുതുക്കുന്നതിനുള്ള അടിസ്ഥാന വ്യവസ്ഥയാണ്. പെട്രോൾ ബങ്ക് നിയമാവലിയും നഗരസഭാ നിയമ ലംഘനങ്ങൾക്കുള്ള പിഴകളും ശിക്ഷകളും നിർണയിക്കുന്ന നിയമാവലിയും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പരിഷ്‌കരിച്ചുവരികയാണെന്നും വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനു കീഴിലെ മീഡിയ ഓഫീസ് പറഞ്ഞു. 
ഒക്‌ടേൻ 95 ഇനത്തിൽ പെട്ട പെട്രോളിനു പകരം ഒക്‌ടേൻ 91 ഇനത്തിൽ പെട്ട പെട്രോൾ ഉപയോഗിക്കുന്നത് കാറുകൾ കേടാകുന്നതിന് ഇടയാക്കുമെന്ന് വാഹന വിദഗ്ധൻ അബ്ദുൽ അസീസ് അസീരി പറഞ്ഞു. ഇത്തരം തകരാറുകൾ ശരിയാക്കുന്നതിന് ഭീമമായ ചെലവ് വരും. ചുവന്ന പെട്രോൾ ലഭ്യമല്ലാത്തതിനാൽ പച്ച നിറത്തിലുള്ള പെട്രോൾ അടിക്കുന്നതിന് നിർബന്ധിതമാകുന്ന സാഹചര്യങ്ങളിൽ ഇന്ധന ടാങ്കിലെ ചുവന്ന പെട്രോൾ പൂർണമായും തീരുന്നതു വരെ കാത്തിരിക്കണം. ഇതിനു ശേഷം പച്ച നിറത്തിലുള്ള പെട്രോൾ അടിക്കണം. 
പച്ച നിറത്തിലുള്ള പെട്രോൾ അടിച്ചു കഴിഞ്ഞ ശേഷം പിന്നീട് ചുവന്ന പെട്രോൾ ലഭിച്ചാലും ടാങ്കിലുള്ള പച്ച നിറത്തിലുള്ള പെട്രോൾ കാലിയാക്കിയ ശേഷം മാത്രമേ ചുവന്ന പെട്രോൾ അടിക്കുന്നതിന് പാടുള്ളൂവെന്നും അബ്ദുൽ അസീസ് അസീരി പറഞ്ഞു. 

 

Latest News