Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിൽ പെട്രോളിയം കരുതൽ ശേഖരം സ്ഥാപിക്കുന്നതിന് സൗദിക്ക് ക്ഷണം 

റിയാദ് - ഇന്ത്യയിൽ തന്ത്രപ്രധാന പെട്രോളിയം കരുതൽ ശേഖരം സ്ഥാപിക്കുന്നതിന് ഇന്ത്യ സൗദി അറേബ്യയെ ക്ഷണിച്ചു. 
ഇരു രാജ്യങ്ങളുടേയും പെട്രോളിയം മന്ത്രിമാരുടെ  ചർച്ചക്കു ശേഷം ഇന്ത്യൻ പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ ട്വീറ്റ് ചെയ്തതാണ് ഇക്കാര്യം. എണ്ണ വിപണിയിലെ ഭദ്രത ഉറപ്പു വരുത്തുന്നതിനുള്ള ശ്രമങ്ങൾ സൗദി അറേബ്യ തുടരണമെന്നും ധർമേന്ദ്ര പ്രധാൻ ആവശ്യപ്പെട്ടു. ഹുർമുസ് കടലിടുക്കിലെ സംഘർഷങ്ങൾ എണ്ണ, പ്രകൃതി വാതക ടാങ്കറുകളുടെ നീക്കത്തെ ബാധിച്ചേക്കുമെന്ന ആശങ്കയും ഇന്ത്യൻ പെട്രോളിയം മന്ത്രി പ്രകടിപ്പിച്ചു. ഇറാഖ് കഴിഞ്ഞാൽ ഇന്ത്യക്ക് ഏറ്റവുമധികം ക്രൂഡ് ഓയിൽ നൽകുന്ന രണ്ടാമത്തെ രാജ്യം സൗദി അറേബ്യയാണ്. ഇന്ത്യ ആവശ്യപ്പെടുന്ന പക്ഷം കൂടുതൽ എണ്ണ നൽകുന്നതിന് സൗദി അറേബ്യ ഒരുക്കമാണെന്ന് സൗദി എണ്ണ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. ആണവ പദ്ധതിയുടെ പേരിൽ ഇറാനെതിരായ അമേരിക്കൻ ഉപരോധത്തിന്റെ സമ്മർദ ഫലമായി ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് മേയിൽ ഇന്ത്യ നിർത്തിവെച്ചിട്ടുണ്ട്. 
അതേസമയം, റിലയൻസ് ഇൻഡസ്ട്രീസിനു കീഴിലെ റിഫൈനറിയിൽ ഓഹരി സ്വന്തമാക്കുന്നതിനുള്ള ചർച്ചകൾ സൗദി അറാംകോ നിർത്തിവെച്ചിട്ടില്ലെന്ന് സൗദി ഊർജ, വ്യവസായ മന്ത്രി പറഞ്ഞു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അംബാനിയുടെ നിയന്ത്രണത്തിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ റിഫൈനറി കോംപ്ലക്‌സ് പ്രവർത്തിപ്പിക്കുന്നുണ്ട്. പ്രതിദിനം 14 ലക്ഷം ബാരൽ അസംസ്‌കൃത എണ്ണ ശുദ്ധീകരിക്കുന്നതിന് ജാംനഗർ റിഫൈനറി കോംപ്ലക്‌സിന് ശേഷിയുണ്ട്. 
സമീപ കാലത്ത് എണ്ണക്കുള്ള ആവശ്യം കുറഞ്ഞ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിലിന് പുതിയ വിപണികൾ ഉറപ്പു വരുത്തുന്നതിന് റിഫൈനറി, പെട്രോകെമിക്കൽ മേഖലകളിൽ നിക്ഷേപം വർധിപ്പിക്കാൻ ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപാദകരായ സൗദി അറാംകോ പദ്ധതിയിടുന്നു. റിലയൻസ് റിഫൈനറി ഓഹരി സ്വന്തമാക്കുന്ന കാര്യത്തിൽ സൗദി അറാംകോയും റിലയൻസും തമ്മിൽ കരാറിലെത്തുമെന്ന കാര്യത്തിൽ തനിക്ക് പ്രത്യാശയുണ്ടെന്ന് എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. 


 

Latest News