Sorry, you need to enable JavaScript to visit this website.

എൻഡോസൾഫാന് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നവർ 

തീരാത്ത ദുരിതങ്ങളുമായി കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾ ജീവിതം തള്ളിനീക്കുകയാണ്. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളോ അവകാശങ്ങളോ ഇനിയും കിട്ടാത്ത അവർ മുട്ടാത്ത വാതിലുകളില്ല. തലസ്ഥാന നഗരിയിലടക്കം പോരാട്ടം തുടരുകയാണ്. ഈ സാഹചര്യം തുടരുമ്പോഴാണ് അടുത്തയിടെ അവരുടെ ദുരിതങ്ങൾക്കു കാരണം എൻഡോസൾഫാനല്ല എന്ന പ്രചാരണം വ്യാപകമായിരിക്കുന്നത്. ചില ശാസ്ത്ര - യുക്തിവാദ മൗലികവാദികളാണിത് തുടങ്ങിവെച്ചത്. പിന്നീട് പലരുമത് ഏറ്റെടുത്തു. എൻഡോസൾഫാന്റെ പേരു പറഞ്ഞ് തങ്ങളെ അപമാനിക്കുകയാണെന്നു ആരോപിച്ച് ഒരു സംഘടന തന്നെ രൂപം കൊണ്ടു. എൻഡോസൾഫാനെ വെള്ളപൂശുകയാണ് അവരുടെ ലക്ഷ്യം. അതിനിടയിലാണ് എൻഡോസൾഫാനെ അനുകൂലിച്ചും ചില സാഹിത്യകാരന്മാരാണ് കള്ളപ്രചാരണം നടത്തുന്നതെന്ന് ആരോപിച്ചും കാസർകോട് ജില്ലാ കലക്ടർ സജിത് ബാബു തന്നെ രംഗത്തു വന്നത്. ഒരു വാരികയോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.
'എൻഡോസൾഫാൻ കൈകൊണ്ട് തളിച്ച ആളുകൾ ഇപ്പോഴും കാസർകോട്ടുണ്ട്. അവർക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്. അഗ്രികൾച്ചറിൽ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാർഷിക ശാസ്ത്രം പഠിപ്പിച്ച ഞാൻ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും വിശ്വസിക്കണോ? അതോ അംബികാസുതൻ മാങ്ങാടിനെപ്പോലുള്ള സാഹിത്യകാരൻമാർ പറയുന്നത് വിശ്വസിക്കണോ. ഭരണഘടന പറയുന്നത് തന്നെ ശാസ്ത്രം വളർത്താനല്ലേ. അല്ലാതെ സാഹിത്യം വളർത്താനല്ല. സത്യം മാത്രമേ ജയിക്കാൻ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടർമാരെല്ലാം എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്. 
ഞാൻ പല ഡോക്ടർമാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിന് മുന്നിൽ വന്ന് എൻഡോസൾഫാൻ കൊണ്ടാണ് അസുഖമുണ്ടായതെന്ന് പറയില്ല. ഇവിടെ ആരും ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥ പോലുള്ളവ കേട്ട് ആളുകൾ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.
നോവലുകളൊന്നും വായിച്ച് തീരുമാനമെടുക്കാൻ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥനായതുകൊണ്ട് സർക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാൻ ശാസ്ത്രീയതയിൽ ഉറച്ചുനിൽക്കുന്നു.''
എൻഡോസൾഫാൻ ഇരകളിൽ നിന്നും പൊതുപ്രവർത്തകരിൽ നിന്നും അതിശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് താനിങ്ങനെ പറഞ്ഞിട്ടില്ല എന്നദ്ദേഹം പറഞ്ഞിട്ടുണ്ടെങ്കിലും ഈ മേഖലയിൽ നടക്കുന്ന സമീപകാല പ്രവണതകളുടെ ദിശ ഇതാണ്. കാസർകോട്ടെ ദുരന്തങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് എൻഡോസൾഫാനെ രക്ഷിക്കാനും ഇരകൾക്ക് നഷ്ടപരിഹാരം നൽകാതിരിക്കാനുമുള്ള വൻ ഗൂഢാലോചന നടക്കുന്നു എന്നു തന്നെ കരുതുന്നതിൽ തെറ്റില്ല.  ശാസ്ത്രീയമായി തന്നെ നടന്ന എത്രയോ പരീക്ഷണ ഫലങ്ങളെയാണ് ഇവർ നിഷേധിക്കുന്നത്.  എൻഡോസൾഫാൻ ഉപയോഗിച്ച പാലക്കാട്ടെ മുതലമടയിലും മറ്റും സമാന രോഗങ്ങൾ റിപ്പോർട്ട് ചെയ്തതും ഇവിടെ പ്രസക്തമാണ്.
പുല്ലൂർ ഗ്രാമത്തിൽ എൻഡോസൾഫാൻ പ്രയോഗത്തെത്തുടർന്ന് ജീവിക്കാനാവാഞ്ഞതിനെ തുടർന്ന്  കൃഷി ഉദ്യോഗസ്ഥയായ ലീലാകുമാരിയമ്മയാണ് ആദ്യമായി കോടതിയിലെത്തുന്നത്. മരുന്നു തളിച്ചു കഴിഞ്ഞാൽ ആ പ്രദേശത്തുകാർക്ക് പലതരത്തിലുള്ള ശാരീരിക അസ്വാസ്ഥ്യങ്ങൾ ഉണ്ടാകുന്നതായി അവർ ശ്രദ്ധിച്ചിരുന്നു. എന്നാൽ വർഷങ്ങളായി നടന്നുവരുന്ന എൻഡോസൾഫാൻ പ്രയോഗമാണ് അതിനു കാരണമെന്ന് ആരും മനസ്സിലാക്കിയിരുന്നില്ല. ആയിടയ്ക്കാണ് അവർ പുതിയ വീടിന്റെ പണി തുടങ്ങിയത്. 
പണിയുടെ മേൽനോട്ടത്തിനായി കേരളത്തിനു വെളിയിൽ ജോലി നോക്കുകയായിരുന്ന മൂത്ത ജ്യേഷ്ഠനെ വിളിച്ചു വരുത്തുകയായിരുന്നു. പൂർണ ആരോഗ്യവാനായിരുന്നു ജ്യേഷ്ഠൻ,  രണ്ടു വർഷത്തിനകം മാരകരോഗത്തിനടിപ്പെട്ടു മരണത്തിനു കീഴടങ്ങി. സമാനമായ രോഗം പിടിപെട്ട് പലരും പിന്നീട് മരിച്ചു.  അതോടെ എൻഡോസൾഫാൻ പ്രയോഗമാണ് മരണങ്ങൾക്ക് കാരണമെന്ന് അവരുറപ്പിച്ചു.  ഹെലികോപ്ടർ വഴിയുള്ള വിഷപ്രയോഗം കഴിഞ്ഞാൽ പിന്നെ മാസങ്ങളോളം അന്തരീക്ഷം മൂടൽമഞ്ഞ് പിടിച്ച പോലെയാണ്. മഴ വന്നാൽ മാത്രമാണ് അന്തരീക്ഷം ശുദ്ധമാകുന്നത്. അതുവരെ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്ന വിഷാംശമാണ് അവിടത്തുകാർ ശ്വസിച്ചിരുന്നത്. പിന്നെ സംശയിച്ചില്ല. എൻഡോസൾഫാൻ തളിക്കുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് അവർ പ്ലാന്റേഷൻ കോർപറേഷൻ അധികൃതർക്കും മുഖ്യമന്ത്രിക്കും പരാതി നൽകി. ഫലമുണ്ടായില്ല. 1994 ലായിരുന്നു അത്. 1997 വരെ പരാതികൾ നൽകിക്കൊണ്ടിരുന്നു.  പ്ലന്റേഷൻ കോർപറേഷൻ അധികൃതരിൽനിന്ന് പലതരത്തിലുള്ള ഭീഷണികൾ ഉണ്ടായിക്കൊണ്ടിരിന്നു.  ആ സാഹചര്യത്തിലാണ് 1997 ൽ അവർ കോടതിയെ സമീപിച്ചത്. തുടർന്നാണ് കോടതി താൽക്കാലിക വിധി പുറപ്പെടുവിച്ചത്. 2001 ൽ കാസർകോട് മുൻസിഫ് കോടതിയിൽ ഡോ. മോഹൻകുമാർ, ദേവപ്പനായ്ക്, പരേതനായ മധുസൂദന ഭട്ട് എന്നിവർ ചേർന്ന് മുളിയാർ ബോവിക്കാനമടക്കമുള്ള പ്രദേശങ്ങളിൽ എൻഡോസൾഫാൻ തളി നിർത്തണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്തു. 
താൽക്കാലികമായി എൻഡോസൾഫാൻ പ്രയോഗം കോടതി നിരോധിച്ചു. സ്ഥിരമായി നിരോധിക്കാനായി ഡോ. മോഹൻകുമാർ 2001 ൽ ഹൈക്കോടതിയിലും അന്യായം ഫയൽ ചെയ്തു. എറണാകുളം തിരുവാംകുളത്തെ നേച്ചർ ലവേഴ്സ് മൂവ്മെന്റും ഹൈക്കോടതിയിൽ അന്യായം ഫയൽ ചെയ്തു.  തണൽ എന്ന സംഘടന എല്ലാവിധ സാങ്കേതിക സഹായങ്ങളും കേസിന് നൽകി.  സൗജന്യമായി വാദിക്കാൻ അഡ്വ. ഡെയ്സി തമ്പിയും തയാറായി. അങ്ങനെയാണ് 2002 ൽ എൻഡോസൾഫാൻ തളിക്കുന്നത് കേരള ഹൈക്കോടതി താൽക്കാലികമായി നിരോധിച്ചത്. കാസർകോട്ടെ പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റുകളിൽ സൂക്ഷിച്ച 1500 ഓളം ലിറ്റർ എൻഡോസൾഫാൻ ഹൈക്കോടതി ഉത്തരവ് പ്രകാരം ജില്ലാ കലക്ടറുടെ മേൽനോട്ടത്തിൽ സീൽ ചെയ്ത് സൂക്ഷിക്കുകയും ചെയ്തു.  2006 വരെ ആ സ്ഥിതി തുടർന്നു. 2006 ൽ കേന്ദ്ര സംഘത്തിന്റെ പഠന റിപ്പോർട്ട് പുറത്തു വന്നു. ജനങ്ങളുടെ ഭീതിയും മറ്റും കണക്കിലെടുത്ത് കേരള സർക്കാർ ഒരു സർക്കുലറിലൂടെ എൻഡോസൾഫാൻ തളി നിരോധിച്ചു. 
ഡി.വൈ.എഫ്.ഐ സുപ്രീം കോടതിയിൽ എൻഡോസൾഫാൻ നിരോധിക്കണമെന്നാവശ്യപ്പെട്ട് അന്യായം ഫയൽ ചെയ്തതിനെത്തുടർന്ന് 2011 മെയ് 13 മുതൽ എട്ടാഴ്ചത്തേക്ക് എൻഡോസൾഫാൻ വിൽപനയും ഉപയോഗവും രാജ്യമാകെ നിരോധിച്ചു. ജീവിക്കാനുള്ള മനുഷ്യന്റെ അവകാശവും സ്വാതന്ത്ര്യവും വ്യക്തമാക്കുന്ന ഭരണഘടനയുടെ 21 ാം അനുഛേദപ്രകാരമുള്ള മുൻ ഉത്തരവുകളുടെ അടിസ്ഥാനത്തിലും മുൻകരുതലിന്റെ ഭാഗവുമായിരുന്നു ആ വിധി. അതോടൊപ്പം എൻഡോസൾഫാന്റെ ദോഷഫലങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ, കാർഷിക കമ്മീഷണർ എന്നിവരുടെ നേതൃത്വത്തിൽ രണ്ട് പഠന സമിതികൾ രൂപീകരിക്കുകയും അവയുടെ ഏകോപിത റിപ്പോർട്ട് എട്ടാഴ്ചക്കുള്ളിൽ സുപ്രീം കോടതിക്ക് സമർപ്പിക്കണമെന്ന് നിർദേശം നൽകുകയും ചെയ്തു. നിരോധനത്തിനെതിരായി കേന്ദ്ര ഗവൺമെന്റ് വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല, എൻഡോസൾഫാൻ ഉൽപാദനത്തിനായുള്ള ലൈസൻസുകൾ മരവിപ്പിക്കുകയും ചെയ്തു. 2011 സെപ്റ്റംബർ 30 നുണ്ടായ അന്തിമ വിധിയിൽ എൻഡോസൾഫാൻ ഉൽപാദനവും ഉപയോഗവും രാജ്യത്ത് സമ്പൂർണമായി നിരോധിച്ചു. 
ഇതെല്ലാം നടക്കുമ്പോൾ സമാന്തരമായി ജനകീയ പ്രക്ഷോഭങ്ങളും നടന്നിരുന്നു. ആ ചരിത്രത്തിലേക്ക് പോകുന്നില്ല. ലോകത്ത് പലയിടത്തും എൻഡോസൾഫാൻ നിരോധിക്കാൻ ഈ പ്രക്ഷോഭങ്ങൾ കാരണമാവുകയും ചെയ്തു. വർഷങ്ങളേറെ കഴിഞ്ഞിട്ടും ഇരകൾ ന്യായമായ നഷ്ടപരിഹാരത്തിനായുള്ള പോരാട്ടം ഇപ്പോഴും തുടരുകയാണ്. ഈ ഘട്ടത്തിലാണ് എൻഡോസൾഫാന് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്ന പ്രചാരണം വ്യാപകമാകുന്നതെന്നത് തീർത്തും നിരാശാജനകമാണ്. 

Latest News