കൊണ്ടോട്ടി - കരിപ്പൂർ വിമാനത്താവളത്തിൽ ശനിയാഴ്ച രാത്രി അടിയന്തര ലാൻഡിംഗ് നടത്തിയ ജെറ്റ് എയർവേയ്‌സ് വിമാനം തകരാർ പരിഹരിച്ച് പറന്നു. വിമാനത്തിന്റെ ചക്രത്തിനോട് ചേർന്ന പാനൽ തകരാറായതിനെ തുടർന്നാണ് ശനിയാഴ്ച രാത്രി വിമാനം അടിയന്തര ലാന്റിംഗ് നടത്തിയത്.
വിമാനം ദോഹയിൽനിന്ന് പുറപ്പെട്ടപ്പോഴാണ് വിമാനത്തിന് പൈലറ്റ് തകരാർ കണ്ടത്. തുടർന്ന് കരിപ്പൂർ എയർട്രാഫിക് കൺട്രോളിൽ വിവരം അറിയിച്ച് അടിയന്തര ലാൻഡിംഗിനുളള സാഹചര്യം ഒരുക്കുകയായിരുന്നു. പിന്നീട് എൻജിനീയറിംഗ് വിഭാഗം നടത്തിയ പരിശോധനയിലാണ് ചക്രത്തിനോട് ചേർന്ന പാനൽ തകരാറിലായതായി കണ്ടെത്തിയത്. തുടർന്ന് ദോഹയിലേക്കുളള തുടർസർവ്വീസ് റദ്ദാക്കി. തകരാർ പരിഹരിക്കാനായി മുംബൈയിൽനിന്ന് വിദഗ്ധരെത്തിയിരുന്നു. തുടർന്ന് വിമാനം തിങ്കളാഴ്ച പുലർച്ചെയാണ് പുറപ്പെട്ടത്. വിമാന കമ്പനിക്ക് ഇതുവഴി ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായത്.






