പ്രേതബാധ ഒഴിപ്പിക്കാന്‍ മകളെ കാറില്‍ ഉപേക്ഷിച്ച അമ്മയ്ക്ക് 24 വര്‍ഷം തടവ് 

ലോസ് ഏഞ്ചല്‍സ്-പ്രേതബാധ ഒഴിപ്പിക്കാനായി കാറില്‍ ഉപേക്ഷിച്ച മകള്‍ മരിച്ച സംഭവത്തില്‍ അമ്മയെ 24 വര്‍ഷം തടവിന് ശിക്ഷിച്ചു. മണിക്കൂറുകളോളം പൊരിവെയിലത്ത് കിടന്ന് ചൂടേറ്റാണ് മൂന്ന് വയസ്സുകാരി മൈയ മരിച്ചത്. മാതാവ് ഏയ്ഞ്ചല ഫാക്കിനിനാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതിശ്രുത വരന്‍ ഉത്‌വാന്‍ സ്മിത്തിന്റേയും വിചാരണ ഉടന്‍ ആരംഭിക്കും. പുറത്തേയും കാറിനുള്ളിലേയും ചൂടില്‍ 13 മണിക്കൂറോളമാണ് കുട്ടി കഴിഞ്ഞത്. മകളുടെ പ്രേതബാധ ഒഴിപ്പിക്കാനാണ് താനും ഉത്‌വാനും ശ്രമിച്ചതെന്ന് യുവതി പോലീസിനോട് വ്യക്തമാക്കിയത്.
ഏയ്ഞ്ചലയും ഉത്വാനും ഒരുമിച്ചായിരുന്നു താമസം. മിക്കസമയവും കാറിലാണു കഴിഞ്ഞിരുന്നത്. 2017 ജൂണില്‍ കടുത്ത വേനലില്‍ രണ്ടാഴ്ചയോളം മൂന്നു വയസ്സുകാരി മകളുമായി ഇവര്‍ കാറിനുള്ളില്‍ത്തന്നെ കഴിഞ്ഞുകൂടി. പിന്നീട് സാന്‍ ഫ്രാന്‍സിസ്‌കോയുടെ വടക്ക് റാഞ്ചോ കൊര്‍ഡോവയില്‍ ഇവരുടെ എസ്‌യുവി തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തതിന് ഏയ്ഞ്ചലയെയും ഉത്വാനെയും പൊലീസ് അറസ്റ്റ് ചെയ്തു. കാറിന്റെ ഉള്‍വശം വിശദമായി തിരഞ്ഞപ്പോള്‍ പിന്‍സീറ്റിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം. അങ്ങനെയാണു കുഞ്ഞിന്റെ മരണം പുറത്തറിഞ്ഞതും കൊലക്കുറ്റത്തിനു കേസെടുത്തതും.

Latest News