Sorry, you need to enable JavaScript to visit this website.

സൗദിയിലെ ആശുപത്രികളില്‍ ഒഴിവെന്ന് വ്യാജ പരസ്യം; അന്വേഷണം തുടങ്ങി

റിയാദ്- ജോർദാനിൽ പ്രസിദ്ധീകരിച്ച നിയമ വിരുദ്ധ തൊഴിൽ പരസ്യത്തിൽ അന്വേഷണം നടത്തുന്നതായി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സൗദിയിലെ പ്രധാന  ആശുപത്രിയിൽ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് ജോർദാനിൽ നിന്നുള്ളവരെ തേടുന്ന പരസ്യം ജോർദാൻ ഔദ്യോഗിക വാർത്താ ഏജൻസി പെട്ര വഴി ജോർദാൻ തൊഴിൽ മന്ത്രാലയമാണ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചത്. 
ഈ പരസ്യം സൗദിയിലെ തൊഴിൽ നിയമങ്ങൾക്ക് വിരുദ്ധമാണെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. 
വ്യത്യസ്ത തൊഴിൽ മേഖലകളിൽ സൗദിവൽക്കരണം വ്യാപകമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികളും തീരുമാനങ്ങളും നടപ്പാക്കുന്നത് തുടരുകയാണെന്നും മന്ത്രാലയം പറഞ്ഞു. സൗദിയിലെ പ്രധാന ആശുപത്രിയിൽ ഉന്നത തസ്തികകളിൽ നിയമിക്കുന്നതിന് എട്ടു പേരെ തേടുന്നതായാണ് ജോർദാൻ തൊഴിൽ മന്ത്രാലയം പരസ്യം ചെയ്തത്. 
കൂടാതെ കുവൈത്തിലെ ഹോട്ടലിലും തൊഴിലവസരങ്ങളുള്ളതായി പരസ്യം പറഞ്ഞു. 
സൗദിയിലെ പ്രമുഖ ആശുപത്രിയിൽ ജനറൽ മാനേജർ, എക്‌സിക്യൂട്ടീവ് മാനേജർ, ഡെപ്യൂട്ടി എക്‌സിക്യൂട്ടീവ് മാനേജർ, ലാബ് വിഭാഗം മേധാവി, എക്‌സ്‌റേ വിഭാഗം മേധാവി, ഫിനാൻസ് മാനേജർ, ഫിനാൻസ് സൂപ്പർവൈസർ, റിസോഴ്‌സ്-സ്റ്റോർ മാനേജർ എന്നീ തസ്തികകളിൽ നിയമിക്കപ്പെടുന്നതിന് യോഗ്യരായ ജോർദാനികളെ തേടിയാണ് ജോർദാൻ തൊഴിൽ മന്ത്രാലയം ഔദ്യോഗിക വാർത്താ ഏജൻസിയായ പെട്രയിൽ പരസ്യം ചെയ്തത്. തൊഴിൽ ആഗ്രഹിക്കുന്നവർ തങ്ങളുടെ സി.വി ജോർദാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇ-മെയിലിലേക്ക് ഒരാഴ്ചക്കകം അയക്കണമെന്നും പരസ്യം ആവശ്യപ്പെട്ടു. 
സൗദി അറേബ്യയിൽ ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് പരസ്യം ചെയ്യുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രത്യേക പോർട്ടൽ ആരംഭിച്ചിട്ടുണ്ട്. 
വിദേശങ്ങളിൽ നിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിന് വിസാ അപേക്ഷ സമർപ്പിക്കുന്നതിനു മുമ്പായി ലഭ്യമായ തൊഴിലവസരങ്ങളെ കുറിച്ച് സ്ഥാപനങ്ങൾ താഖാത്ത് പോർട്ടലിൽ നിശ്ചിത കാലം പരസ്യപ്പെടുത്തൽ നിർബന്ധമാണ്. പോർട്ടലിൽ പരസ്യപ്പെടുത്തിയിട്ടും തൊഴിലവസരങ്ങളിൽ നിയമിക്കുന്നതിന് യോഗ്യരായ സ്വദേശികളെ കിട്ടാനില്ലെന്ന് ഉറപ്പു വരുത്തിയ ശേഷം മാത്രമാണ് സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വിസകൾ അനുവദിക്കുക. 
നിരവധി ഉന്നത തസ്തികകൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പൂർണമായും സൗദിവൽക്കരിച്ചിട്ടുമുണ്ട്. ഈ തസ്തികകളിൽ വിദേശികളെ നിയമിക്കുന്നതിന് വിലക്കുണ്ട്. 

 

Latest News