Sorry, you need to enable JavaScript to visit this website.

ഇന്തോനേഷ്യൻ കടലിടുക്കിൽ കുടുങ്ങിയ കപ്പലിലെ  ആറ് മലയാളികളെ രക്ഷപ്പെടുത്താൻ ആരുമില്ല

ഇന്തോനേഷ്യയിലെ കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന എം.ടി ആഫ്ര ഓക്ക് കപ്പലിലെ ജീവനക്കാർ അയച്ച ഫോട്ടോ

കണ്ണൂർ - അഞ്ചു മാസത്തിലേറെയായി ഇന്തോനേഷ്യൻ കടലിടുക്കിൽ രാജ്യാതിർത്തി തർക്കത്തിൽ അകപ്പെട്ടു കിടക്കുന്ന എം.ടി ആഫ്‌റ ഓക്ക് എന്ന കപ്പലിൽ കുടുങ്ങിക്കിടക്കുന്ന ആറ് മലയാളികളെ രക്ഷപ്പെടുത്താൻ അധികൃതർ ഇതുവരെ യാതൊന്നും ചെയ്തിട്ടില്ലെന്ന് ആൾ കേരള സീമെൻസ്അസോസിയേഷൻ ആരോപിച്ചു. 
ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് ഈ കപ്പൽ രാജ്യാതിർത്തി ലംഘിച്ചുവെന്ന കുറ്റത്തിന് പിടിച്ചു വെച്ചിരിക്കുന്നത്. മാസങ്ങളായിട്ടും ഇവരുടെ മോചനം സാധ്യമായിട്ടില്ല. ഇവർക്കിപ്പോൾ ഭക്ഷണം പോലും കൃത്യമായി ലഭിക്കാത്ത അവസ്ഥയാണ്. 
മലയാളിയായ കേന്ദ്ര വിദേശകാര്യ മന്ത്രി ഉണ്ടായിട്ടും ഇവരുടെ കാര്യത്തിൽ കേന്ദ്ര സർക്കാരോ ബന്ധപ്പെട്ട എംബസികളോ ഇതുവരെ ഇടപെടുകയോ സഹായം ചെയ്യുകയോ ചെയ്തിട്ടില്ല. രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങളിൽ ബലിയാടാവുന്നത് കപ്പൽ ജീവനക്കാരാണ്.
ഹോർമുസ് കടലിടുക്കിലും ജിബ്രാൾട്ടർ കടലിടുക്കിലും ബ്രിട്ടൺ, ഇറാൻ എന്നീ രാഷ്ട്രങ്ങളുടെ വിദേശ നയ തർക്കത്തിന്റെ ഫലമായി പിടിച്ചെടുക്കപ്പെട്ട കപ്പലുകളിലെ ജീവനക്കാരെ മനുഷ്യാവകാശം പരിഗണിച്ചു വിട്ടയക്കണമെന്ന് നമ്മുടെ വിദേശ കാര്യ മന്ത്രാലയം ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇവരുടെ മോചനം ഇതുവരെ സാധ്യമായിട്ടില്ല. 
ഇന്ത്യക്കാരായ പതിനെട്ടു പേരാണ് ഇരു കപ്പലുകളിലുമായി ഉള്ളത്. ഇവരുടെ ജീവൻ ആശങ്കയിലാണ്. ഇതിനു പുറമെ, രാജ്യാതിർത്തി തർക്കത്തിൽ  കടലിലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന എം.ടി മസാൽ എന്ന കമ്പനിയിൽ കൊച്ചി സ്വദേശിയായ ഒരു ജീവനക്കാരനുണ്ട്. ഇദ്ദേഹത്തിന്റെ മോചനവും സാധ്യമാക്കണം. ഇറാനിൽ രജിസ്റ്റർ ചെയ്ത ഈ കപ്പൽ, പിടിച്ചെടുക്കൽ ഭയന്ന് നടുക്കടലിൽ മറ്റൊരു രാജ്യത്തിന്റെ രജിസ്‌ട്രേഷൻ സ്വീകരിച്ചിരിക്കയാണ്. ഇതോടെ ഇതിലെ തൊഴിലാളികളടക്കം കുരുക്കിലായിരിക്കയാണ്. 
വിദേശ കപ്പിലിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ ജീവനു ഭരണകൂടം യാതൊരു വിലയും കൽപിക്കുന്നതില്ലെന്നതിനുദാഹരണമാണ് ഈ സംഭവങ്ങൾ. കേന്ദ്രത്തിന്റെ കാര്യമാണെന്നു പറഞ്ഞ് സംസ്ഥാന സർക്കാരും കൈയൊഴിയുകയാണ്. രാഷ്ട്രീയ - തൊഴിൽ സംഘടനകളുടെ പിൻബലമില്ലാത്തതിനാൽ ഇവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരും തയാറാവുന്നില്ല. അഞ്ചു മാസത്തിലേറെയായി കപ്പലിൽ കുടുങ്ങിക്കിടക്കുന്നവരുടെ കുടുംബാംഗങ്ങൾ വളരെ ആശങ്കയിലാണ്. അതിനാൽ ഇവരെ മോചിപ്പിക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ അനിവാര്യമാണെന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി സലിം പറമ്പത്ത് ആവശ്യപ്പെട്ടു. 

Latest News