റിയാസ് മൗലവി വധം: പ്രതികൾക്കെതിരെ  യു.എ.പി.എ ചുമത്താൻ വീണ്ടും ഹരജി 

റിയാസ് മൗലവി

കാസർകോട്- ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ഭാര്യ കുടക് ഹൊഡബയൽ സ്വദേശിനി എം.ഇ സൈദ, അഡ്വ. സി. ഷുക്കൂർ മുഖേന ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഹരജി നൽകി. 
നേരത്തെ ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഹരജി ഫയലിൽ സ്വീകരിച്ച കോടതി സർക്കാറിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. 
എന്നാൽ യു.എ.പി.എയിൽ സർക്കാർ വിശദമായ മറുപടി നൽകിയില്ല. ആവശ്യമാണെങ്കിൽ വിചാരണ കോടതിക്ക് ഈ വിഷയത്തിൽ നടപടി സ്വീകരിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും ഹരജി നൽകിയത്. അടുത്ത മാസം 14 ന് പരിഗണിക്കും. അതേ സമയം റിയാസ് മൗലവിയുടെ കേസ് പരിഗണിക്കുന്നത് കോടതി അടുത്ത മാസം 14 ലേക്ക് മാറ്റി. 
ബി.എസ്.എൻ.എല്ലിന്റെ നോഡൽ ഓഫീസറും മറ്റൊരു ഉദ്യോഗസ്ഥനും കേസ് പരിഗണിച്ചപ്പോൾ ഹാജരാവാത്തതിനെ തുടർന്നാണ് 14 ലേക്ക് മാറ്റിയത്. കർണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാർച്ച് 21 ന് പുലർച്ചെയാണ് ചൂരി ജുമാ മസ്ജിദിലെ താമസ സ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആർ.എസ്.എസ് പ്രവർത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിൻ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖിൽ (25) എന്നിവരാണ് കേസിലെ പ്രതികൾ. പ്രതികൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കേസിൽ 90 ദിവസത്തിന് മുമ്പ് 1000 പേജുള്ള കുറ്റപ്പത്രം സമർപ്പിച്ചത്. തളിപ്പറമ്പ് സിഐയും ഇപ്പോൾ കാഞ്ഞങ്ങാട് ഡിവൈ.എസ്.പിയുമായ പി.കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

Latest News