Sorry, you need to enable JavaScript to visit this website.

കഅ്ബയുടെ ചരിത്രം എത്രപേര്‍ക്കറിയാം?

പ്രപഞ്ച സ്രഷ്ടാവിലേക്കുള്ള ആത്മ സഞ്ചാരത്തിന്റെ ദിശാസൂചികയായി നിലകൊള്ളുന്ന വിശുദ്ധ കഅ്ബാലയത്തിന് അനന്തകാലത്തിന്റെ കഥ പറയാനുണ്ട്. അല്ലാഹുവിനെ ആരാധിക്കാന്‍ ഭൂമിയില്‍ നിര്‍മിച്ച ആദ്യ ഭവനമായ ഈ പുണ്യകേന്ദ്രം ഇബ്‌റാഹീം നബി (അ)യുടെയും ഇസ്മാഈല്‍ നബി(അ)യുടെയും കാലത്തോടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയും വിശ്വാസി ജനത ഇവിടേക്ക് തീര്‍ഥാടനം തുടരുകയും ചെയ്തു.
നൂഹ് നബി(അ)യുടെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തിന് ശേഷമാണ് ഇബ്രാഹീം നബി(അ) കഅ്ബ പുതുക്കിപ്പണിതത്. അല്ലാഹുവിന്റെ നിര്‍ദേശപ്രകാരം മകന്‍ ഇസ്മാഈലിന്റെ സഹായത്തോടെ കല്ലുകള്‍ ഒന്നിന് പിറകെ ഒന്നായി അടുക്കി വെച്ച് ചുമരുകള്‍ തീര്‍ത്ത് അവര്‍ കഅബ പണിതു.  മേല്‍കൂര ഇല്ലാതെ വാതിലിനുള്ള ഭാഗം ഒഴിച്ചിട്ടായിരുന്നു നിര്‍മാണം പൂര്‍ത്തിയാക്കിയത്.
ഈ പുണ്യഗേഹത്തിന്റെ നിര്‍മാണത്തെയും പുനര്‍നിര്‍മാണത്തെയും കുറിച്ച് ചരിത്രകാരന്മാര്‍ക്കിടയില്‍ അഭിപ്രായാന്തരമുണ്ട്. മലക്കുകളാണ് കഅ്ബയുടെ ആദ്യ ശില്‍പികളെന്ന് ചില പണ്ഡിതര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. സ്വര്‍ഗത്തില്‍ നിന്ന് ബഹിഷ്‌കൃതനായ ആദം നബി മലക്കുകളുടെ സഹായത്തോടെ കഅ്ബ പുനര്‍ നിര്‍മിക്കുകയും ജീവിതാന്ത്യം വരെ അവിടെ ധ്യാന നിമഗ്നനാവുകയും ചെയ്തുവെന്നും പറയപ്പെടുന്നു. ആദം നബിക്ക് ശേഷം മകന്‍ ശീസ് നബിയും കഅ്ബ പുനര്‍നിര്‍മാണം നടത്തിയിരുന്നു. നൂഹ് നബിയുടെ കാലത്തെ പ്രളയത്തില്‍ കഅ്ബ പൂര്‍ണമായും തകര്‍ന്ന് മണ്‍കൂനയായി അവശേഷിച്ചു. ഇബ്രാഹീം നബി പുനര്‍നിര്‍മിക്കുന്നതുവരെ ഇതായിരുന്നു കഅ്ബയുടെ സ്ഥിതി.
സിറിയയില്‍ താമസിക്കുന്ന സമയത്താണ് ഭാര്യ ഹാജറയെയും കൈകുഞ്ഞായ മകന്‍ ഇസ്മാഈലിനെയും അല്ലാഹുവിന്റെ കല്‍പന പ്രകാരം മക്കയിലേക്ക് കൊണ്ടുവന്നതും അവിടെ അവരെ തനിച്ചാക്കി അദ്ദേഹം സിറിയയിലേക്ക് മടങ്ങിയതും. ഇടക്കിടെ മക്കയില്‍ വന്ന് ഭാര്യയെയും മകനെയും കാണുകയും തിരിച്ചുപോവുകയും ചെയ്യാറുണ്ടായിരുന്നു. ഇസ്മാഈല്‍ യുവത്വത്തിലേക്ക് കാലെടുത്തുവെച്ചപ്പോഴായിരുന്നു കഅ്ബ പുനര്‍നിര്‍മിക്കാനുള്ള അല്ലാഹുവിന്റെ നിര്‍ദേശമെത്തിയത്. ഇക്കാര്യം മകനുമായി പങ്കുവെച്ച് ഇരുവരും ആ മഹാദൗത്യത്തിനായി ഇറങ്ങിത്തിരിച്ചു. ഹിറാ, ജൂദി, ലബനാന്‍, തൂര്‍ സീനാ, തൂര്‍ സൈതാ എന്നിവിടങ്ങളിലെ കല്ലുകളാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഇസ്മാഈല്‍ നബി (അ) കല്ലുകള്‍ ചുമന്നുകൊണ്ടുവരികയും ഇബ്രാഹീം നബി (അ) പടവുജോലി നിര്‍വഹിക്കുകയും ചെയ്തു. ഉയരം കൂടിയപ്പോള്‍ ഇസ്മാഈല്‍ നബി (അ) കൊണ്ടുവന്ന ചവിട്ടിനില്‍ക്കാനുള്ള കല്ലാണ് മഖാമു ഇബ്രാഹീം എന്ന പേരിലറിയപ്പെടുന്നത്.
കല്ല് അന്വേഷിച്ചു ഇസ്മാഈല്‍ നബി പുറപ്പെട്ട സമയമാണ് ജിബ്‌രീല്‍ ഹജറുല്‍ അസ്‌വദുമായി എത്തിയത്. പ്രളയകാലത്ത് അബൂഖുബൈസ് മലയില്‍ സൂക്ഷിക്കപ്പെട്ട ഈ സ്വര്‍ഗീയ ശിലയെ ഇബ്‌റാഹീം നബി(അ) യഥാര്‍ത്ഥ സ്ഥാനത്ത് പ്രതിഷ്ഠിച്ചു. പലതവണകളിലായി ആവര്‍ത്തിച്ച തീപിടിത്തം കാരണമാണ് ആ കല്ലിന് കറുത്ത നിറം വന്നത്.
കഅ്ബയുടെ അനുബന്ധമായി ഇസ്മാഈലി (അ)ന്റെ ആടുകളെ സംരക്ഷിക്കാനായി ഒരു തമ്പും ഇബ്‌റാഹീം(അ) പണിതിരുന്നു. അതാണ് ഹിജ്‌റ് ഇസ്മാഈല്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. കഅ്ബയിലേക്ക് വരുന്ന ഹദ്‌യകള്‍ സൂക്ഷിക്കാന്‍ വേണ്ടി അതിനകത്ത് വലതുഭാഗത്തായി ഒരു ഭൂഗര്‍ഭ അറയും അദ്ദേഹം സംവിധാനിച്ചു. ഖുറൈശികള്‍ ആരാധിക്കുകയും പ്രസാദിപ്പിക്കുകയും ചെയ്തിരുന്ന ഹുബ്ല്‍ എന്ന പ്രതിഷ്ഠയെ സ്ഥാപിച്ചിരുന്നത് അതിന്മേലായിരുന്നു. കഅ്ബ പണി പൂര്‍ത്തീകരണ ശേഷം ഇബ്‌റാഹീം(അ) അല്ലാഹുവിന്റെ കല്‍പന പ്രകാരം അബൂഖുബൈസ് മലമുകളില്‍ കയറി ലോക ജനതയോട് ഹജ്ജിനു വേണ്ടി വിളംബരം ചെയ്യുകയും ചെയ്തു.
130 ാം വയസ്സില്‍ അന്ത്യയാത്രയാകുന്നതുവരെ കഅ്ബയുടെ സംരക്ഷണം ഇസ്മാഈല്‍ നബിയുടെ കൈകളിലായിരുന്നു. പിന്നീട് മക്കളുടെയും അമാലിഖ, ജുര്‍ഹൂം ഗോത്രക്കാരുടെയും സംരക്ഷണാധികാരത്തിലായി. അതിനിടെ യമനില്‍ നിന്നൊരു സംഘമെത്തി ജുര്‍ഹൂംകാരെ ആട്ടിയോടിച്ച് മക്കയുടെ അധികാരം പിടിച്ചടക്കി. അനേകം യമനി കുടുംബങ്ങള്‍ മക്കയുടെ ആധിപത്യം പിടിച്ചടക്കിയിരുന്നു. അവരിലെ ഖുസാഅ ഗോത്രം മക്കയില്‍ തന്നെ ഉറച്ചുനിന്നു. ഏതാനും കാലങ്ങള്‍ക്ക് ശേഷം ഇസ്മാഈല്‍ കുടുംബം മക്കയില്‍ തിരിച്ചെത്തി ഖുസാഅ ഗോത്രക്കാരുടെ അനുമതി പ്രകാരം അവിടെ താമസം തുടങ്ങി. അപ്പോഴും കഅ്ബാ സംരക്ഷണവും മക്കയുടെ അധികാരവും ഖുസാഅ ഗോത്രത്തിനു തന്നെയായിരുന്നു.
ഖുസാഅ ഗോത്രത്തിലെ ലുഹയ്യ് എന്നയാള്‍ ആമിറുബ്‌നു അംറിന്റെ മകള്‍ ഫുഹൈറയെ വിവാഹം കഴിച്ചു. അതില്‍ ജനിച്ച കുട്ടിയാണ് അംറ്. ഇദ്ദേഹമാണ് മക്കയില്‍ ബിംബാരാധനയുടെ വിത്ത് പാകിയത്. അംറുബ്‌നു ലുഹയ്യിന്റെ സന്താന പരമ്പരയാണ് 300 വര്‍ഷം കഅ്ബയുടെ അധികാരം നിലനിര്‍ത്തിയത്.
ഖുസാഅ ഗോത്രവുമായി വിവാഹ ബന്ധം സ്ഥാപിച്ചതുവഴി ഖുറൈശിയും നബിയുടെ പിതാമഹന്മാരിലൊരാളുമായ ഖുസയ്യില്‍ അധികാരമെത്തി. ഈ സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടന്നിരുന്ന ഖുറൈശി കുടുംബം മക്കയിലെത്തുകയായിരുന്നു. ഖുസയ്യ് കഅ്ബ പൊളിച്ച് കൂടുതല്‍ ഉറപ്പായി നിര്‍മിക്കുകയും മരവും ഈത്തപ്പനത്തടികളുമുപയോഗിച്ച് അതിന് മേല്‍ക്കുരയുണ്ടാക്കുകയും ചെയ്തു. സമീപത്തുതന്നെ തന്റെ കൂടിയാലോചനാമന്ദിരമായി 'ദാറുന്നദ്‌വ'യും അദ്ദേഹം നിര്‍മിച്ചു. ഖുസയ്യിന്റെ സന്താനപരമ്പരയില്‍ പെട്ടവരായിരുന്നു പിന്നീട് കഅ്ബ സംരക്ഷിച്ചത്. നബിയുടെ ജനനത്തിന് തൊട്ടുമുമ്പ് യമനിലെ ഭരണാധികാരി കഅ്ബ പൊളിക്കാന്‍ നടത്തിയ ശ്രമം അല്ലാഹുവിന്റെ പ്രത്യേക സഹായത്താല്‍ പരാജയപ്പെട്ട സംഭവം ഖുര്‍ആന്‍ പ്രതിപാദിക്കുന്നുണ്ട്. ഇതുകാരണം കഅ്ബ പൂര്‍വാധികം പ്രശസ്തമായി.
നബിയുടെ കുട്ടിക്കാലത്ത് കാലപ്പഴക്കത്തില്‍ ക്ഷയിച്ചുകൊണ്ടിരുന്ന കഅ്ബ പുനര്‍നിര്‍മിക്കാന്‍ ഖുറൈശികള്‍ തീരുമാനിച്ചു. നിര്‍മാണം പുരോഗമിക്കുന്നതിനിടെ ഹജറുല്‍ അസ്‌വദ് സ്ഥാപിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചത് പ്രവാചകരായിരുന്നു. അനുവദനീയമായ പണം തികയാതെ വന്നപ്പോള്‍ കഅ്ബയുടെ വടക്കു ഭാഗം മൂന്ന് മീറ്റര്‍ ഒഴിവാക്കി നിര്‍മാണം പൂര്‍ത്തിയാക്കി. അതോടൊപ്പം ചില പരിഷ്‌കരണങ്ങളും അവര്‍ വരുത്തിയിരുന്നു. പുണ്യഗേഹത്തിന്റെ ഉള്‍ഭാഗത്ത് തൂണുകളും മത്വാഫില്‍ നിന്ന് ഏകദേശം നാല് മുഴം ഉയരത്തില്‍ വാതിലും അതോടൊപ്പം മേല്‍കൂരയും മേല്‍കൂരയില്‍ നിന്ന് വെള്ളം താഴെ വീഴാന്‍ ഒരു പാത്തിയും സ്ഥാപിച്ചു.

 

 

Latest News