മാപ്പ് പറയണമെന്ന് ബി.ജെ.പി മന്ത്രിമാരും സ്പീക്കറും; രാജി വെച്ചോളാമെന്ന് അസംഖാന്‍

ന്യൂദല്‍ഹി- ബി.ജെ.പി എം.പി രമാദേവിയെ കുറിച്ച് സമാജ് വാദി പാര്‍ട്ടി എം.പി അസംഖാന്‍ നടത്തിയ പരാമര്‍ശം ലോക്‌സഭയില്‍ വിവാദത്തിനു കാരണമായി. സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭാവത്തില്‍ അധ്യക്ഷ സ്ഥാനത്തിരുന്ന രമാദേവിയെ കുറിച്ച് നടത്തിയ പരാമര്‍ശം രേഖകളില്‍നിന്ന് നീക്കിയെങ്കിലും മാപ്പു പറയണമെന്ന ബി.ജെ.പി എം.പിമാരുടെ ആവശ്യം അസംഖാന്‍ തള്ളി.
മുത്തലാഖ് ബില്ലിനെ കുറിച്ച് നടന്ന ചര്‍ച്ചയിലാണ് അസംഖാന്‍ വിവാദ പരാമര്‍ശം നടത്തിയത്. നിങ്ങള്‍ക്ക് എന്നെ എത്രമാത്രം ഇഷ്ടമാണെന്ന് നിങ്ങളുടെ കണ്ണുകള്‍ പറയുന്നുവെന്നാണ് അസം ഖാന്‍ പറഞ്ഞത്.
സഹോദരിയെ പോലെയാണ് കാണുന്നതെന്ന് അസംഖാന്‍ പറഞ്ഞെങ്കിലും മാപ്പ് പറയണമെന്ന് ബി.ജെ.പി എം.പിമാരും മന്ത്രിമാരും ആവശ്യപ്പെട്ടു.
അധ്യക്ഷയോട് അനാദരവ് കാണിച്ചിട്ടില്ലെന്ന് പറഞ്ഞ് അസംഖാന്റെ രക്ഷക്കെത്തിയ സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് ബി.ജെ.പി എം.പിമാരെ രൂക്ഷമായി വിമര്‍ശിച്ചു. ഒട്ടും മര്യാദയില്ലാതെയാണ് എം.പിമാര്‍ പെരുമാറുന്നതെന്നും അസംഖാനുനേരെ വിരല്‍ ചൂണ്ടി കയര്‍ക്കാന്‍ ഇവര്‍ ആരാണെന്നും അദ്ദേഹം ചോദിച്ചു.
ഇതിനു പിന്നാലെ, ബിഹാറിലെ ഷിയോഹറില്‍നിന്ന് മൂന്നാം തവണയും ലോക്‌സഭയിലെത്തിയ രമാദേവി പരാമര്‍ശങ്ങള്‍ പാര്‍ലമെന്ററി രേഖകളില്‍നിന്ന് നീക്കാന്‍ ആവശ്യപ്പെട്ടു. ഈ രീതിയിലല്ല സംസാരിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് അവര്‍ പരാമര്‍ശം നീക്കാന്‍ ആവശ്യപ്പെട്ടത്.
തുടര്‍ന്ന് അധ്യക്ഷ വേദിയിലെത്തിയ സ്പീക്കര്‍ ഓം ബിര്‍ള സംസാരിക്കുമ്പോള്‍ പാര്‍ലമെന്റാണെന്ന ബോധം വേണമെന്നും അസം ഖാന്‍ ക്ഷമ ചോദിക്കണമെന്നും പറഞ്ഞു. പരാമര്‍ശങ്ങള്‍ നീക്കാന്‍ എല്ലാവര്‍ക്കും ആവശ്യപ്പെടാമെങ്കിലും ഒരു തവണ പറഞ്ഞാല്‍ അക്കാര്യം പൊതുഇടത്തില്‍ നിലനില്‍ക്കുമെന്നും സ്പീക്കര്‍ പറഞ്ഞു.
മാപ്പു പറയില്ലെന്നും തന്റെ ഭാഷ അണ്‍പാര്‍ലമെന്ററിയാണെങ്കില്‍ രാജി സമര്‍പ്പിക്കാന്‍ തയാറാണെന്നും അസം ഖാന്‍ പറഞ്ഞു. ബി.ജെ.പി എം.പിമാരുടെ ബഹളത്തിനിടയില്‍ അദ്ദേഹം സഭയില്‍നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

 

Latest News