Sorry, you need to enable JavaScript to visit this website.

ഫോൺ നമ്പറുകൾ പരസ്യക്കാർക്ക് ; ഫേസ് ബുക്കിനെതിരെ എഫ്.ടി.സി കുറ്റപത്രം

ഫോൺ നമ്പറുകളും ഫേഷ്യൽ റെക്കഗ്നിഷനും ദുരുപയോഗം ചെയ്യുന്ന ഫേസ് ബുക്കിനെതിരെ അമേരിക്കയിലെ ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ്.ടി.സി) നടപടിക്കൊരുങ്ങുന്നു.
സുരക്ഷ ശക്തമാക്കുന്നതിനുള്ള റ്റു ഫാക്ടർ ഓതന്റിക്കേഷന്റെ ഭാഗമായി ഉപയോക്താക്കൾ നൽകുന്ന ഫോൺ നമ്പറുകൾ വഴി പരസ്യക്കാർ ഉപയോക്താക്കളെ ലക്ഷ്യമിടുന്നുവെന്നാണ് മുഖ്യ ആരോപണം. 
ഫോട്ടോകൾ ടാഗ് ചെയ്യാൻ അവസരമൊരുക്കുന്ന ഫേഷ്യൽ റെക്കഗ്നിഷൻ ടൂൾ ഓഫ് ചെയ്യാൻ സാധിക്കുമെന്നതിന് ഫേസ് ബുക്ക് വ്യക്തമായ വിവരങ്ങൾ നൽകുന്നില്ലെന്നും എഫ്.ടി.സി ആരോപിക്കുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. 
വ്യാപകമായ പരാതികൾ ഉയർന്നതിനാലാണ് ഫേസ്ബുക്കിന്റെ സ്വകാര്യതയുമായി ബന്ധപ്പെട്ട നയങ്ങൾ എഫ്.ടി.സി പരിശോധിക്കുന്നത്. 500 കോടി ഡോളർ പിഴ ചുമത്തി കേസ് അവസാനിപ്പിക്കുന്നതിന് എഫ്.ടി.സിയിൽ ധാരണയായെന്ന് കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുറത്തു വന്നിരുന്നുവെങ്കിലും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കമ്പനിയോട് മൃദുനിലപാടാണ് എഫ്.ടി.സി പുലർത്തുന്നതെന്ന ആരോപണം ശക്തമാണ്. എഫ്.ടി.സി സ്വീകരിക്കുന്ന തുടർ നടപടികളും ഫേസ്ബുക്കിന്റെ മുന്നോട്ടുള്ള പോക്കിൽ എന്തൊക്കെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് സാങ്കേതിക ലോകത്തെ നിരീക്ഷകർ ഉറ്റുനോക്കുന്നത്. 
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിലടക്കം ഫേസ് ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഉപയോഗിച്ചുവെന്ന പഴിയാണ് ഫേസ് ബുക്ക് നേരിട്ടിരുന്നത്. സമൂഹ മാധ്യമങ്ങളിൽ ഒന്നാം സ്ഥാനത്തായിരുന്ന ഫേസ് ബുക്കിനെതിരെ വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്ന വാദവുമായി രംഗത്തുള്ള പൗരാവകാശ പ്രവർത്തകർ വൻ വിമർശനമാണ് നടത്തിയിരുന്നത്.
ന്യൂസിലാൻഡിലെ ക്രൈസ്റ്റ്ചർച്ചിൽ മുസ്‌ലിം പള്ളികളിൽ വംശീയ ഭീകരൻ നടത്തിയ വെടിവെപ്പിന്റെ തത്സമയ സംപ്രേഷണം തടയുന്നതിൽ പരാജയപ്പെട്ടുവെന്ന ആരോപണവും ഫേസ്ബുക്ക് നേരിട്ടു.
സ്വകാര്യത സംരക്ഷിക്കാനും വിവരങ്ങൾ ചോരാതിരിക്കാനും പരമാവധി ശ്രമങ്ങൾ നടത്തുമെന്നും ഫേസ് ബുക്കും സി.ഇ.ഒ സക്കർബർഗും ആവർത്തിച്ച് ഉറപ്പു നൽകിയിരുന്നുവെങ്കിലും വിവിധ രാജ്യങ്ങളിൽ നഷ്ടപ്പെട്ട വിശ്വാസ്യത വീണ്ടെടുക്കാൻ കമ്പനി പാടുപെടുകയാണ്. 
ഉപയോക്താക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിന് ഏതൊക്കെ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് വെളിപ്പെടുത്താതെ, പ്രൈവസി സംരക്ഷിക്കാനുള്ള ഒപ്ഷനുകൾ വർധിപ്പിക്കുമെന്ന് മാത്രമാണ് കമ്പനി വ്യക്തമാക്കുന്നത്. ഇതാണ് ഫേഷ്യൽ റെക്കഗ്നിഷൻ അടക്കമുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് യു.എസ്. ഫെഡറൽ കമ്മീഷൻ ആവശ്യപ്പെടാൻ കാരണം. 
ഫേസ്ബുക്കിൽ കയറുന്ന വ്യാജന്മാരെ കണ്ടെത്താനും ഫെയ്ക്ക് അക്കൗണ്ടുകൾക്ക് പൂട്ടിടാനും മുമ്പത്തേതിലും കൂടുതലായി കമ്പനി ഇപ്പോൾ ശ്രമിക്കുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ മേൽനോട്ടത്തിനായി പുതിയ ടീമുകളെ നിയോഗിച്ചിട്ടുമുണ്ട്. 
ഫേസ് ബുക്കിൽ ഫെയ്ക്ക് അക്കൗണ്ടുകൾ തുറക്കാൻ ഇപ്പോൾ എളുപ്പമല്ല. സംശയം തോന്നിയാൽ നിങ്ങളുടെ ഫോട്ടോ കൂടി കൃത്യമായി വെരിഫൈ ചെയ്ത ശേഷമേ അക്കൗണ്ട് തുടർന്ന് ഉപയോഗിക്കാൻ അനുവദിക്കുകയുള്ളൂ.   
 

Latest News