Sorry, you need to enable JavaScript to visit this website.

വാട്‌സാപ്പ് മെസേജ് അയക്കുന്നതുപോലെ പണവും; പുതിയ സേവനം വര്‍ഷാവസാനം

ന്യൂദല്‍ഹി- വാട്‌സാപ്പിന്റെ പെയ്‌മെന്റ് സേവനം വര്‍ഷാവസാനത്തോടെ ഇന്ത്യയില്‍ ആരംഭിക്കും. 40 കോടയിലേറെ വാട്‌സാപ്പ് ഉപയോക്താക്കളുള്ള രാജ്യത്ത് ഒരു വര്‍ഷം മുമ്പ് തന്നെ ഈ സേവനം പരീക്ഷണാര്‍ഥം തുടങ്ങിയിരുന്നു.
ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സാപ്പ് കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ പത്ത് ലക്ഷം ഉപയോക്താക്കള്‍ക്കിടയില്‍ പേയ്‌മെന്റ് സേവനം പരീക്ഷിച്ചു കൊണ്ടിരിക്കയാണെങ്കിലും റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിക്കാത്തതിനാല്‍ പൂര്‍ണതോതില്‍ ആരംഭിച്ചിട്ടില്ല.  
ഒരു പ്ലാറ്റ്‌ഫോമില്‍നിന്ന് മറ്റൊന്നിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നത് പോലെ പണം അയക്കുന്നതും എളുപ്പമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന്  വാട്‌സാപ്പ് ഗ്ലോബല്‍ മേധാവി വില്‍ കാത്കാര്‍ട്ട്  പറഞ്ഞു.
ഇന്ത്യയിലെ ബാങ്കുകളുമായി ചേര്‍ന്ന് യുപിഐ നിലവാരത്തിലുള്ള പെയ്‌മെന്റ് സംവിധാനമാണ് സ്ഥാപിച്ചിരിക്കുന്നതെന്നും  ന്ത്യയില്‍ അതിവേഗം പുരോഗമിക്കുന്ന ഡിജിറ്റല്‍  ഇക്കണോമിയില്‍ കൂടുതല്‍ ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.  ഇനിയും കാത്തിരിക്കേണ്ടിവരില്ലെന്നും വര്‍ഷാവസാനത്തോടെ പൂര്‍ണ തോതില്‍ പെയ്‌മെന്റ് സംവിധാനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍, ആര്‍.ബി.ഐയില്‍നിന്ന് വ്യക്തമായ അനുമതി ലഭിച്ചിട്ടുണ്ടോയെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. പേടിഎം, ഫോണ്‍പെ, ഗൂഗിള്‍പേ എന്നിവയോടാണ് ഇന്ത്യയില്‍ വാട്‌സാപ്പ് പെയ്‌മെന്റ് സേവനത്തിനു മത്സരിക്കാനുള്ളത്. കമ്പനിക്ക് ആഗോളാടിസ്ഥാനത്തില്‍ 150 കോടി ഉപയോക്താക്കളുണ്ട്. ഇന്ത്യക്കു പുറമെ, മറ്റു രാജ്യങ്ങളിലെ വിപണികളിലും പേയ്‌മെന്റ് സേവനം ലഭ്യമാക്കാന്‍ വാട്‌സാപ്പ് ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയില്‍ വാട്‌സാപ്പിന്റെ സ്വപ്‌ന പദ്ധതിയായ പേയ്‌മെന്റ് സേവനങ്ങളുടെ ബ്ലൂപ്രിന്റ് നേരത്തെ തന്നെ പുറത്തിറക്കിയെങ്കിലും കമ്പനിക്കുന്ന ഡാറ്റ സൂക്ഷിക്കുന്ന രീതിയും ഓതന്റിക്കേഷന്‍ സംവിധാനവും വിമര്‍ശിക്കപ്പെട്ടു. രാജ്യത്തെ പെയ്മന്റ് മാര്‍ഗ നിര്‍ദേശങ്ങള്‍ അംഗീകരിക്കാത്ത വാട്‌സാപ്പ് പെയ്‌മെന്റ് സംവിധാനം ഉപയോക്താക്കള്‍ക്ക് ഭീഷണിയാകുമെന്നും സുരക്ഷ ഉറപ്പാക്കുന്നില്ലെന്നുമാണ്  പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെട്ടത്. വാട്‌സാപ്പിന്റെ ഡാറ്റകള്‍ ഇന്ത്യയിലല്ല ശേഖരിക്കുന്നതെന്ന് വിമര്‍ശകരും കമ്പനിയുടെ ഇന്ത്യയിലെ എതിരാളികളും ആരോപിച്ചു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചട്ടങ്ങളനുസരിച്ച് പെയ്‌മെന്റുമായി ബന്ധപ്പെട്ട ഡാറ്റ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ വാട്‌സാപ്പ് വ്യക്തമാക്കിയിരുന്നു. പരീക്ഷണം ജൂലൈയോടെ പൂര്‍ത്തിയാക്കുമെന്ന് വാട്‌സാപ്പ് ഈ വര്‍ഷം മേയില്‍ സുപ്രീം കോടതിയെ ബോധിപ്പിക്കുകയും ചെയ്തു. റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ പൂര്‍ണമായി പാലിക്കുന്നതുവരെ ഇന്ത്യയില്‍ പെയ്‌മെന്റ് സേവനം ആരംഭിക്കാന്‍ വാട്‌സാപ്പിന് കഴിയില്ല.
വിദേശത്ത് ഉപയോഗിച്ച ഡാറ്റ ആയാലും പെയ്‌മെന്റുമായി ബന്ധപ്പെട്ട എല്ലാ ഡാറ്റകളും ഇന്ത്യന്‍ സെര്‍വറുകളില്‍തന്നെ സൂക്ഷിക്കണമെന്ന് ആര്‍.ബി.ഐ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. പെയ്‌മെന്റ് പ്രോസസ് വിദേശത്താണ് നടന്നതെങ്കില്‍ അവിടെ ഡിലീറ്റ് ചെയ്യുന്ന ഡാറ്റ 24 മണിക്കുറിനകം ഇന്ത്യയിലേക്ക് മാറ്റണമെന്നായിരുന്നു മറ്റൊരു നിര്‍ദേശം.
അടുത്ത മൂന്ന് വര്‍ഷത്തിനകം ഇന്ത്യയിലെ വാട്‌സാപ്പ് ഉപയോക്താക്കളുടെ എണ്ണം നൂറു കോടി കവിയുമെന്ന് നീതി ആയോഗ് സി.ഇ.ഒ അമിതാഭ് കാന്ത് ചടങ്ങില്‍ പറഞ്ഞു. ലോകത്തെ 150 കോടി ഉപയോക്താക്കളില്‍ 40 കോടി ഇന്ത്യക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഉപയോക്താക്കള്‍ 20 കോടിയാണെന്നാണ് 2017 ല്‍ വാട്‌സാപ്പ് വ്യക്തമാക്കിയിരുന്നത്. അതിനുശേഷം കൃത്യമായ ഡാറ്റ കമ്പനി പുറത്തുവിട്ടിട്ടില്ല.

 

Latest News