ആര്‍.എസ്.എസ് ഭീഷണി കേരളത്തില്‍ വേണ്ട; അടൂരിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ

തിരുവനന്തപുരം- ജയ് ശ്രീറാം മുഴക്കിയുള്ള ആള്‍ക്കൂട്ട ആക്രമണത്തില്‍ നടപടിയാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന്റേ പേരില്‍  പ്രമുഖ സിനിമാ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ബി.ജെ.പി നേതാവ് ഭീഷണിപ്പെടുത്തിയതിനു പിന്നാലെ അദ്ദേഹത്തിനു പിന്തുണയുമായി ഡി.വൈ.എഫ്.ഐ രംഗത്ത്.
ബിജെപി നേതാവിന്റെ വാക്കുകള്‍ സാംസ്‌കാരിക കേരളത്തിന് അപമാനമാണെന്നും ബിജെപിയുടെ രാഷ്ട്രീയ നെറികേടിനെതിരേ കേരളം ഒറ്റക്കെട്ടായി പ്രതിരോധമുയര്‍ത്തണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.
ലോകം ആദരിക്കുന്ന മഹാ പ്രതിഭയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍. രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, ജയ്ശ്രീറാം വിളിപ്പിച്ചു ആള്‍ക്കൂട്ട വിചാരണ നടത്തുന്ന സാഹചര്യത്തെയും വിമര്‍ശിച്ചു പ്രസ്താവനയിറക്കിയതാണ് ബിജെപി നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുന്നത്. അടൂരിനും ഏതൊരാള്‍ക്കും സ്വതന്ത്രമായ അഭിപ്രായ പ്രകടനത്തിന് ഇവിടെ സ്വാതന്ത്ര്യമുണ്ട്. അത് ഇനിയും ആവര്‍ത്തിക്കും. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കേണ്ട. ആര്‍എസ്എസിന്റെ ഇത്തരം ഭീഷണികള്‍ കേരളത്തില്‍ വിലപ്പോവില്ല. അടൂര്‍ ഗോപാലകൃഷ്ണന് പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു. ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും നാവുകളെ നിശബ്ദമാക്കുക എന്നത് ആര്‍എസ്എസിന്റെ എക്കാലത്തെയും പദ്ധതിയാണ്. ഇത്തരം ഹീനമായ ശ്രമങ്ങളെ അതിജീവിക്കാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
അതിനിടെ, ജയ് ശ്രീറാം കൊലവിളിക്കായി ഉപയോഗിക്കുന്നതിനെ ഇനിയും എതിര്‍ക്കുമെന്ന് അടുര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ ആരുടേയും ഭീഷണിക്ക് വഴങ്ങാനില്ല. ശ്രീരാമന്റെ നാമം കൊലവിളിക്ക് ഉപയോഗിക്കുന്നത് വിശ്വാസികള്‍ക്ക് എതിരാണ്. താനടക്കമുള്ളവര്‍ ചന്ദ്രനിലോ മറ്റ് ഗ്രഹങ്ങളിലോ പോകണമെന്നത് ഭരണകൂടം തീരുമാനിക്കേണ്ട കാര്യമാണെന്നും അപ്പോള്‍ പോകാമെന്നും അടൂര്‍ പറഞ്ഞു.

 

Latest News