ന്യൂദൽഹി- ബൈക്കിൽ പാൽപാത്രത്തിൽ മദ്യം കടത്തുകയായിരുന്ന യുവാവ് പോലീസ് പിടിയിലായി. തെക്കുകിഴക്കൻ ദൽഹിയിൽ പരിശോധനയിലാണ് കുപ്രസിദ്ധ മദ്യ കള്ളക്കടത്തുകാരൻ ജവർ (43) പോലീസ് പിടിയിലായത്. ഹരിയാനയിലെ പൽവാൽ സ്വദേശിയായ ഇദ്ദേഹം പോലീസിന്റെ കണ്ണ് വെട്ടിച്ചാണ് ബൈക്കിൽ രണ്ടു സൈഡുകളിലും പാൽപാത്രം കെട്ടിവെച്ച് അതിൽ മദ്യം കടത്തിയിരുന്നത്. ഒറ്റനോട്ടത്തിൽ ആര് നോക്കിയാലും പാൽക്കാരൻ ആണെന്നേ ധരിക്കൂ. നേരത്തെ തന്നെ ഹരിയാനയിലെ ഫരീദാബാദിൽ നിന്നും പാൽ പാത്രത്തിൽ ഒരാൾ വരുന്നത് പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം നടന്ന പോലീസ് പരിശോധനയിൽ ഇതേ വാഹനത്തെ പോലീസ് കണ്ടെത്തി. ചെക്‌പോയന്റിൽ പരിശോധനക്കായി പോലീസ് കൈകാണിച്ചപ്പോൾ പോലീസിനെ വെട്ടിച്ചു കടന്നു കളയാൻ ശ്രമം നടത്തിയെങ്കിലും പോലീസ് സംഘം ഇദ്ദേഹത്തെ കീഴ്‌പ്പെടുത്തിയപ്പോഴാണ് പാൽ പാത്രത്തിൽ മദ്യം കടത്തുകയാണെന്ന് കണ്ടെത്തിയത്.






