Sorry, you need to enable JavaScript to visit this website.

മംഗളുരു വിമാനത്താവളത്തിൽ വിമാനം തെന്നിമാറിയ സംഭവം; പൈലറ്റിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്‌തു

ന്യൂദൽഹി- കഴിഞ്ഞ മാസം മംഗളുരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ സംഭവത്തിൽ പൈലറ്റിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ക്യാപ്റ്റന്‍ പ്രവീണ്‍ ടുമറാന്റെ ലൈസന്‍സാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.  ടേബിള്‍ ടോപ് റണ്‍വേയുള്ള മംഗളൂരുവില്‍ വിമാനം ഇറങ്ങുമ്പോള്‍ ഉണ്ടാകേണ്ട വേഗതയേക്കാള്‍ കൂടുതല്‍ വേഗം ഉണ്ടായതാണ് അപകടത്തിനിടയാക്കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. വിമാനമിറങ്ങുന്ന സമയത്ത് റണ്‍വേയില്‍ വിമാനം ടച്ച് ചെയ്യേണ്ട പോയിന്റില്‍ നിന്നും 900 മീറ്റര്‍ മാറിയാണ് വിമാനം ലാന്‍ഡ് ചെയ്തതതെന്നും കണ്ടെത്തിയിട്ടുണ്ട്. അപകടത്തിൽ 183 യാത്രക്കാരും ആറ് വിമാന ജോലിക്കാരും അപകടത്തില്‍പ്പെടാതെ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
             കഴിഞ്ഞ മാസം 30ന് വൈകിട്ട് അഞ്ചരയോടെയാണ് ദുബൈയില്‍ നിന്നും മംഗളൂരുവിലേക്ക് നിറയെ യാത്രക്കാരുമായി വന്ന എയർ ഇന്ത്യ എക്സ്പ്രസ്സ് ഐ.എക്‌സ് 384 വിമാനം അപകടത്തില്‍പ്പെട്ടത്. 2010 ലെ ദുരത്തിനു സമാനമായ അപകടമാണ് നടന്നിരുന്നത്. റണ്‍വേയില്‍ നിന്നും തെന്നിമാറിയ വിമാനം ചളിയും മണലുമുള്ള ഭാഗത്തേക്ക് നീങ്ങുകയും ചെളിയിൽ താഴുകയുമായിരുന്നു. ഇതാണ് വൻദുരന്തത്തിൽ നിന്നും രക്ഷയായത്. 2010ല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപകടത്തില്‍പ്പെട്ടതിന്റെ ഇരുപത് മീറ്ററോളം അരികിലായാണ് വിമാനം ചെളിയില്‍ പുതഞ്ഞു നിന്നത്.

Latest News