കൂറ്റനാട് - തൃത്താല മേഖലയിലെ ഒരു വിദ്യാലയത്തിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിലെ പ്രതിയെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു. പട്ടിത്തറ കക്കാട്ടിരി സ്വദേശി പൂലേരി വളപ്പില്‍ കൃഷ്ണനെയാണ് (57) അറസ്റ്റ് ചെയ്തത്. 59 കുട്ടികളെ ഇയാള്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് പരാതി. പത്തു കുട്ടികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പോക്‌സോ നിയമപ്രകാരം നാല് വകുപ്പുകള്‍ ഇയാള്‍ക്കെതിരെ ചുമത്തി.
പരാതി പോലീസില്‍ എത്തിയതോടെ പത്തു ദിവസമായി ഇയാള്‍ ഒളിവിലായിരുന്നു. ഇയാള്‍ക്ക് വേണ്ടിയുളള തിരച്ചല്‍ പോലീസ് ഊര്‍ജ്ജിതമാക്കിയ സാഹചര്യത്തിലാണ് ബുധനാഴ്ച രാവിലെ തൃത്താല സ്റ്റേഷനില്‍ കീഴടങ്ങിയത്. തുടര്‍ന്ന് വൈദ്യ പരിശോധനക്ക് ശേഷം ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി. കേസുമായി ബന്ധപ്പെട്ട് മറ്റു കുട്ടികളില്‍ നിന്നുമുളള മൊഴി കൂടി പോലീസിന് രേഖപ്പെടുത്താനുണ്ട്. പ്രതിയെ പിടികൂടണമെന്നാവശ്യപ്പെട്ട് പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് ഉള്‍പ്പെടെയുളള സമരപരിപാടികളും തൃത്താലയില്‍ അരങ്ങേറിയിരുന്നു.
സ്‌കൂളിന് സമീപത്ത് വ്യാപാര സ്ഥാപനം നടത്തിവരുന്ന പ്രതി കടയിലേക്ക് എത്തുന്ന കുട്ടികളെയാണ് ലൈംഗികമായി ചൂഷണം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് ഒരു കുട്ടി പരാതിപ്പെട്ടതോടെയാണ് കൂടുതല്‍ പേര്‍ പരാതിയുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.