Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഓർക്കാൻ ഒരു അടിയന്തരം

കെ. ഗോവിന്ദൻകുട്ടി

കഴിഞ്ഞ രണ്ടു ദിവസമായി കേട്ട രണ്ടു പ്രസ്താവനകൾ കൗതുകമായിരിക്കുന്നു.  എന്തുകൊണ്ടോ, അതു രണ്ടും ഒറ്റക്കോളത്തിൽ രണ്ടു ഖണ്ഡികകളായി ഒതുങ്ങി.  ഒരു പ്രസ്താവന സോണിയാ ഗാന്ധിയുടേതായിരുന്നു:  'ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുന്നു.'  കോടിയേരി ബാലകൃഷ്ണന്റേതായിരുന്നു രണ്ടാമത്തെ പ്രസ്താവന: 'ഇന്ത്യയിൽ അടിയന്തരാവസ്ഥ ഫലത്തിൽ വന്നിരിക്കുന്നു.'  
രണ്ടു പേരുടേയും രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഏറെ വില മതിക്കുന്നതാണ് സ്വാതന്ത്ര്യം. അതു നിഷേധിക്കപ്പെട്ടതായിരുന്നല്ലോ അടിയന്തരാവസ്ഥയുടെ സവിശേഷത.  നാൽപത്തിരണ്ടു കൊല്ലം മുമ്പ് അത് പ്രഖ്യാപിച്ചത് സോണിയയുടെ ഭർതൃമാതാവും വിറളി പിടിച്ച് നടപ്പാക്കിയത് ഭർതൃസഹോദരനുമായിരുന്നു.  കോടിയേരിയുടെ കാരണവന്മാരായ ഇ.എം.എസും 'ജ്യോതി ബാസു'വും അകത്തായില്ലെന്നോർക്കുക.  തുടക്കത്തിൽ വലത് പിന്തിരിപ്പൻ ശക്തികളെ ഒതുക്കാനുദ്ദേശിച്ചുള്ളതായിരുന്നു അടിയന്തരാവസ്ഥയെന്നും ആ ലക്ഷ്യം നേടിക്കഴിഞ്ഞതോടെ തടവിലാക്കിയിരുന്ന ഇടത് നേതാക്കളെ വിട്ടയക്കാമെന്നും പാർട്ടിയിൽ അഭിപ്രായമുണ്ടായി.  വലതൻ പാർട്ടിയാകട്ടെ, ആദ്യന്തം അടിയന്തരാവസ്ഥയുടെ ഭാഗമായിരുന്നു.  
 വലത് പിന്തിരിപ്പന്മാരിൽ ഏറ്റം വലത്തോട്ടു നിൽക്കുന്ന സംഘപരിവാർ ഇടതരെ കൊഞ്ഞനം കുത്താൻ ഇന്നും ഉപയോഗിക്കുന്ന ഉപകരണമാണ് അടിയന്തരാവസ്ഥ.  അതിനെതിരെയുള്ള പ്രതിരോധം സംഘത്തിനും ബന്ധുക്കൾക്കും അവകാശപ്പെട്ടതത്രേ.  ഒളിവിൽ പോകലും ഒളിപ്പത്രം നടത്തലും മറ്റും അവർ ചെയ്തതായിരുന്നു.  അവരും അവരുടെ പരിഹാസത്തിനു ശരവ്യമായ സി പി എമ്മും വലത് കമ്യൂണിസ്റ്റ് പാർട്ടിയെ ഒരുപോലെ കളിയാക്കുന്ന ഒരു സംഭവം ഉണ്ടായി.  അടിയന്തരാവസ്ഥയെ ഉൾപ്പെടെ എല്ലാ കോൺഗ്രസ് നീക്കങ്ങളെയും സ്വാഗതം ചെയ്യുന്ന ഒരു സോവിയറ്റ് ചരിത്ര പുസ്തകം ഇറങ്ങിയിരുന്നു, ആയിടെ.  സി.പി.ഐ കമ്പനിയായ പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് ആയിരുന്നു സ്വാഭാവികമായും അതിന്റെ വിതരണക്കാർ.  അടിയന്തരാവസ്ഥ തീരുകയും ഇന്ദിരാ ഗാന്ധി തകരുകയും ചെയ്ത സാഹചര്യത്തിൽ നടന്ന ഭട്ടിൻഡ പാർട്ടി കോൺഗ്രസിൽ സി പി ഐ സ്വയം വിമർശനം നടത്തി, വീക്ഷണം മാറ്റി.  അതോടെ അലോസരപ്പെടുത്തുന്ന ആ സോവിയറ്റ് ഇന്ത്യാ ചരിത്രം വിപണിയിലില്ലാതായി!  വലതൻ ഓർമകൾക്ക് വീര്യം പകരുന്ന സംഭവം.  ഇടക്കിടെ വലതൻ പാർട്ടിയെ ഞോണ്ടാൻ സി പി എം എടുത്തെറിയുന്ന ഓർമ.  
 ഓരോ ജൂൺ അവസാന വാരം വരുമ്പോഴും അവിടവിടെ ആഘോഷിക്കപ്പെടുന്നതാണ് അടിയന്തരാവസ്ഥയുടെ വാർഷികം.  സ്വാതന്ത്ര്യത്തിനു വേണ്ടിയും ഫാസിസത്തിനെതിരെയും ഒന്നു രണ്ടു വാക്യങ്ങളും പ്രമേയങ്ങളുമില്ലാതെ ജൂൺ ഇരുപത്തിയാറാം തീയതിയിലെ പത്രങ്ങൾ പുറത്തിറങ്ങില്ല.  ഇന്ദിരയുടെയോ ഹിറ്റ്‌ലറുടെയോ വക്കാലത്തോടു കൂടി പറയുകയല്ല, സ്വാതന്ത്ര്യത്തിനെതിരെയും ഫാസിസത്തിനു വേണ്ടിയും നില കൊള്ളുന്ന ആരെയും ഞാൻ ഇത് വരെ കണ്ടിട്ടില്ല. ലോകം മുഴുവൻ സ്വാതന്ത്ര്യത്തിന്റെ പ്രവാചകരും പ്രയോക്താക്കളും യോദ്ധാക്കളുമായി പയറ്റിക്കൊണ്ടേ പോകുന്നു.  
 അടിയന്തരാവസ്ഥയിൽ അധികവും ഞാൻ ആകാശവാണിയിൽ ന്യൂസ് എഡിറ്റർ ആയിരുന്നു.  ഞങ്ങൾ ഞങ്ങളുടെ തന്നെ സെൻസർ ആയി.  മാധ്യമങ്ങളെപ്പറ്റി എൽ. കെ. അദ്വാനി പിന്നീട് പറഞ്ഞ ഒരു പ്രശസ്ത പ്രയോഗമുണ്ട്: കുമ്പിടാൻ പറഞ്ഞപ്പോൾ അവർ മുട്ടിലിഴഞ്ഞു.  സ്വതന്ത്ര പത്രങ്ങളുടെ സ്ഥിതി അതായിരുന്നെങ്കിൽ, ആകാശവാണി എന്ന സർക്കാർ സ്ഥാപനം ഒരു പോർമുഖം തുറക്കാതിരുന്നതിൽ അത്ഭുതമില്ലല്ലോ.  വാർത്തകളിൽ വികസനം നിറഞ്ഞു നിന്നു.  വക്കാണവും വഴക്കും ഒഴിവായി.  'പരപുഛവുമഭ്യസൂയയും ദുരയും ദുർവ്യതിയാനാസക്തിയും'  ഉണ്ടായാലേ പത്രം രസനീയമാകൂ എന്ന ചിന്ത തിരുത്തപ്പെട്ടു.  മാധ്യമങ്ങൾ നിയന്ത്രിക്കപ്പെട്ട രീതി പിന്നീട് വന്ന ഷാ കമ്മീഷനിൽ വിവരിച്ചുകേട്ടത് രസാവഹമായിരുന്നു.  
 എ.ഡി. ഗോർവാല എന്നൊരു വയോധികനായ മുൻ ഐ സി എസുകാരൻ ഒപീനിയൻ എന്ന ഒരു പത്രിക ഇറക്കിയിരുന്നു.  അഭിപ്രായം പറയാൻ മാത്രമേ നീണ്ട നരച്ച താടിയുള്ള പത്രാധിപർ ഉദേശിച്ചിരുന്നുള്ളൂ.  കെട്ടിലും മട്ടിലും കേമത്തമില്ലാത്ത ഒപീനിയൻ ധീരനായ ഒരു പൊതുപ്രവർത്തകന്റെ ആഗ്രഹത്തിന്റെ തിളക്കമുള്ള പ്രതിഫലനം മാത്രമായിരുന്നു.  എത്രയോ തവണ ഗോർവാല (ഐ സി എസ്) തമസ്‌കരണത്തിനു വിധേയനായി.  അക്കഥ കേട്ടു കേട്ടു ശുണ്ഠി കയറിയ ജസ്റ്റിസ് ഷാ തിരക്കി: 'ഗീതാശ്ലോകം വെട്ടി മാറ്റി എന്നു പറഞ്ഞല്ലോ.  ഭരണഘടനയുടെ മുഖവുര നിരോധിക്കപ്പെട്ടോ, താങ്കളുടെ പ്രസിദ്ധീകരണത്തിൽ?' മറുപടി വേണ്ടിയിരുന്നില്ല.
 ഒരു തീയതിയായിരുന്നു മറ്റൊരു പ്രസിദ്ധീകരണത്തിൽ സെൻസർ ചെയ്യപ്പെട്ട ആപൽക്കരമായ വാർത്ത.  തുഗ്ലക് ആയിരുന്നു പ്രസിദ്ധീകരണം  പത്രാധിപർ ചോ രാമസ്വാമി എന്ന ആക്ഷേപ ഹാസ്യക്കാരൻ.  മൊറാർജി ദേശായിക്ക് മംഗളം നേർന്നുകൊണ്ട് ഫെബ്രുവരി 29 ന് അദ്ദേഹത്തിന്റെ പിറന്നാളിൽ ചോ ഒരു കുറിപ്പ് എഴുതി.  സെൻസർ അത് വെട്ടി.  പിന്നെ ദേശായിയുടെ പേരില്ലാതെ മംഗളം മാത്രം നേർന്നു.  വെട്ടി.  പിന്നെ വെറും തീയതി കൊടുത്തു.  ഫെബ്രുവരി 29.  അതും എന്തോ കുത്തിത്തിരുപ്പാണെന്നു പേടിച്ച സെൻസർ ഉദ്യോഗസ്ഥൻ അതും തടഞ്ഞു.  എന്നുവെച്ചാൽ ഒരു തീയതി എഴുതുന്നതും നിയമ ലംഘനമാകാം എന്നു വരെ വന്നു ചേർന്നു.  
ഞങ്ങൾക്കും തമസ്‌കരണത്തിന്റെയും നിരോധനത്തിന്റെയും പേടിയുടെയും അനുഭവങ്ങൾ ഇല്ലാതിരുന്നില്ല.  അതിന്റെ കഥകൾ പറഞ്ഞ് സെൻസർ ഓഫീസർമാരിൽ ഒരാളായി വന്ന ഡി. പ്രതാപചന്ദ്രനും ഞങ്ങളും ഓർത്തോർത്തു ചിരിക്കുമായിരുന്നു.  തീരുമാനമെടുക്കാൻ മിടുക്കനല്ലാതിരുന്ന ഒരു ഉദ്യോഗസ്ഥൻ സെൻസർ ചെയ്യേണ്ട വസ്തു മേശപ്പുറത്തെത്തിയാൽ വിശ്രമിക്കാൻ പോകും.  അദ്ദേഹത്തിന് ഒട്ടും വഴങ്ങുന്നതായിരുന്നില്ല പദ്യം.  
ഒരിക്കൽ കവിതാരൂപത്തിൽ എന്തോ ഒരു സാധനം സെൻസർ ചെയ്യാനെത്തിയപ്പോൾ, അദ്ദേഹം ശങ്കിച്ചില്ല.  കവിതയിലെവിടെ കലാപം ഇരിക്കുന്നു! മുദ്ര വെച്ച് അതു പ്രസാധകനു തിരിച്ചുകൊടുത്തു.  അതിൽ പൊതിഞ്ഞുവെച്ചിരുന്ന ഹാസ്യവും പരിഹാസവും നുണഞ്ഞ് പ്രതാപ ചന്ദ്രനും ഞാനും ചിരിച്ചതിനു കണക്കില്ല.  
 ഇന്ത്യ മുഴുവൻ എതിർത്തതായിരുന്നു അടിയന്തരാവസ്ഥ എന്നതാണ് പൊതുവിശ്വാസം.  നേരത്തേ പറഞ്ഞത് പോലെ അടിയന്തരാവസ്ഥയെ അനുകൂലിക്കുന്നവർ ആരുമില്ല.  ഇപ്പോൾ അറുപതു തികയാത്തവർക്ക് നേരനുഭവമായി അവകാശപ്പെടാൻ വയ്യാത്തതാണ് ആ സംഭവം.  എന്നാലും അഭിപ്രായം രൂപീകരിക്കപ്പെടുന്നു, ഇടം വലം നോക്കാതെ.  ഒരു രൂപത്തിൽ അടിയന്തരാവസ്ഥ നില നിൽക്കവേ മറ്റൊരു അടിയന്ത്രാവസ്ഥ പ്രഖ്യാപിക്കപ്പെടുകയായിരുന്നു 1975 ജൂണിൽ.  അധികാരം പ്രധാനമന്ത്രിയിൽനിന്ന് പ്രധാനമന്ത്രിയുടെ മകനും സിൽബന്തികളും കവർന്നെടുക്കുന്ന മട്ടിൽ പെരുമാറിയപ്പോൾ കേരളത്തിലെ വീരകേസരികൾ എങ്ങനെ പെരുമാറിയെന്ന് ഗവേഷണം നടത്തുന്നതും കൊള്ളാം.   
 അടിയന്തരാവസ്ഥക്കു ശേഷം വന്ന തെരഞ്ഞെടുപ്പിൽ അത് വരെ ഉണ്ടായതിനേക്കാൾ മെച്ചപ്പെട്ട അനുഭവം കോൺഗ്രസിനുണ്ടായി.  നൂറിലേറെ സീറ്റ് കിട്ടുമെന്ന് പറയാനുള്ള വിശ്വാസം കെ. കരുണാകരന് മാത്രമേ ഉണ്ടായിരുന്നുള്ളു.  അത് അടിയന്തരാവസ്ഥക്കുള്ള സാക്ഷ്യപത്രമായിരുന്നോ?  കർണാടകയിലും തമിഴ്‌നാട്ടിലും ആന്ധ്രപ്രദേശിലും അടിയന്തരാവസ്ഥക്കെതിരെയുള്ള ചണ്ഡവാതം ആഞ്ഞടിച്ചില്ല. ദക്ഷിണേന്ത്യ മുഴുവൻ അടിയന്തരാവസ്ഥയെ അനുകൂലിച്ചതാണോ?  ഉത്തരേന്ത്യ അടിയന്തരാവസ്ഥയെ തള്ളിക്കാട്ടിയതാണെന്ന് വാദിച്ചാൽ, ദക്ഷിണേന്ത്യക്കും ആ വാദത്തിന്റെ ഗുണം അനുവദിക്കേണ്ടി വരും.  
 അടിയന്തരാവസ്ഥ കഴിയുമ്പോൾ അതിന്റെ ഭാഗമായിരുന്നവർ പലരും ചേരി മാറി.  ആ ചേരി മാറ്റത്തിന്റെ ഫലം അനുഭവിച്ചവരാണ് ജഗ്ജീവൻറാമും എച്ച്.എൻ. ബഹുഗുണയും, ഇങ്ങേ അറ്റത്ത് ഇപ്പോൾ മേനകാ ഗാന്ധിയും.  സഞ്ജയ് ഗാന്ധിയുടെ നിഴലിൽ ദൽഹിയെ വിറപ്പിച്ച ജഗ്‌മോഹൻ പിന്നീട് സംഘ്പരിവാറിന്റെ തിലകമായി.  സഞ്ജയ് ഗാന്ധിയെയും മേനക ഗാന്ധിയെയും ഷാ കമ്മീഷനിലും മറ്റും വിസ്തരിച്ചതിന്റെ കഥയും കാര്യവും ഇന്നും രസകരമായിരിക്കും, അടിയന്തരാവസ്ഥയെ അപലപിക്കുകയും അതിന്റെ അനിവാര്യത സ്ഥാപിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ.  
 ന്യൂറംബെർഗ് മാതൃകയിൽ ഒരു വിചാരണക്കു വിധേയയാക്കണം ഇന്ദിരയെ എന്നു ശഠിച്ചയാളായിരുന്നു ആഭ്യന്തര മന്ത്രിയായിരുന്ന ചരൺ സിംഗ്.  സ്വന്തം മന്ത്രിസഭ പൊളിച്ച് അദ്ദേഹം സഞ്ജയ് ഗാന്ധിയുടെ കോൺഗ്രസിന്റെ സഹായത്തോടെ പ്രധാനമന്ത്രിയായി. കോൺഗ്രസ് പിൻമാറിയപ്പോൾ, ആഴ്ചകൾക്കുള്ളിൽ ചരൺസിഗ് പഴുത്ത മത്തങ്ങ പോലെ നിലം പതിച്ചു, പാർലമെന്റിനെ നേരിടുക പോലും ചെയ്യാതെ.  അടിയന്തരാവസ്ഥയുടെ രൗദ്രതയെപ്പറ്റിയോ ന്യൂറംബെർഗ് വിചാരണയെപ്പറ്റിയോ ആരും ഒന്നും ഉരിയാടിയില്ല.
ഒന്നിനെയും സാക്ഷ്യപ്പെടുത്തുകയല്ല.  കാലത്തിന്റെ ദർപ്പണത്തിൽ എന്തിന്റെയും പ്രതിബിംബം മാറിക്കൊണ്ടിരിക്കും.  യാന്ത്രികവും ശിലീഭൂതവുമായ വിചാരങ്ങൾ ആലോചനാ ശീലമുള്ളവർക്ക് ചിരിക്കാനേ വക നൽകൂ.  സ്വാതന്ത്ര്യത്തെപ്പറ്റിയും അടിയന്തരാവസ്ഥയെപ്പറ്റിയുമുള്ള സോണിയയുടെയും കോടിയേരിയുടെയും വിജ്ഞാപനങ്ങൾ അതോട് ചേർത്ത് വായിക്കാം. 
 

 

Latest News