Sorry, you need to enable JavaScript to visit this website.

സ്‌കൂൾ കുട്ടിയെ വഴിയിലിറക്കി വിട്ട കണ്ടക്ടർ പത്തു ദിവസം ശിശുഭവനിൽ കഴിയണം

മലപ്പുറം- സ്‌കൂൾ കുട്ടിയെ ബസ് കണ്ടക്ടർ വഴിയിൽ ഇറക്കി വിട്ട സംഭവത്തിൽ ശിക്ഷയായി കണ്ടക്ടർ പത്തു ദിവസം ശിശുഭവനിൽ കഴിയണമെന്നു കലക്ടറുടെ ഉത്തരവ്. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടിലോടുന്ന 'കൊരമ്പയിൽ' എന്ന ഒരു സ്വകാര്യ ബസ്  കഴിഞ്ഞ ദിവസം വിദ്യാർഥിയെ  സഹോദരനൊപ്പം ബസ് സ്റ്റോപ്പിൽ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയിലാണ് നടപടി. കലക്ടറുടെ നിർദേശ പ്രകാരം ആർ.ടി.ഒ അനൂപ് വർക്കി അന്വേഷണം നടത്തി.  ബസ് പിടിച്ചെടുത്തു. ബസിലെ  കണ്ടക്ടർ കുട്ടികളോടു സഹാനുഭൂതിയില്ലാതെ  പെരുമാറിയ സാഹചര്യത്തിൽ  ഇയാൾക്കു മാതൃകാപരമായ ശിക്ഷയും വിധിച്ചു.  ഇതിന്റെ ഭാഗമായി ബസ് കണ്ടക്ടർ പത്തു ദിവസം തവനൂർ ശിശുഭവനിൽ കെയർടേക്കറായി ജോലി ചെയ്യാൻ ഉത്തരവ് നൽകി. ശിക്ഷാ നടപടി തുടങ്ങുന്നതിന്റെ ഭാഗമായി കണ്ടക്ടർ ഇന്നു രാവിലെ ഒമ്പതിനു തവനൂർ ശിശുഭവനിലെ സൂപ്രണ്ട് മുമ്പാകെ റിപ്പോർട്ട് ചെയ്യണം. തുടർന്നു നിർദേശിച്ച കാലയളവിൽ ശിശുഭവൻ സൂപ്രണ്ടിന്റെ നിർദേശ പ്രകാരം ജോലിയും ചെയ്യണം. സൂപ്രണ്ട് നൽകുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ  മാത്രമേ കണ്ടക്ടർക്കെതിരെയുള്ള ശിക്ഷാ നടപടി പൂർത്തിയായാകൂ. ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തു ദിവസങ്ങൾക്കു ശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങൾ ഉൾക്കൊള്ളുകയും ചെയ്യുന്ന  ഒരു നല്ല ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്നാണ് കരുതുന്നതെന്നും കലക്ടർ പറഞ്ഞു. ആർ.ടി.ഒ അനൂപ് വർക്കി, ജില്ലാ കലക്ടറുമായി ആലോചിച്ച ശേഷമാണ് ശിക്ഷാ നടപടിക്ക് തയാറായത്. കഴിഞ്ഞ ദിവസം മലപ്പുറത്തു നിന്നു പരപ്പനങ്ങാടിയിലേക്കു പോകുന്നതിനിടെ മഞ്ചേരി -പരപ്പനങ്ങാടി റൂട്ടിലോടുന്ന കൊരമ്പയിൽ ബസിലാണ് സംഭവമുണ്ടായത്. ഒട്ടേറെ വിദ്യാർഥികൾ ബസിലുണ്ടായിരുന്നു. ബസ് വേങ്ങര കഴിഞ്ഞു ഒരു സ്റ്റോപ്പിൽ നിർത്തിയപ്പോൾ കുറച്ച് സ്‌കൂൾ കുട്ടികൾ ബസിൽ നിന്നിറങ്ങി. ഉടനെ ഇറങ്ങിയ ഒരു കുട്ടി തന്റെ അനിയൻ ഇറങ്ങിയിട്ടില്ലെന്നു വിളിച്ചു പറഞ്ഞു. കണ്ടക്ടർ ഇതു കേൾക്കാതെ ബെല്ലടിക്കുകയായിരുന്നു. ആ സമയത്ത് തിരക്കിനിടയിൽ നിന്നു കൊച്ചു കുട്ടി ബസിന്റെ ഡോറിനടുത്തെത്തിയിരുന്നു. എന്നാൽ കുറച്ച് ദൂരെ കൊണ്ടു പോയാണ് കണ്ടക്ടർ കുട്ടിയെ ഇറക്കിയത്. ബസിലുണ്ടായിരുന്ന മറ്റു യാത്രക്കാർ ഇതേക്കുറിച്ചു പ്രതികരിച്ചെങ്കിലും കണ്ടക്ടർ മുഖവിലക്കെടുത്തില്ല. സംഭവം സമൂഹ മാധ്യമങ്ങൾ ഉൾപ്പെടെ വൈറലായിരുന്നു. തുടർന്നാണ് മറ്റുള്ളവർക്ക് മാത്യകയാകുന്ന രീതിയിലുള്ള ശിക്ഷാവിധി നടപ്പാക്കിയത്.
 

Latest News