Sorry, you need to enable JavaScript to visit this website.

സൗദിയിൽ സർക്കാർ, സ്വകാര്യ മേഖലകളിൽ പെരുന്നാൾ അവധി ദിവസങ്ങൾ പ്രഖ്യാപിച്ചു  

റിയാദ് - സർക്കാർ ജീവനക്കാർക്ക് ഈ വർഷം 12 ദിവസം പെരുന്നാൾ അവധി ലഭിക്കും. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ദുൽഹജ് നാലിന് (ഓഗസ്റ്റ് 5) തിങ്കളാഴ്ചയിലെ ഡ്യൂട്ടി പൂർത്തിയായ ശേഷം ആരംഭിക്കുന്ന ബലി പെരുന്നാൾ അവധി ദുൽഹജ് 16 ന് (ഓഗസ്റ്റ് 17) ശനിയാഴ്ച അവസാനിക്കും. ബലി പെരുന്നാൾ അവധിക്കു ശേഷം ഓഗസ്റ്റ് 18 ന് സർക്കാർ ജീവനക്കാരുടെ ഡ്യൂട്ടി പുനരാരംഭിക്കുമെന്ന് സിവിൽ സർവീസ് മന്ത്രാലയം അറിയിച്ചു. 
സ്വകാര്യ മേഖലാ ജീവനക്കാർക്ക് നാലു ദിവസമാണ് ബലി പെരുന്നാൾ അവധി. അറഫ ദിനം മുതൽ ദുൽഹജ് 12 വരെ നാലു ദിവസമാണ് അവധി ലഭിക്കുക. തൊഴിൽ നിയമം അനുശാസിക്കുന്ന മിനിമം പെരുന്നാൾ അവധിയാണിത്. ഇതിൽ കൂടുതൽ അവധി സ്വകാര്യ മേഖലാ ജീവനക്കാർക്ക് സ്ഥാപനങ്ങൾ നൽകുന്നതിന് വിലക്കില്ല. 
മുമ്പ് ഹജ് കർമം നിർവഹിക്കാത്ത തൊഴിലാളിക്ക് സർവീസ് കാലത്ത് ഒരു തവണ വേതനത്തോടു കൂടിയ ഹജ് അവധിക്ക് അവകാശമുണ്ട്. ബലി പെരുന്നാൾ അവധി അടക്കം പത്തു ദിവസത്തിൽ കുറയുകയോ പതിനഞ്ചു ദിവസത്തിൽ കൂടുകയോ ചെയ്യാത്ത ഹജ് അവധിക്കാണ് തൊഴിലാളിക്ക് അവകാശമുള്ളത്. വേതനത്തോടു കൂടിയ ഹജ് അവധി ലഭിക്കുന്നതിന് തൊഴിലാളി തുടർച്ചയായി ചുരുങ്ങിയത് രണ്ടു വർഷമെങ്കിലും തൊഴിലുടമയുടെ അടുത്ത് ജോലി പൂർത്തിയാക്കിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സ്ഥാപനങ്ങളിലെ തൊഴിൽ സാഹചര്യങ്ങൾക്ക് അനുസൃതമായി ഓരോ വർഷവും ഹജ് അവധി അനുവദിക്കാവുന്ന തൊഴിലാളികളുടെ എണ്ണം നിശ്ചയിക്കുന്നതിന് തൊഴിൽ നിയമത്തിലെ 114-ാം വകുപ്പ് തൊഴിലുടമക്ക് അവകാശം നൽകുന്നുണ്ട്.
 

Latest News