Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജ ഹജ് സ്ഥാപനങ്ങൾക്കെതിരെ കര്‍ശന നടപടി-മന്ത്രി

ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത്  പ്രാദേശിക മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നു.

മക്ക - വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളുടെ നടത്തിപ്പുകാരെ പിടികൂടി നിയമ നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്ത് പറഞ്ഞു. വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾ കണ്ടെത്തുന്നതിന് ഹജ്, ഉംറ മന്ത്രാലയം സുരക്ഷാ വകുപ്പുകളുമായി സഹകരിക്കുന്നുണ്ട്. ആധുനിക സാങ്കേതികവിദ്യകൾ വികസിച്ചതോടെ വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളുടെ നടത്തിപ്പിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. 
സൗജന്യമായി ഹജ് നിർവഹിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികളും വിദേശികളും തങ്ങളുടെ പേരുവിവരങ്ങൾ രജിസ്റ്റർ ചെയ്യണമെന്ന് ഒരു വെബ്‌സൈറ്റ് ആവശ്യപ്പെട്ടത് ആശ്ചര്യകരമാണ്. ഇക്കാര്യത്തിൽ ഹജ്, ഉംറ മന്ത്രാലയം സുരക്ഷാ വകുപ്പുകൾക്ക് പരാതി നൽകിയിട്ടുണ്ട്.  ഇത്തരം വെബ്‌സൈറ്റുകൾ ടെലികോം റെഗുലേറ്ററി അതോറിറ്റിയായ കമ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷൻ വഴി ഉടനടി ബ്ലോക്ക് ചെയ്യും. വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങളുടെ എണ്ണം തുലോം കുറഞ്ഞിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾ പ്രവണതയായി മാറിയിട്ടില്ല. നിയമ വിരുദ്ധമായി ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നിയമാനുസൃത നടപടികൾ സ്വീകരിക്കും. 
ലൈസൻസുള്ള മുഴുവൻ ആഭ്യന്തര ഹജ് സർവീസ് സ്ഥാപനങ്ങളുടെയും പേരുവിവരങ്ങൾ ഹജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലുണ്ട്. മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പേരുവിവരങ്ങളില്ലാതെ സാമൂഹിക മാധ്യമങ്ങൾ വഴി വിവരങ്ങൾ പരസ്യപ്പെടുത്തുന്ന ഏതു സ്ഥാപനങ്ങളും വ്യാജ സ്ഥാപനങ്ങളാണ്. വ്യാജ ഹജ് സർവീസ് സ്ഥാപനങ്ങൾ കണ്ടെത്തുന്ന കാര്യത്തിൽ സുരക്ഷാ വകുപ്പുകൾ ഹജ്, ഉംറ മന്ത്രാലയവുമായി വലിയ തോതിൽ സഹകരിക്കുന്നുണ്ട്. 
ഖത്തറിൽ നിന്നുള്ള ഹജ് തീർഥാടകരുടെ രജിസ്‌ട്രേഷന് ഏർപ്പെടുത്തിയ ലിങ്ക് ബ്ലോക്ക് ചെയ്യരുതെന്ന് ഖത്തർ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഖത്തരി തീർഥാടകർക്ക് രജിസ്റ്റർ ചെയ്യുന്നതിന് ഏർപ്പെടുത്തിയ ലിങ്ക് ഹജ്, ഉംറ മന്ത്രാലയം മുടങ്ങാതെ നിരീക്ഷിക്കുന്നുണ്ട്. ഈ ലിങ്ക് ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്താൽ പുതിയ ലിങ്ക് ഏർപ്പെടുത്തും. 
ഹജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതിനുള്ള മുഴുവൻ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ വെച്ചു തന്നെ പൂർത്തിയാക്കുന്ന മക്ക റൂട്ട് പദ്ധതി വലിയ വിജയമാണെന്ന കാര്യം കഴിഞ്ഞ വർഷം തന്നെ എല്ലാവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നു. ഈ വർഷം അഞ്ചു രാജ്യങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ട്. ആകെ രണ്ടേകാൽ ലക്ഷം പേർക്കാണ് ഈ വർഷം മക്ക റൂട്ട് പദ്ധതി പ്രയോജനം ലഭിക്കുക. മക്ക റൂട്ട് പദ്ധതി വഴി വരുന്ന തീർഥാടകർക്ക് ജിദ്ദ, മദീന എയർപോർട്ടുകളിൽനിന്ന് മിനിറ്റുകൾക്കകം പുറത്തിറങ്ങുന്നതിന് സാധിക്കും. ഹജ് തീർഥാടകരുടെ ലഗേജുകൾ അവരുടെ രാജ്യങ്ങളിലെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിച്ച് മക്കയിലെയും മദീനയിലെയും താമസസ്ഥലങ്ങളിൽ എത്തിച്ചുനൽകുന്ന പുതിയ സേവനം ഈ വർഷം ആരംഭിച്ചിട്ടുണ്ട്. ലഗേജുകൾക്കു വേണ്ടി തീർഥാടകർക്ക് വിമാനത്താവളങ്ങളിൽ കാത്തുനിൽക്കേണ്ട സാഹചര്യം ഈ പദ്ധതി ഇല്ലാതാക്കുന്നതായും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി പറഞ്ഞു. 

 

Latest News