Sorry, you need to enable JavaScript to visit this website.

പതിമൂന്നാം വയസ്സില്‍ പീഡനത്തിനിരയായ കഥ വിവരിച്ച് തൃണമൂല്‍ നേതാവ്; വരി ഉടക്കണമെന്ന് വനിതാ അംഗം

ന്യൂദല്‍ഹി- കുട്ടിയായിരിക്കെ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ട കഥ ഓര്‍ത്തെടുത്ത് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറക് ഒ ബ്രിയാന്‍. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന പോക്‌സോ ബില്‍ ഭേദഗതിയെ കുറിച്ച് രാജ്യസഭയില്‍ നടന്ന ചര്‍ച്ചയിലാണ് 13-ാം വയസ്സില്‍ നടന്ന സംഭവം അദ്ദേഹം വൈകാരികമായി വിവരിച്ചത്.
ടെന്നീസ് പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് കൊല്‍ക്കത്തയിലെ ഒരു ബസില്‍വെച്ച്  ബാലനായ ഒബ്രിയാന്‍ പീഡനത്തിനിരയായത്. പൊതുജീവിതം നയിക്കുന്ന കൂടുതല്‍ പേര്‍ അവര്‍ക്ക് ഇതുപോലുള്ള ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെങ്കില്‍ സമൂഹവുമായി പങ്കുവെക്കാന്‍ മുന്നോട്ടു വരണമെന്നും മുന്‍ ക്വിസ് മാസ്റ്റര്‍ കൂടിയായ ഡെറക് ഓബ്രിയന്‍ നിര്‍ദേശിച്ചു. കുട്ടികളെ ലൈംഗിക ചൂഷണത്തില്‍നിന്ന് രക്ഷിക്കുന്ന പോക്‌സോ ഭേദഗതി ബില്ലിനെ വളരെ സന്തോഷത്തോടെയും ശക്തമായും പിന്തുണക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നല്ല ഉദ്ദേശത്തോടെയുള്ള സ്പര്‍ശനത്തെ കുറിച്ചും തെറ്റായ സ്പര്‍ശനത്തെ കുറിച്ചും കുട്ടികളെ ബോധവല്‍ക്കരിക്കണമെന്ന് മറ്റു നിരവധി എം.പിമാര്‍ പറഞ്ഞു.
കുട്ടികള്‍ക്കെതിരായ കടുത്ത ലൈംഗിക അതിക്രമങ്ങള്‍ക്ക് വധശിക്ഷയും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുനേരെയുള്ള മറ്റു ലൈംഗിക കുറ്റകൃത്യങ്ങള്‍ക്ക് കടുത്ത ശിക്ഷയും വ്യവസ്ഥ ചെയ്യുന്ന പോക്‌സോ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ബില്‍ ഇനി ലോക്‌സഭയുടെ അംഗീകാരത്തിന് അയക്കണം. കുട്ടികളുടെ അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും തടവും പിഴയും 2019 ലെ പോക്‌സോ ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ് കഴിഞ്ഞ ദിവസം ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്നതിനാല്‍ പോക്‌സോ നിയമം ശക്തമാക്കാനുള്ള നിര്‍ദേശം ഈ മാസാദ്യം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചിരുന്നു.
പാര്‍ട്ടി ഭേദമന്യേ രാജ്യസഭാംഗങ്ങള്‍ വധശിക്ഷ ഉറപ്പാക്കുന്ന പോക്‌സോ ഭേദഗതി ബില്ലിനെ പിന്തുണച്ചു. ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്നും കര്‍ശന വ്യവസ്ഥകള്‍ ഉണ്ടായാലും ഇത്തരം കുറ്റകൃത്യങ്ങള്‍ കുറയുമെന്ന് കരുതന്നില്ലെന്നും കോണ്‍ഗ്രസ് നേതാവ് വിവേദ് കെ തംഖ പറഞ്ഞു. 2016 നുശേഷം കുട്ടികള്‍ക്കുനേരെ നടന്ന അതിക്രമങ്ങളുടെ വിവരങ്ങള്‍ നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. നിയമപ്രകാരം കുറ്റവാളികളെന്ന് കണ്ടെത്തുന്ന കേസുകള്‍ കുറവാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു ലക്ഷം കേസുകളില്‍ 10,000 എണ്ണത്തില്‍ മാത്രമാണ് വിചാരണ പൂര്‍ത്തിയാതെന്നും ഇതില്‍തന്നെ 30 ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും വിവേക് കെ തംഖ പറഞ്ഞു.
ഹീനമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരുടെ വരി ഉടക്കണമെന്ന് അണ്ണാ ഡി.എം.കെ നേതാവ് വിജില സത്യനാഥ് പറഞ്ഞു. വനിതാ ശിശുവികസനത്തിനായി സര്‍ക്കാര്‍ നീക്കിവെക്കുന്ന ബജറ്റ് വിഹിതം പൂര്‍ണായി ഉപയോഗപ്പെടുത്തണമെന്നും ധാരാളം ഫണ്ട് ഉപയോഗിക്കാതെ കിടക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Latest News