പ്രമുഖ വ്യവസായി പ്രമോദ് മിത്തല്‍  ബോസ്‌നിയയില്‍ അറസ്റ്റില്‍

സരാജേവോ- ഇന്ത്യയിലെ പ്രമുഖ ഉരുക്കുവ്യവസായി ലക്ഷ്മി മിത്തലിന്റെ ഇളയ സഹോദരനും വ്യവസായിയുമായ പ്രമോദ് മിത്തല്‍ ബോസ്‌നിയയില്‍ അറസ്റ്റിലായതായി റിപ്പോര്‍ട്ട്. അധികാര ദുര്‍വിനിയോഗം, സാമ്പത്തിക ക്രമക്കേട്, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പ്രമോദ് മിത്തലിനെ അറസ്റ്റ് ചെയ്തത്.
പ്രമോദ് മിത്തലിന് പങ്കാളിത്തമുള്ള ലൂക്കാവക്കിലെ ജി.ഐ.കെ.ഐ.എല്‍ പ്ലാന്റുമായി ബന്ധപ്പെട്ടാണ് കേസ്. ആയിരത്തോളം തൊഴിലാളികളുള്ള ഈ കമ്പനിയില്‍ 2003 മുതല്‍ പ്രമോദിന് പങ്കാളിത്തമുണ്ട്. 
പ്രമോദിന്റെ ഗ്ലോബല്‍ സ്റ്റീല്‍ ഹോള്‍ഡി0ഗ്‌സും പ്രദേശിക പൊതു മേഖലാസ്ഥാപനമായ കെഎച്ച്‌കെയും സംയുക്തമായാണ് കോക്കി0ഗ് പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. വ്യവസായശാലകള്‍ക്കാവശ്യമായ ഇന്ധനവിതരണമാണ് ഈ കമ്പനി നടത്തിവരുന്നത്.പ്രമോദിനെ കൂടാതെ കമ്പനിയുടെ ജനറല്‍ മാനേജര്‍ പരമേശ് ഭട്ടാചാര്യയേയും ഒരു സൂപ്പര്‍വൈസറി ബോര്‍ഡംഗത്തേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അധികാരദുര്‍വിനിയോഗവും സാമ്പത്തിക ക്രമക്കേടുകളും നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് നിയമവകുപ്പുദ്യോഗസ്ഥന്‍ അറിയിച്ചു. ഇന്ന്  കോടതിയില്‍ ഹാജരാക്കും.സാമ്പത്തിക ക്രമക്കേടുകളും അധികാര ദുര്‍വിനിയോഗവുമാണ് പ്രോസിക്യൂഷന്‍ കണ്ടെത്തിയത്. 20 കോടിയോളം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ പ്രമോദുള്‍പ്പെടെയുള്ളവര്‍ക്ക് 45 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും.
പ്രമോദ് മിത്തലിന് ബാല്‍ക്കന്‍സില്‍ അനവധി കമ്പനികളുണ്ട്. ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേട് കേസില്‍ പ്രമോദ് മിത്തലിനെ ജാമ്യത്തില്‍ പുറത്ത് വരാന്‍ സഹായിച്ചത് ലക്ഷ്മി മിത്തലായിരുന്നു. 2019 മാര്‍ച്ചിലായിരുന്നു ആ സംഭവം.

Latest News