ജിദ്ദ-ഖത്തറിനെതിരായ നടപടികള്‍ പിന്‍വലിക്കാന്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ മുന്നോട്ടുവെച്ച 13 ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി രണ്ടു ദിവസത്തേക്കു നീട്ടി. സൗദിക്കു പുറമെ യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ അനുവദിച്ച സമയപരിധി അവസാനിച്ചിരിക്കെയാണ് ഇതു 48 മണിക്കൂര്‍ കൂടി നീട്ടാനുള്ള തീരുമാനം.
മധ്യസ്ഥശ്രമങ്ങളുമായി രംഗത്തുള്ള കുവൈത്ത് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്്മദ് അല്‍ ജാബിര്‍ അല്‍ സബാഹിന്റെ അഭ്യര്‍ഥന പ്രകാരമാണ് ഉപാധികള്‍ പാലിക്കാനുള്ള സമയപരിധി നീട്ടുന്നതെന്ന് നാലു രാഷ്ട്രങ്ങളുടെ സംയുക്ത പ്രസ്താവന ഉദ്ധരിച്ച് സൗദി അറേബ്യന്‍ വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.
ഷെയ്ഖ് സബാഹുമായി ചര്‍ച്ച നടത്താന്‍ ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ഇന്നു കുവൈത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇന്ന് ഔേേദ്യാഗികമായി മറുപടി നല്‍കാമെന്ന് ഖത്തര്‍ അറിയിച്ചതായി കുവൈത്ത് അമീര്‍ നാല് രാഷ്ട്രങ്ങളെ ധരിപ്പിച്ചു. പ്രതിസന്ധി മൂര്‍ഛിക്കാതിരിക്കാനുള്ള നീക്കങ്ങളുമായി ഷെയ്ഖ് സബാഹ് രംഗത്തുണ്ട്.
അതേസമയം, 48 മണിക്കൂറിനുശേഷവും ഉപാധികള്‍ പാലിക്കാന്‍ ഖത്തര്‍ തയാറാകുന്നില്ലെങ്കില്‍ എന്തു നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കാന്‍ ഉപരോധം ഏര്‍പ്പെടുത്തിയ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ ബുധനാഴ്ച കയ്‌റോയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഈജിപ്ത് അറിയിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ ഈജിപ്ത് വക്താവ് വെളിപ്പെടുത്തിയില്ല.