Sorry, you need to enable JavaScript to visit this website.

എട്ടുപേരുടെ മാത്രം എതിർപ്പ്; യു.എ.പി.എ ബിൽ ലോക്‌സഭ പാസാക്കി

ന്യൂദൽഹി- എട്ടുപേരുടെ മാത്രം എതിർപ്പ് മറികടന്ന് യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കിയത്. എട്ടിനെതിരെ 284 വോട്ടുകൾക്കാണ് ബില്ല് പാസായത്.

ബിൽ സ്റ്റാന്റിങ് കമ്മിറ്റിയുടെ പരിഗണനയിൽ വിടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എം.പിമാർ ലോക്‌സഭയിൽ നിന്നും ഇറങ്ങിപ്പോയെങ്കിലും സ്പീക്കർ ഓം ബിർള സഭയിലുള്ളവരോട് വോട്ടു രേഖപ്പെടുത്താൻ ആവശ്യപ്പെടുകയായിരുന്നു.

കോൺഗ്രസിനു പുറമേ ഇടതുപക്ഷവും വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു.സംഘടനകൾക്കു പുറമേ വ്യക്തികളെയും ഭീകരതയുടെ പേരിൽ കരിമ്പട്ടികയിൽപ്പെടുത്തി തുടർനടപടികൾ സ്വീകരിക്കുന്നതിന് ദേശീയ അന്വേഷണ ഏജൻസിയ്ക്കും സർക്കാറിനും വിപുലമായ അധികാരം നൽകുന്നതാണ് നിയമഭേദഗതി ബിൽ.

ഭീകരപ്രവർത്തനത്തിന്റെ പേരിൽ ഏതെങ്കിലും വ്യക്തികളുടെ പേരിലുള്ള സ്വത്ത് സംസ്ഥാന പൊലീസിന്റെ സഹായമോ ഇടപെടലോ കൂടാതെ തന്നെ എൻ.ഐ.എയ്ക്ക് കണ്ടുകെട്ടാം. ഭീകരത കേസുകളിൽ അന്വേഷണ അധികാരം ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കിലുള്ളുവർക്കായിരുന്നത് താഴ്ന്ന റാങ്കിലുള്ള ഇൻസ്‌പെക്ടർമാർക്കു വിട്ടുകൊടുക്കുന്നതുകൂടിയാണ് നിയമഭേദഗതി ബിൽ. കേരളത്തിൽനിന്നുള്ള മുസ്ലിം ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, മുസ്ലിം ലീഗിന്റെ തമിഴ്‌നാട് എം.പി നവാസ് കനി, എ.ഐ.എം എം. എം.പിമാരായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, അസമിലെ എ.ഐ. യു.ഡി.എഫ് എം.പി ബദ്‌റുദ്ദീൻ അജ്മൽ, ജമ്മു കശ്മീരിലെ നാഷനൽ കോൺഫറൻസ് എം.പി ഹസ്‌നൈൻ മസൂദി എന്നിവരാണ് എതിർത്ത് വോട്ടു ചെയ്തത്.

Latest News