Sorry, you need to enable JavaScript to visit this website.

സ്മാർട്ട് ടാക്‌സികളിൽ ക്യാമറ നിർബന്ധമാക്കുന്നു

റിയാദ് - സ്മാർട്ട് ഫോൺ ആപ്പുകൾ അവലംബിച്ച് പ്രവർത്തിക്കുന്ന ടാക്‌സികളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കൽ നിർബന്ധമാക്കുന്നു. ഓരോ ടാക്‌സി കാറിലും അഞ്ചു വീതം ക്യാമറകൾ സ്ഥാപിക്കണമെന്ന് പൊതുഗതാഗത അതോറിറ്റി തയാറാക്കിയ നിയമാവലി ആവശ്യപ്പെടുന്നു. ടാക്‌സികളിൽ വ്യത്യസ്ത ഭാഗങ്ങളിലാണ് നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കേണ്ടത്. ഡ്രൈവറുടെ ഭാഗത്തും വാഹനം പുറത്തുനിന്ന് നിരീക്ഷിക്കുന്നതിനും യാത്രക്കാരെ നിരീക്ഷിക്കുന്നതിനുമാണ് ക്യാമറകൾ. യാത്രക്കാരെ നിരീക്ഷിക്കുന്നതിന് സ്ഥാപിക്കുന്ന ക്യാമറകൾ യാത്രക്കാരുടെ മുഖങ്ങളിലേക്കാണ് തിരിച്ചുവെക്കേണ്ടതെന്ന് വ്യവസ്ഥയുണ്ട്.
യാത്രയുടെ റൂട്ട് അറിയുന്നതിനും കൂടുതൽ ഉയർന്ന കൂലി ലഭിക്കുന്നതിന് ദൈർഘ്യമേറിയ റൂട്ടുകൾ ഉപയോഗിക്കുന്നതിൽനിന്ന് ഡ്രൈവർമാരെ വിലക്കുന്നതിനുമാണ് ടാക്‌സികളിൽ ക്യാമറകൾ നിർബന്ധമാക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് പൊതുഗതാഗത അതോറിറ്റി പറഞ്ഞു. ട്രിപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ആറു മാസത്തേക്ക് സൂക്ഷിക്കുന്നതിന് ടാക്‌സികളിലെ നിരീക്ഷണ ക്യാമറകളെ ഡി.വി.ആർ സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും നിയമാവലി ആവശ്യപ്പെടുന്നു. പബ്ലിക് ടാക്‌സികൾക്കും ഫാമിലി ടാക്‌സികൾക്കും എയർപോർട്ട് ടാക്‌സികൾക്കും ഇത് ബാധകമാണ്. മുഴുവൻ ടാക്‌സി കാറുകളിലും ട്രാക്കിംഗ് ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും  നിയമാവലി അനുശാസിക്കുന്നു.
 

Latest News