തൃശൂര്‍- ആമ്പല്ലൂര്‍ കരുവാപ്പടി ചേലിയേക്കര വീട്ടില്‍ തോമസ് മകന്‍ ഷൈജു (42) നെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴുപേരെ കഠിന തടവിനും 1.5 ലക്ഷം രൂപ പിഴ അടയ്ക്കാനും ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജ് ജോമോന്‍ ജോണ്‍ ശിക്ഷ വിധിച്ചു. ആമ്പല്ലൂര്‍ കരൂവാപ്പടി ആലുക്ക വീട്ടില്‍ ഷിന്റോ (39), പാലക്കുന്ന് പാലപ്പറമ്പില്‍ വീട്ടില്‍ സനോജ് (30), പൂക്കോട് വിനു (32), വരന്തരപ്പിള്ളി തെക്കുംമുറി കാട്ടുങ്ങല്‍ വീട്ടില്‍ വിഷ്ണു (32), കാളക്കല്ല് വൈദ്യക്കാരന്‍ രഞ്ജിത്ത് (32), പൂക്കോട് മാടത്തിങ്കല്‍ വിവേക് (32), പ്ലാവളപ്പില്‍ പ്രവീണ്‍ (31) എന്നിവരെയാണ് ശിക്ഷിച്ചത്. കൊലപാതക ശ്രമത്തിന് പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിന തടവിനും മാരകമായി പരിക്കേല്‍പ്പിച്ചതിന് ഏഴുവര്‍ഷം വീതം കഠിന തടവിനും പരുക്കേല്‍പ്പിച്ചതിന് മൂന്നുവര്‍ഷം വീതം ഉള്‍പ്പടെയാണ് ശിക്ഷ വിധിച്ചത്. തടവ് ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
ഒന്നാംപ്രതി ഷിന്റോയുടെ പ്രവര്‍ത്തികള്‍ പോലീസില്‍ അറിയിക്കുന്നുണ്ടെന്ന വിരോധത്തിലാണ് പ്രതികള്‍ സംഘം ചേര്‍ന്ന് ഷൈജുവിനെ കൊല്ലാന്‍ ശ്രമിച്ചത്. കേസില്‍ ഗൂഡാലോചന കുറ്റം ആരോപിച്ചിരുന്ന എട്ടുമുതല്‍ 12 വരെയുള്ള പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. വരന്തരപ്പിള്ളി പോലിസ് എസ്.ഐ.യായിരുന്ന ആര്‍.രതീഷ്‌കുമാര്‍ റജിസ്റ്റര്‍ ചെയ്ത കേസ് സി.ഐ. സി.ആര്‍.സേവ്യാറാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ.ജോബി ഹാജരായി.