തിരുവനന്തപുരം- ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടായെന്നും ഇക്കാര്യത്തില്‍ തെറ്റു തിരുത്തി മുന്നോട്ട് പോകുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
സി.പി.എമ്മിന്റെ ഭവന സന്ദര്‍ശനത്തോടനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു കോടിയേരി. സി.പി.എമ്മിന്റെ ഭവന സന്ദര്‍ശനത്തിനിടെ ജനങ്ങളോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം മനസ്സിലായത്. ജനങ്ങളുടെ വികാരം നേരത്തെ തന്നെ മനസ്സിലാക്കേണ്ടതായിരുന്നു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യ ഘട്ടത്തില്‍ സ്വാഗതം ചെയ്യുകയാണുണ്ടായത്. അതിന് ശേഷം ചില രാഷ്ട്രീയ കക്ഷികള്‍ തങ്ങളുടെ നിലപാട് മാറ്റി. അത് കണക്കിലെടുത്ത് നിലപാട് സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് ചില കോണുകളില്‍നിന്നു വിമര്‍ശം ഉയര്‍ന്നിരുന്നു. എന്നാല്‍ സുപ്രീം കോടതി വിധി നടപ്പിലാക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന് മുന്നിലുണ്ടായിരുന്ന പ്രായോഗിക നടപടി. ബാക്കി കാര്യങ്ങളില്‍ പരിമിതി ഉണ്ടായിരുന്നു. വിശ്വാസികള്‍ക്കും അയ്യപ്പ ഭക്തര്‍ക്കും എതിരല്ല ഇടതു മുന്നണിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് പിന്നാലെ സി.പി.എം സംസ്ഥാന തലത്തില്‍ ഗൃഹസന്ദര്‍ശനം നടത്തിവരികയാണ്. ശബരിമല അടക്കമുള്ള വിവാദ വിഷയങ്ങളിലെ പാര്‍ട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.എം പ്രവര്‍ത്തകര്‍ ഭവനങ്ങളിലെത്തുന്നത്. ഇതോടെ പാര്‍ട്ടിയില്‍നിന്ന് അകന്നവരെ തിരിച്ചു കൊണ്ടുവരാം എന്നാണ് സി.പി.എം നേതൃത്വത്തിന്റെ പ്രതീക്ഷ. ജന പ്രതിനിധികളെയും സംസ്ഥാന നേതാക്കളെയും വീടുകള്‍ കയറിയിറങ്ങാന്‍ സി.പി.എം നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലയില്‍ ഗൃഹസന്ദര്‍ശന പരിപാടിക്ക് കോടിയേരി ബാലകൃഷ്ണനാണ് തുടക്കമിട്ടത്. ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിക്കാന്‍ സംവാദ പരിപാടികള്‍ക്കും തുടക്കമിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഫേസ്ബുക്ക് സംവാദം ഇതിന്റെ ഭാഗമായാണ്. യൂനിവേഴ്‌സിറ്റി കോളേജ് സംഭവവും ശബരിമല വിഷയവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല വീട്ടുകാരും ഗൃഹസന്ദര്‍ശനത്തിനിടെ പാര്‍ട്ടി നേതാക്കളോട് ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ട്ടിയുടെ പ്രവര്‍ത്തന രീതിയില്‍ വരുത്തേണ്ട മാറ്റങ്ങളും ചര്‍ച്ചയായി. സംസ്ഥാന വ്യാപകമായി 28 വരെയാണ് ഗൃഹസന്ദര്‍ശന പരിപാടി.