മക്ക - കഴിഞ്ഞ ഒരാഴ്ചക്കിടെ മക്ക നഗരസഭ നടത്തിയ പരിശോധനകൾക്കിടെ 13.6 ടൺ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ഹജിനു മുന്നോടിയായി ബേക്കറികൾ അടക്കം ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ മക്ക നഗരസഭ ശക്തമായ പരിശോധനകളാണ് നടത്തുന്നത്. നഗരസഭക്കു കീഴിലെ പരിസ്ഥിതി ആരോഗ്യ വകുപ്പും കശാപ്പുശാലാ വിഭാഗവും സഹകരിച്ച് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന 23 സ്ഥാപനങ്ങളിൽ പരിശോധനകൾ നടത്തി. യൂനിഫോം ധരിക്കാതിരിക്കുകയും ആരോഗ്യ വ്യവസ്ഥകൾ ലംഘിക്കുകയും ചെയ്ത 39 തൊഴിലാളികൾ റെയ്ഡുകൾക്കിടെ പിടിയിലായി. ഉറവിടമറിയാത്ത 13,673 കിലോ ഭക്ഷ്യവസ്തുക്കൾ പരിശോധനക്കിടെ പിടിച്ചെടുത്ത് നശിപ്പിച്ചു. കാലാവധി തീർന്ന 79 ടിൻ ഫുഡുകളും അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.

	
	




