Sorry, you need to enable JavaScript to visit this website.

വാഹനാപകടത്തിൽ മാതാപിതാക്കൾ മരിച്ച ഈജിപ്ഷ്യൻ ബാലനെ മദീന ഗവർണർ സന്ദർശിച്ചു

വാഹനാപകടത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട ഈജിപ്ഷ്യൻ ബാലൻ അബ്ദുൽ അസീസിനെ കിംഗ് ഫഹദ്  ആശുപത്രിയിലെത്തി മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ സന്ദർശിക്കുന്നു.

മദീന - വാഹനാപകടത്തിൽ മാതാപിതാക്കൾ മരിച്ചതോടെ അനാഥനായി മാറിയ ഈജിപ്ഷ്യൻ ബാലൻ അബ്ദുൽ അസീസിനെ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ സന്ദർശിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഗവർണർ കിംഗ് ഫഹദ് ആശുപത്രിയിലെത്തി ബാലനെ സന്ദർശിച്ചത്. ബാലന്റെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ കുട്ടിക്ക് ഏറ്റവും മികച്ച ചികിത്സയും മറ്റു സേവനങ്ങളും നൽകാൻ നിർദേശിച്ചു. 
ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ബാലന് ഉപഹാരം സമ്മാനിക്കുകയും ചെയ്തു. തന്റെ വല്യുപ്പയും ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനുമായ അബ്ദുൽ അസീസ് രാജാവിന്റെ പേരാണ് നിനക്കിട്ടിരിക്കുന്നതെന്ന് പറഞ്ഞ് ബാലനെ ഗവർണർ ആശ്വസിപ്പിച്ചു. കുടുംബാംഗങ്ങളെയും സഹോദരന്മാരെയും മാതാപിതാക്കളെയും പോലെ സൗദി ഭരണാധികാരികളും ജനതയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞ് ബാലനെ ആശ്വസിപ്പിച്ച ഗവർണർ നെറ്റിയിൽ സ്‌നേഹ ചുംബനം നൽകിയാണ് ആശുപത്രി വിട്ടത്.
അപകടത്തിൽ പരിക്കേറ്റ് മദീന കിംഗ് ഫഹദ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബാലനെ മദീന നിവാസികൾ സന്ദർശിക്കുകയും ഉപഹാരങ്ങളും കളിക്കോപ്പുകളും മറ്റും സമ്മാനിക്കുകയും ചെയ്യുന്നുണ്ട്. ബാലന്റെ തുടയെല്ലിലെ പൊട്ടൽ ശരിയാക്കുന്നതിന് ഓപറേഷൻ നടത്തി. ബാലന്റെ ഇടുപ്പെല്ലും പൊട്ടിയിട്ടുണ്ട്. ഇതിനുള്ള ചികിത്സയും തുടരുന്നുണ്ട്. 
ഒരാഴ്ച കൂടി ബാലൻ ആശുപത്രിയിൽ ചികിത്സയിൽ തുടരേണ്ടിവരും. റാബിഗിൽ നിന്ന് മദീനയിലേക്ക് വരുന്നതിനിടെയാണ് മൂന്നംഗ ഈജിപ്ഷ്യൻ കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ മാതാപിതാക്കൾ മരണപ്പെട്ടതോടെ ബാലൻ തീർത്തും ഒറ്റക്കാവുകയായിരുന്നു.

 

Latest News