സൗദി മാധ്യമ പ്രവർത്തകര്‍ ഇസ്രായിൽ സന്ദർശിച്ചിട്ടില്ല

റിയാദ് - സൗദി, യു.എ.ഇ മാധ്യമ പ്രവർത്തകർ ഇസ്രായിൽ സന്ദർശിച്ചിട്ടില്ലെന്ന് ഫെഡറേഷൻ ഓഫ് അറബ് ജേണലിസ്റ്റ്‌സ് പ്രസ്താവനയിൽ അറിയിച്ചു. ഫെഡറേഷൻ ഓഫ് അറബ് ജേണലിസ്റ്റ്‌സിനു കീഴിലെ അംഗങ്ങളായ ജേർണലിസ്റ്റ്‌സ് അസോസിയേഷനുകളിലും ഓർഗനൈസേഷനുകളിലും പെട്ട ചില മാധ്യമ പ്രവർത്തകർ ഇസ്രായിൽ സന്ദർശിച്ചെന്ന റിപ്പോർട്ടുകളിൽ ഫെഡറേഷൻ അന്വേഷണം നടത്തിയിട്ടുണ്ട്. സൗദി ജേണലിസ്റ്റ്‌സ് അസോസിയേഷൻ, ബഹ്‌റൈൻ ജേണലിസ്റ്റ്‌സ് അസോസിയേഷൻ, യു.എ.ഇ ജേർണലിസ്റ്റ്‌സ് അസോസിയേഷൻ, ഇറാഖി ജേണലിസ്റ്റ്‌സ് സിണ്ടിക്കേറ്റ് എന്നിവ അടക്കം ഫെഡറേഷൻ ഓഫ് അറബ് ജേണലിസ്റ്റ്‌സിനു കീഴിലെ അംഗങ്ങളായ ജേണലിസ്റ്റ്‌സ് അസിയേഷനുകളിലും ഓർഗനൈസേഷനുകളിലും പെട്ട ഒരു മാധ്യമ പ്രവർത്തകനും ഇസ്രായിൽ സന്ദർശിച്ചിട്ടില്ലെന്ന് അന്വേഷണത്തിൽ അർഥശങ്കക്കിടമില്ലാത്തവിധം വ്യക്തമായി. 
വിദേശ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്ന, ആ രാജ്യങ്ങളുടെ പൗരത്വം നേടിയ അറബ് മാധ്യമ പ്രവർത്തകർ ഉൾപ്പെട്ട സംഘങ്ങളാകും ഇസ്രായിൽ സന്ദർശിക്കുന്നത്. മുഴുവൻ അറബ് മണ്ണും സ്വതന്ത്രമാക്കപ്പെടുകയും ജറൂസലം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം നിലവിൽവരികയും ചെയ്യുന്നതു വരെ സയണിസ്റ്റ് ശത്രുവുമായി ഏതു തരത്തിലുമുള്ള സാധാരണ ബന്ധത്തിനും എതിരെ നിലയുറപ്പിക്കുക എന്നതാണ് ഫെഡറേഷൻ ഓഫ് അറബ് ജേണലിസ്റ്റ്‌സിന്റെ അടിസ്ഥാന നിയമം. ഇത് സംഘടനക്കു കീഴിലെ മുഴുവൻ അംഗങ്ങളും മുറുകെ പിടിക്കുകയും പാലിക്കുകയും ചെയ്യുന്നതായി ഫെഡറേഷൻ പ്രസ്താവനയിൽ പറഞ്ഞു.

 

Latest News