മുസ്‌ലിമിനെ സഹായിച്ചതിന് ബി.ജെ.പി  ജയിലിലടക്കാന്‍ ശ്രമിക്കുന്നു-ഡി.കെ 

ബംഗളുരു-തന്നെ കുടുക്കാനും ജയിലില്‍ അടയ്ക്കാനും ബിജെപി ശ്രമിക്കുന്നുണ്ടെന്ന് കര്‍ണാടക മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഡി.കെ ശിവകുമാര്‍. 
വിശ്വാസ പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം നേതാവിനെ സഹായിച്ചതാണ് ബിജെപി തനിക്കെതിരെ തിരിയാന്‍ കാരണമെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു.  വിമത എംഎല്‍എമാര്‍ മുംബൈയിലെത്തിയ വേളയില്‍ താന്‍ അവരെ കാണാന്‍ പോയിരുന്നു. അവിടെവച്ച് ബിജെപി നേതാക്കള്‍ തന്നോട് ചെയ്ത കാര്യങ്ങള്‍ ഏറെ വേദനിപ്പിച്ചു. തന്നെ ജയിലിലടയ്ക്കാനാണ് ബിജെപി ഗൂഢാലോചന നടത്തുന്നത്. സ്പീക്കര്‍ തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും ഡികെ ശിവകുമാര്‍ നിയമസഭയില്‍ പറഞ്ഞു. ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ മുസ്ലിം നേതാവിനെ ജയിക്കാന്‍ സഹായിച്ചതാണ് ബിജെപി തനിക്കെതിരെ തിരിയാന്‍ കാരണം. മുംബൈയിലെത്തിയ തന്നെ ബിജെപി നേതാക്കളുടെ ഇടപെടല്‍ മൂലം കസ്റ്റഡിയിലെടുത്തു. ശേഷം മുംബൈ വിമാനത്താവളത്തില്‍ കൊണ്ടുപോയി തള്ളുകയായിരുന്നു. ഇത് ഒരിക്കലും മറക്കില്ലെന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. മുംബൈയില്‍ വച്ച് തന്നോട് ഒരു ക്രമിനലിനെ പോലെയാണ് പെരുമാറിയത്. കര്‍ണാടകയിലെ ഒരു മന്ത്രിയാണ് എന്ന പരിഗണന തനിക്ക് നല്‍കിയില്ല.

Latest News