Sorry, you need to enable JavaScript to visit this website.

മദ്യപിച്ചാല്‍ വാഹനം ഓടിക്കാനാവില്ല; സീറ്റ് ബെല്‍റ്റിട്ടില്ലെങ്കില്‍ വിവരം കണ്‍ട്രോള്‍ റൂമില്‍

ന്യൂദല്‍ഹി- വാഹനാപകട മരണ നിരക്ക് ഗണ്യമായി കുറച്ച സംസ്ഥാനം എന്ന നിലയില്‍ തമിഴ്‌നാടിന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ അഭിനന്ദനം. സാങ്കേതിക വിദ്യകള്‍ കൂടുതല്‍ വരുന്നതോടെ അപകടങ്ങളുടെ എണ്ണം കുറയും. മദ്യപിച്ചയാള്‍ക്ക് വാഹനം ഓടിക്കാന്‍ കഴിയാത്ത സാങ്കേതിക വിദ്യ വാഹനങ്ങളില്‍ നടപ്പാക്കും. അതു പോലെ തന്നെ സീറ്റ് ബെല്‍റ്റില്ലാതെ യാത്ര ചെയ്താല്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ അലര്‍ട്ട് എത്തുന്ന സാങ്കേതി വിദ്യ വരുമെന്നും മന്ത്രി പറഞ്ഞു.
ബില്‍ നിയമമായി പ്രാബല്യത്തിലാകുന്നതോടെ റോഡപകടങ്ങള്‍ ഗണ്യമായി കുറയുമെന്ന് മന്ത്രി അവകാശപ്പെട്ടു. ബില്ലിലെ വ്യവസ്ഥകള്‍ ഒരു തരത്തിലും സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
മോട്ടോര്‍ വാഹന ഭേദഗതി നിയമ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുകയായിരുന്നു മന്ത്രി. ബില്‍ ലോക്‌സഭ പാസാക്കി.  സംസ്ഥാനങ്ങളുടെ അവകാശങ്ങളില്‍ കടന്നു കയറുന്ന വ്യവസ്ഥകളാണെന്ന പ്രതിപക്ഷ ആരോപണങ്ങളെ മറികടന്നാണ് ബില്ല് പാസായത്.
എന്നാല്‍, സംസ്ഥാനങ്ങളുടെ അവകാശങ്ങളൊന്നും കവരില്ലെന്ന് ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ക്കു മറുപടി പറഞ്ഞ കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി. ബില്‍ പൂര്‍ണമായും റോഡ് സുരക്ഷയെ കരുതിയുള്ളതാണെന്ന് മന്ത്രി ആവര്‍ത്തിച്ചു. റോഡ് ഗാതഗതത്തിന്റെ ചുമതല സംസ്ഥാനങ്ങള്‍ക്ക് തന്നെ തുടരാമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന, അന്തര്‍സംസ്ഥാന യാത്രാ സ്വാതന്ത്ര്യം ഉറപ്പു വരുത്തുന്നതാണ് ദേശീയ ഗതാഗത നയം. ഇതില്‍ സംസ്ഥാനങ്ങള്‍ ചേരണമെന്നത് നിര്‍ബന്ധ വ്യവസ്ഥയല്ല. എന്നാല്‍, എല്ലാ സംസ്ഥനങ്ങളും  ഗതാഗത നയം നടപ്പാക്കണമെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

 

 

Latest News