ന്യൂദൽഹി- കശ്മീർ വിഷയത്തിൽ ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിൽ മധ്യസ്ഥത വഹിക്കാൻ തന്നോട് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടുവെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ പറ്റി മോഡി രാജ്യത്തോട് പരസ്യമായി വിശദീകരണം നൽകണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ട്രംപിന്റെ അവകാശവാദം ശരിയാണെങ്കിൽ മോഡി ഇന്ത്യയെ വഞ്ചിച്ചിരിക്കുന്നു. 1972-ലെ ഷിംല കരാറിലെ താൽപര്യങ്ങളെയാണ് മോഡി ഒറ്റുകൊടുത്തത്. ദുർബലമായ വിദേശമന്ത്രാലയം ഇക്കാര്യത്തിൽ എന്തെങ്കിലും വിശദീകരണം നൽകിയിട്ട് കാര്യമില്ല. മോഡിയും ട്രംപും തമ്മിൽ നടന്ന കൂടിക്കാഴ്ച്ചയുടെ വിശദീകരണം മോഡി രാജ്യത്തോട് വ്യക്തമാക്കണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. ട്രംപ് മധ്യസ്ഥം വഹിക്കണമെന്ന് മോഡി ആവശ്യപ്പെട്ടുവെന്ന യു.എസ് അവകാശവാദം ഇന്ത്യ നേരത്തെ തള്ളിയിരുന്നു. ട്രംപിന്റെ ഈ അവകാശവാദത്തിനെതിരെ ഇന്ത്യ യു.എസ് സ്‌റ്റേറ്റ് ഡിപ്പാർട്ടുമെന്റിൽ പ്രതിഷേധം അറിയിച്ചു.
ഇതിനു പിന്നാലെ കശ്മീർ തർക്കം ഇന്ത്യയ്ക്കും പാക്കിസ്ഥാനും ഇടയിലുള്ള ഉഭയകക്ഷി പ്രശ്‌നമാണെന്ന് യു.എസ് എല്ലായ്‌പ്പോഴും തിരിച്ചറിയുന്നുണ്ട് എന്ന് സ്‌റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വിശദീകരണം നൽകിയിരിക്കുകയാണ്. വാഷിംഗ് ടൺ ഡിസിയിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായുള്ള കൂടികാഴ്ച്ചക്കിടെയായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടിരുന്നെന്നും ട്രംപ് മധ്യസ്ഥത വഹിക്കുന്നതിൽ ഇമ്രാൻ ഖാന് എതിർപ്പില്ലെങ്കിൽ താൻ അത് ചെയ്യാമെന്നും ട്രംപ് പറഞ്ഞിരുന്നു. കശ്മീർ വിഷയത്തിൽ എനിക്ക് നിങ്ങളെ സഹായിക്കാൻ കഴിയുമെങ്കിൽ ഞാൻ അത് ചെയ്യാം' ട്രംപ് പറഞ്ഞു. തന്നെ പാക്കിസ്ഥാനിലേക്ക് ക്ഷണിക്കുകയാണെങ്കിൽ താൻ അത് സ്വീകരിക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.