Sorry, you need to enable JavaScript to visit this website.

ചെറുകിട സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ലെവി ഇളവ്; വിശദീകരണവുമായി മന്ത്രാലയം

റിയാദ്- ഒൻപതു വരെ ജോലിക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലെ നാലു തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന ലെവി ആനുകൂല്യം സംബന്ധിച്ച് സൗദി തൊഴിൽ മന്ത്രാലയം വിശദീകരണം നൽകി. ഇത് സംബന്ധിച്ചുള്ള വായനക്കാരുടെ നിരന്തര ആവശ്യത്തെ തുടർന്ന് തൊഴിൽ മന്ത്രാലയ അധികൃതരുമായി മലയാളം ന്യൂസ് ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് വിശദീകരണം ലഭിച്ചത്.
1440 ശഅബാൻ 25ന് മുമ്പ് രജിസ്റ്റർ ചെയ്ത മുഴുവൻ ചെറുകിട സ്ഥാപനങ്ങളിലെയും നാലു തൊഴിലാളികൾക്കാണ് ലെവി ആനൂകൂല്യം ലഭിക്കുക. അതായത് 1435 ശഅബാൻ 25ന് രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലെ തൊഴിലാളികൾക്ക് 1440 ശഅബാൻ 25 വരെ ലെവി ഇല്ല. 1436 റമദാൻ ഒന്നിന് രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലെ തൊഴിലാളിക്ക് 1441 റമദാൻ ഒന്നുവരെ ലെവി ഇല്ല. 1440 ശഅബാൻ 24ന് രജിസ്റ്റർ ചെയ്ത സ്ഥാപനത്തിലെ തൊഴിലാളിക്ക് 1445 ശഅബാൻ 24 വരെ ലെവി ഇല്ല. അതായത് സ്ഥാപനം എന്നാണോ രജിസ്റ്റർ ചെയ്തത് അതു മുതൽ അഞ്ചു വർഷത്തേക്ക് ലെവി ഇല്ല എ്ന്ന് ചുരുക്കം. അതേസമയം 1440 ശഅബാൻ 25ന് ശേഷം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് ആനുകൂല്യം ലഭിക്കില്ല.

നൂറു റിയാൽ വർക്ക് പെർമിറ്റ് ചാർജും 650 റിയാൽ ജവാസാത്ത് ചാർജും അടച്ച് ഇഖാമ പുതുക്കാൻ ചെറുകിട സ്ഥാപനങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യം ജൂൺ അവസാനവാരം മുതൽ അവസാനിച്ചു തുടങ്ങിയിരുന്നു. ചില സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് അനൂകൂല്യം ലഭിക്കുകയും മറ്റു ചിലർക്ക് ആനുകൂല്യം ലഭിക്കുകയും ചെയ്തില്ല. തുടർന്നാണ് നിരവധി പേർ ഇത് സംബന്ധിച്ച് വിശദീകരണം ആരാഞ്ഞത്. 
ചെറുകിട സ്ഥാപനങ്ങളിലെ നാലു ജീവനക്കാർക്ക് ലഭിച്ചിരുന്ന ലെവി ആനുകൂല്യം അഞ്ചുവർഷത്തേക്ക് മാത്രമായിരുന്നുവെന്നും ആനുകൂല്യ കാലാവധി ദീർഘിപ്പിക്കാൻ പദ്ധതിയില്ലെന്നും തൊഴിൽമന്ത്രാലയം അറിയിച്ചു.


വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കുന്നതിനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക


ആനുകൂല്യം പ്രയോജനപ്പെടുത്തിയ പല സ്ഥാപനങ്ങളുടേയും കാലാവധി അവസാനിച്ചതിനാൽ ലെവി ഇളവ് നിർത്തിവെച്ചിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ മറ്റുള്ളവരെ പോലെ നിലവിലെ മുഴുവൻ ലെവിയും അടച്ച് ഇഖാമ പുതുക്കണമെന്നും ചോദ്യത്തിനുത്തരമായി നേരത്തെ മന്ത്രാലയം വിശദീകരിച്ചിരുന്നു.
ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള, ഉടമയായ സൗദി പൗരൻ ജോലി ചെയ്യുന്ന ചെറുകിട സ്ഥാപനങ്ങളിൽ നാലു വിദേശി ജീവനക്കാർക്ക് ഇഖാമ പുതുക്കുന്നതിന് ലെവി ഒഴിവാക്കിയതായി 2014 ജൂൺ അവസാനവാരത്തിലാണ് അന്നത്തെ തൊഴിൽമന്ത്രി എഞ്ചി. ആദിൽ ഫഖീഹ് പ്രഖ്യാപിച്ചത്. ജൂൺ 23ന് ചേർന്ന മന്ത്രിസഭ യോഗ തീരുമാനപ്രകാരമായിരുന്നു ഈ നടപടി.

ചെറുകിട സ്ഥാപനങ്ങളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും സാമ്പത്തിക ബാധ്യത കുറച്ച് ഉടമകളെ സഹായിക്കുന്നതിനും വേണ്ടി 1435 ശഅബാൻ 25 മുതൽ 1440 ശഅബാൻ 25 വരെയുള്ള അഞ്ചുവർഷക്കാലാവധിയിലാണ് ലെവിയിളവ് ആനുകൂല്യം അനുവദിച്ചിരുന്നത്. 1435 ശഅബാൻ 25 ന് മുമ്പ് തൊഴിൽമന്ത്രാലയത്തിൽ അക്കൗണ്ട് തുറന്ന സ്ഥാപനങ്ങൾക്കാണ് ഈ തിയ്യതി മുതൽ ഇളവ് നൽകിയിരുന്നത്. എന്നാൽ 1435 ശഅബാൻ 25 ന് ശേഷം അക്കൗണ്ട് തുറന്ന സ്ഥാപനങ്ങൾക്ക് അന്നു മുതൽ അഞ്ചുവർഷം വരെ ആനുകൂല്യം ലഭിക്കും.

1440 ശഅബാൻ 25 ന് ശേഷം അക്കൗണ്ട് തുറന്ന സ്ഥാപനങ്ങളെ ഈ വിഭാഗത്തിൽ പെടുത്തില്ല. അഥവാ ഇക്കഴിഞ്ഞ ശഅബാൻ 25 (ഏപ്രിൽ 30)ന് ശേഷം തൊഴിൽമന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾക്ക് ഈ ആനുകൂല്യം ലഭിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ശഅബാനിലാണ് കാലാവധി അവസാനിച്ചതെങ്കിലും അഞ്ചുവർഷം ആനുകൂല്യം കൈപറ്റിയവർക്ക് ജൂൺ അവസാനം മുതലാണ് ഇളവ് റദ്ദായി തുടങ്ങിയത്. അഞ്ചുവർഷം പൂർത്തിയാക്കാത്തവർക്ക് ഇളവ് ആനുകൂല്യം ഇനിയും ലഭിക്കും.
ചെറുകിട സ്ഥാപന ഉടമകൾ ജീവനക്കാരുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതിനായി തൊഴിൽമന്ത്രാലയത്തിന്റെ ഇ സർവീസ് വഴി ശ്രമിച്ചപ്പോഴാണ് ലെവി ഇളവ് റദ്ദായ വിവരം അറിയുന്നത്. നേരത്തെ 100 റിയാൽ അടച്ചവർക്ക് 8000ത്തിന് മുകളിൽ ചാർജ് വന്നതോടെ വിഷയത്തെ കുറിച്ച് തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ ട്വിറ്റർ, ഫേസ്ബുക്കിലും കസ്റ്റമർ കെയറിലുമെല്ലാം ഉടമകൾ അന്വേഷണം തുടങ്ങി. അധികൃതർ അതിന് കൃത്യമായ മറുപടിയും നൽകിവരുന്നുണ്ട്.

1434 മുഹറം ഒന്ന് മുതലാണ് വിദേശികളുടെ ഇഖാമ പുതുക്കുന്നതിന് ലെവി അടക്കണമെന്ന വ്യവസ്ഥ തൊഴിൽ മന്ത്രാലയം നടപ്പാക്കിയത്. 2018 ജനുവരി ഒന്ന് വരെ പ്രതിമാസം 200 റിയാൽ പ്രകാരം 2400 റിയാൽ ആയിരുന്നു ലെവിയായി നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് അതിൽ ഭേദഗതി വരുത്തി.

2018ൽ സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് ഇഖാമ പുതുക്കാൻ 4800 റിയാലും കുറവുള്ളവർക്ക് 3600 റിയാലുമായിരുന്നു ലെവി സംഖ്യ. 2019 ജനുവരി മുതൽ സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 600 റിയാൽ പ്രകാരം വർഷത്തിൽ 7,200 റിയാലും സ്വദേശികളേക്കാൾ കുറവുള്ള വിദേശികൾക്ക് 500 റിയാൽ പ്രകാരം 6,000 റിയാലും 2020 ജനുവരി മുതൽ സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് പ്രതിമാസം 800 റിയാൽ പ്രകാരം വർഷത്തിൽ 9,600 റിയാലും സ്വദേശികളുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 700 റിയാൽ പ്രകാരം 8,400 റിയാലും ലെവിയായി നിശ്ചയിക്കപ്പെട്ടു. ആനുകൂല്യം അവസാനിച്ച ചെറുകിട സ്ഥാപനങ്ങൾക്ക് ഇതു പ്രകാരമുള്ള ലെവിയാണ് ഇനി അടക്കേണ്ടിവരിക.
 

Latest News