Sorry, you need to enable JavaScript to visit this website.

വിമാനം മോഷ്‌ടിക്കാൻ 13 കാരന്റെ ശ്രമം; ബുദ്ധിയുള്ള കുട്ടിയെന്നു എയർപോർട്ട് ഡയറക്‌ടർ

ബെയ്‌ജിങ്‌- ചൈനയിൽ വിമാനം മോഷ്‌ടിക്കാനുള്ള ശ്രമത്തിനിടെ പതിമൂന്നുകാരൻ പോലീസ് പിടിയിലായി. ഒടുവിൽ വൻ പിഴ ചുമത്തിയതോടൊപ്പം വിമാനം പറത്താനുള്ള പഠന സൗകര്യവും അധികൃതർ ഒരുക്കി. ചൈനയിലെ ഷെജ്യാങ് പ്രവിശ്യയിലെ ഹുസോഹു നഗരത്തിലെ വിമാനത്താവളത്തിലാണ് സംഭവം.  സംഭവത്തിന്റെ ദൃശ്യം ചൈനീസ് സോഷ്യൽ മീഡിയകളിൽ വൻ ഹിറ്റാണ്. അർദ്ധ രാത്രി വിമാനത്താവളത്തിൽ അതിക്രമിച്ചു കയറിയ പതിമൂന്നു കാരൻ ചെറു വിമാനം ഓടിക്കാൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ ഈ വിമാനം സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു. എന്നാൽ പതിമൂന്നു കാരൻ തന്റെ ശ്രമത്തിൽ നിന്നും പിന്തിരിഞ്ഞില്ല. ഇതിൽ നിന്നും ഇറങ്ങി അടുത്ത ചെറു വിമാനത്തിലേക്ക് പോയി അതും ഓടിക്കുകയായിരുന്നു. അത് അൽപം ഓടിച്ച ശേഷമാണു കൊച്ചു മിടുക്കനായ കള്ളൻ പുറത്ത് കടന്നത്. 
        എന്നാൽ, സംഭവത്തിൽ വിദ്യാർത്ഥിയെ പിടികൂടിയ പോലീസ് വിമാനം കേടു വരുത്തിയ കേസിൽ വൻ തുക പിഴ ഈടാക്കിയിട്ടുണ്ട്. 8000 യുവാൻ നഷ്‌ടമുണ്ടാക്കിയതായാണ് കണക്കുകൾ. എന്നാൽ, പതിമൂന്നനുകാരന്റെ ഈ സാഹസികതയിൽ അധികൃതർ അഭിനന്ദിക്കുകയാണ് ചെയ്‌തത്‌. യാതൊരു പരിശീലനവും ലഭിക്കാതെ ഇത്ര ചെറുപ്പത്തിൽ തന്നെ വിമാനം നിലത്ത് നിന്ന് നിയന്ത്രിക്കാൻ കഴിഞ്ഞത് വലിയൊരു കാര്യമായിട്ടാണ് ഇവർ ചൂണ്ടിക്കാണിച്ചത്. സംഭവത്തിൽ വിദ്യാർത്ഥിക്ക് പിഴ ഈടാക്കിയ അധികൃതർ വിമാനം പറത്താനുള്ള പരിശീലനവും നൽകാമെന്നറിയിച്ചിട്ടുണ്ട്. വിദ്യാർത്ഥി നല്ല ബുദ്ധിശാലിയാണെന്നും നിരീക്ഷണത്തിലൂടെ മാത്രം പഠിക്കുന്നത് അസാധ്യമാണെന്നും വിമാനത്താവള ഡയറക്‌ടർ പറഞ്ഞു. കഴിഞ്ഞ വർഷം അമേരിക്കൻ പടിഞ്ഞാറൻ നഗരിയായ യുതയിൽ 14,15 വയസുള്ള രണ്ടു വിദ്യാർത്ഥികൾ ചെറുവിമാനം മോഷ്‌ടിച്ചു പറത്തിയതിന് പിടിയിലായിരുന്നു. 

Latest News