ട്രംപിന്റെ പ്രസ്‌താവനയിൽ ഇന്ത്യയോട് ക്ഷമ ചോദിച്ച് ഡെമോക്രാറ്റിക് നേതാവ് ബ്രാഡ് ഷെര്‍മാന്‍

വാഷിംഗ്‌ടൺ- കാശ്‌മീർ വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്‌താവനയിൽ ഇന്ത്യ പ്രതികരിച്ചതോടെ ട്രംപിന്റെ പ്രസ്താവനയെ തള്ളി ഡെമോക്രാറ്റിക് നേതാവ് ബ്രാഡ് ഷെര്‍മാന്‍. ഇക്കാര്യത്തിൽ  ഇന്ത്യയോട് ക്ഷമ ചോദിക്കുന്നതായി അമേരിക്കൻ നിയമ നിർമ്മാതാവ് കൂടിയായ ഡെമോക്രാറ്റിക് നേതാവ് ബ്രാഡ് ഷെര്‍മാന്‍ അറിയിച്ചു. ട്രംപിന്റെ ലജ്ജാകരമായ തെറ്റിന് ഞാൻ ഇന്ത്യൻ അംബാസഡർ ഹർഷ് ഷ്രിംഗ്ലയോട് ക്ഷമ ചോദിക്കുന്നുവെന്നു ഷെർമാൻ ട്വീറ്റ് ചെയ്‌തു. കശ്മീര്‍ പ്രശ്‌നപരിഹാരവുമായി ബന്ധപ്പെട്ട് ഇന്ത്യക്കും അമേരിക്കക്കും ഇടയില്‍ പുതിയ തര്‍ക്കം ഉയർന്നതിനിടെയാണ് ട്രംപിന്റെ നിലപാടിനെ തള്ളി ഡെമോക്രാറ്റിക് നേതാവ് രംഗത്തെത്തിയത്. കാശ്‌മീർ  പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ മധ്യസ്ഥത തേടിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശവാദം ഉന്നയിക്കുകയും ഇന്ത്യ ഇത് നിഷേധിക്കുകയും ചെയ്‌തിരുന്നു. 
       ‘ഇന്ത്യയും പാക്കിസ്ഥാനും ആവശ്യപ്പെട്ടാല്‍ കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാമെന്നു യു.എസ് പ്രസിഡന്റ് പറഞ്ഞതായി കണ്ടു. അങ്ങനെയൊരു ആവശ്യമോ അഭ്യര്‍ഥനയോ പ്രധാനമന്ത്രി മോദി നടത്തിയിട്ടില്ല. പാക്കിസ്ഥാനുമായുള്ള എല്ലാ വിഷയങ്ങളും ഇരുരാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര വിഷയമാണ്. ഇക്കാര്യത്തില്‍ മൂന്നാംകക്ഷി മധ്യസ്ഥതയുടെ ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ പ്രഖ്യാപിത നിലപാട്’- വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

Latest News