ന്യൂദല്‍ഹി- കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഹായം തേടിയെന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവന ഇന്ത്യ തള്ളി. കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥം വഹിക്കാന്‍ ട്രംപിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യ വക്താവ് പറഞ്ഞു.
ഇന്ത്യയ്ക്കും പാകിസ്ഥാനും ഇടയില്‍ മധ്യസ്ഥത വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ആവശ്യപ്പെട്ടതായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചക്കു ശേഷമാണ് ട്രംപ് മാധ്യമ പ്രവര്‍ത്തരോട് പറഞ്ഞത്.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി സഹായം അഭ്യര്‍ഥിച്ചുവെന്നാണ് അദ്ദേഹം വെളിപ്പെടുത്തിയത്. കശ്മീരിലെ സ്ഥിതി വളരെ വഷളാണെന്നും രണ്ട് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അമേരിക്കയ്ക്ക് ഇടപെടാന്‍ കഴിയുമെങ്കില്‍ ഇടപെടാമെന്നും ട്രംപ് പറഞ്ഞു.
ഒസാക്കയില്‍ ജി 20 ഉച്ചകോടിക്കിടെയാണ് കശ്മീര്‍ വിഷയത്തില്‍ മോഡി സഹായം അഭ്യര്‍ഥിച്ചതെന്നാണ് ട്രംപിന്റെ അവകാശവാദം. ട്രംപിന്റെ പരാമര്‍ശത്തിനു പിന്നാലെ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്ന ആവശ്യവുമായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തുവന്നതിനെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
ട്രംപ് മധ്യസ്ഥത വഹിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ആവിശ്യപ്പെട്ടിട്ടില്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്ന് വക്താവ് വിശദീകരിച്ചു.