മരത്തില്‍നിന്ന് വീണ് നട്ടെല്ല് തകര്‍ന്നു; വെടിവെച്ച് ജീവനൊടുക്കി

ഇടുക്കി- അപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ സ്വയം വെടിവെച്ച് മരിച്ചു. പൂപ്പാറക്ക് സമീപം മുള്ളന്‍തണ്ട് കാക്കുന്നേല്‍ കെ.പി.സന്തോഷ് ആണ് വീട്ടിനുള്ളില്‍ കഴുത്തിന് നാടന്‍ തോക്കുകൊണ്ട് വെടിവച്ച് മരിച്ചത്.
വൈകിട്ട് നാലരയോടെയാണ് സംഭവം. ഒരു മാസം മുമ്പ് മരത്തില്‍ നിന്നും വീണതിനെത്തുടര്‍ന്ന് നട്ടെല്ലിന് പരിക്കേറ്റ് ചികില്‍സക്ക് ശേഷം വീട്ടില്‍ കിടപ്പിലായിരുന്നു. അടുത്ത ദിവസങ്ങളില്‍ സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടതിനാല്‍ ഉച്ചയോടെ വീട്ടില്‍ നിന്നും പുറത്തുപോയി. മടങ്ങി എത്തിയ ശേഷം വീട്ടില്‍ സൂക്ഷിച്ചിരുന്ന തോട്ടാക്കുഴല്‍ കൊണ്ട് കഴുത്തില്‍ വെടിവെക്കുകയായിരുന്നു. വെടിയുണ്ട വലത് കണ്ണ് തകര്‍ത്ത് പുറത്തുവന്നു. ഭാര്യ രജനിയും മകന്‍ അര്‍ജുനും ഈ സമയം വീടിന് സമീപം പറമ്പില്‍ പണികള്‍ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. വലിയ ശബ്ദം കേട്ട് ഇവരും സമീപവാസികളും ഓടിയെത്തിയപ്പോള്‍ സന്തോഷ് മുറിയില്‍ വീണുകിടക്കുന്നതാണ് കണ്ടത്. രാജകുമാരിയില്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഇടുക്കി ജില്ലാ സഹകരണ ബാങ്കില്‍ നാല് ലക്ഷത്തോളം രൂപയുടെ വായ്പയുള്ളതായും പറയപ്പെടുന്നു. വര്‍ഷങ്ങളായി വീട്ടില്‍ സൂക്ഷിച്ചുവരുന്ന തോക്കിന് ലൈസന്‍സ് ഇല്ലെന്നാണ് പ്രാഥമിക വിവരം. ശാന്തന്‍പാറ സി.ഐ പി.ആര്‍.പ്രദീപ് കുമാറിന്റെ നേതൃത്വത്തില്‍ മേല്‍ നടപടി സ്വീകരിച്ചു.

 

Latest News