Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നിപ ബാധിച്ച യുവാവ് പൂർണ സുഖം പ്രാപിച്ചു, നാളെ ആശുപത്രി വിടും; യാത്രയയക്കാൻ മന്ത്രിയും

കൊച്ചി- നിപ വൈറസ് ബാധിച്ച് ചികിൽസയിലിരിക്കുന്ന എറണാകുളം പറവൂർ വടക്കേക്കര സ്വദേശിയായ യുവാവ് നാളെ ആശുപത്രി വിടും. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ 53 ദിവസത്തെ ചികിൽസയ്ക്കു ശേഷമാണ് യുവാവ്  ആശുപത്രി വിടുന്നത്. 
രാവിലെ എട്ടു മുതൽ ആശുപത്രിയിൽ യുവാവിന് യാത്രയയപ്പു ചടങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജയും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. മെയ് 30 നാണ് 23 വയസ്സുള്ള എൻജീനീയറിംഗ് വിദ്യാർഥിയായ യുവാവ് സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയത്.ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യുവാവിന് നിപ വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തി. തുടർന്ന് ആശുപത്രി അധികൃതർ വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു. 
പൂനെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിൽ നടത്തിയ പരിശോധനയിൽ നിപ ബാധ സ്ഥിരീകരിച്ചതോടെ  എറണാകുളത്ത് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിപുലമായ പ്രതിരോധ പ്രവർത്തനങ്ങളാണ് ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. യുവാവിനെ പരിചരിച്ച നഴ്‌സുമാരും സമ്പർക്കം പുലർത്തിയവരുമടക്കം 300 ലധികം പേരുടെ പട്ടിക തയാറാക്കി ഇവരെ നിരന്തരമായി നിരീക്ഷിക്കുകയും സംശയം തോന്നിയവരെ കളമശ്ശേരി മെഡിക്കൽ കോളേജിൽ പ്രത്യേകം തയാറാക്കിയ ഐസൊലേഷൻ വാർഡുകളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. നിപ വൈറസ് ബാധയുടെ ഉറവിടം തേടി കേന്ദ്രത്തിൽ നിന്നടക്കം വിദഗ്ധ സംഘം എറണാകുളത്തെിത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. രോഗം നിയന്ത്രണ വിധേയമായിട്ടും ആരോഗ്യ വകുപ്പ് നിരീക്ഷണം തുടർന്നിരുന്നു. യാത്രയയപ്പിനു ശേഷം നടക്കുന്ന വാർത്താ സമ്മേളനത്തിൽ നിലവിൽ എറണാകുളം ജില്ലയിലെ നിപ രോഗത്തിന്റെ അവസ്ഥ സംബന്ധിച്ച് മന്ത്രി കെ കെ ശൈലജ പ്രഖ്യാപനം നടത്തുമെന്നാണ് വിവരം.

Latest News