Sorry, you need to enable JavaScript to visit this website.

ജനങ്ങളുടെ പരാതി കേൾക്കാൻ സി.പി.എം നേതാക്കൾ നേരിട്ടിറങ്ങുന്നു

കാസർകോട് - ജനങ്ങളുടെ പരാതി കേൾക്കാൻ സി.പി.എം നേതാക്കൾ നേരിട്ടിറങ്ങുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടർന്ന് പാർട്ടിയിൽ നിന്നും ഇടതുമുന്നണിയിൽ നിന്നും ജനങ്ങൾ ഏറെ അകന്നുപോയെന്ന തിരിച്ചറിവിലാണ് സി.പി.എം നേതൃത്വത്തിന്റെ പുതിയ നീക്കം. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പും മുഖ്യ ലക്ഷ്യമാണ്. പാർട്ടിയുടെ പ്രാദേശിക ഘടകങ്ങൾ ജനങ്ങളിൽ നിന്നും അകന്നുപോയെന്നും മുൻകാലങ്ങളിലെ പോലെ അവരുമായി നേതാക്കൾ അടുപ്പം സ്ഥാപിക്കുന്നില്ലെന്നും സി.പി.എം നേതൃത്വം വിലയിരുത്തുന്നു. ഇതേത്തുടർന്നാണ് നേതാക്കൾ തന്നെ വീടുകളിൽ കയറിയിറങ്ങി ജനങ്ങളുടെ അഭിപ്രായങ്ങൾ അറിയണമെന്ന് സംസ്ഥാന സമിതി ജില്ലാ ഘടകങ്ങൾക്ക് നിർദേശം നൽകിയത്. പാർട്ടിയുടെയും സംസ്ഥാന സർക്കാരിന്റെയും പ്രവർത്തനങ്ങളെ കുറിച്ചുള്ള അഭിപ്രായം ജനങ്ങൾക്ക്  നേതാക്കളോടും പ്രവർത്തകരോടും നേരിട്ട് പറയാം. പരാതിയും ഉന്നയിക്കാം. പ്രവർത്തനങ്ങളിലെ യോജിപ്പുകളും വിയോജിപ്പുകളും നേതാക്കളെ നേരിട്ട് അറിയിക്കുകയും ചർച്ച ചെയ്യുകയുമാവാം. 
ഒരാഴ്ച നീളുന്ന ഗൃഹസന്ദർശന പരിപാടി ഇന്നലെ തുടങ്ങി. ഈ ദിവസങ്ങളിൽ നേതാക്കളും ജനപ്രതിനിധികളും പാർട്ടി പ്രവർത്തകരും വീടുകൾ സന്ദർശിക്കും. ജനങ്ങളുമായുള്ള ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിനായാണ് 28 വരെ ഗൃഹസന്ദർശന പരിപാടി സംഘടിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു വിഭാഗം ജനങ്ങളുടെ പിന്തുണ എൽ.ഡി.എഫിന് ലഭിച്ചില്ലെന്ന കേന്ദ്ര കമ്മിറ്റി നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങളെ നേരിട്ടു കാണാനും അവരുടെ അഭിപ്രായം കേൾക്കാനും സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതെന്നാണ് നേതാക്കൾ പറയുന്നത്. വീട് കയറുന്നതിൽനിന്ന് എത്ര ഉന്നത നേതാവായാലും ഒഴിഞ്ഞു നിൽക്കരുതെന്ന കർശന നിർദേശവും സംസ്ഥാന കമ്മിറ്റി നൽകിയിട്ടുണ്ട്. അതാത് ജില്ലയിൽ കേന്ദ്ര കമ്മിറ്റി അംഗം മുതൽ വിവിധ തലത്തിൽ പ്രവർത്തിക്കുന്ന നേതാക്കളും എം.എൽ.എമാർ മുതൽ  തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങൾ വരെയുള്ള  ജനപ്രതിനിധികളും പങ്കെടുക്കും. സ്വന്തം നാട്ടിൽ തന്നെയാണ് ഇവർക്ക് ചുമതല നൽകിയിരിക്കുന്നത്. 

 

Latest News