Sorry, you need to enable JavaScript to visit this website.

വെടിവെച്ചു വീഴ്ത്തി വടികൊണ്ട് തല്ലിച്ചതച്ചു; സോൻഭദ്ര കൊലപാതകത്തിന്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്

ലക്‌നൗ- ഉത്തർ പ്രദേശിലെ സോൻഭദ്രയിൽ ഭൂമിയിടപാടിനിടെ ചൊല്ലിയുണ്ടായ ആക്രമണത്തിന്റെ ഭീകര ദൃശ്യങ്ങൾ പുറത്ത്. ഭൂമി തര്‍ക്കത്തിന്‍റെ പേരിൽ ജൂലൈ 17 നു നടന്ന വെടിവെപ്പ് രാജ്യത്തെ ഒന്നാകെ ഞെട്ടിച്ചിരുന്നു. ആക്രമണത്തിൽ പത്തിലധികം ആളുകൾ വെടിയേറ്റ് മരിച്ചിരുന്നു. ഗ്രാമ മുഖ്യന്റെ നേതൃത്വത്തിൽ ഭൂമിയേറ്റെടുക്കാനെത്തിയ ഗുണ്ടകള്‍ ആദിവാസികളെ വെടിവെച്ചിടുകയും പ്രതിരോധിച്ചവരെ വടി കൊണ്ട് തല്ലികൊള്ളുന്ന ഞെട്ടിക്കുന്ന വീഡിയോ ആണ് പുറത്ത് വന്നത്. ഉയർന്ന സമുദായത്തിൽ പെട്ട ഗ്രാമ മുഖ്യന്റെ നേതൃത്വത്തിൽ 200 ഓളം ആയുധധാരികളായ അനുയായികള്‍ ട്രാക്റ്ററിലാണ് എത്തിയിരുന്നത്. 
           സോന്‍ഭദ്രയിലെ ഉയര്‍ന്ന സമുദായത്തിൽപെട്ട ഗ്രാമമുഖ്യന്‍ യഗ്യദത്തിന്‍റെ അനുയായികളും ഗോണ്ട് ആദിവാസി വിഭാഗത്തിൽപെട്ട ഏതാനും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷമാണ് വെടിവെപ്പിൽ കലാശിച്ചത്. സ്ഥലത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഗ്രാമമുഖ്യന്‍റെ അനുയായികള്‍ ആദിവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ആദിവാസികള്‍ തലമുറകളായി കൈവശം വച്ചിരുന്ന 36 ഏക്കര്‍ ഭൂമി തനിക്ക് നൽകണമെന്നാവശ്യപ്പെട്ടാണ്  ഗ്രാമ മുഖ്യൻ സ്ഥലത്തെത്തിയത്. 10 വര്‍ഷം മുമ്പ് താന്‍ ഈ ഭൂമി ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്നും വാങ്ങിയതാണെന്നാണ് ഇദേഹത്തിന്റെ വാദം. ഇത് തിരിച്ചു പിടിക്കാനാണ് ഗുണ്ടകളുമായി അദ്ദേഹം സ്ഥലത്തെത്തിയത്. 
      കൂട്ടക്കൊല നടന്ന ഗ്രാമത്തില്‍ നിരവധി ട്രാക്ടറുകള്‍ നിരത്തിയിട്ടിരിക്കുന്നത് വീഡിയോയില്‍ കാണാം.  കൂട്ടം ചേര്‍ന്ന് അക്രമികള്‍ ഗ്രാമവാസികളെ വടികൊണ്ട് ആക്രമിക്കുന്നതും കാണാം. ഇതിനിടയില്‍ വെടിയൊച്ചയും കേള്‍ക്കാം. അക്രമികള്‍ തോക്ക് എടുത്താണ് വന്നതെന്ന് ഗ്രാമവാസികള്‍ അറിഞ്ഞിരുന്നില്ല. ഇന്നാണ് ഈ വീഡിയോ ഗ്രാമവാസികള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയത്. സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. സംഭവത്തിൽ കൊല്ലപ്പെട്ട ഗ്രാമവാസികളെ കാണാനായെത്തിയ കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞത് ഏറെ വിവാദമായിരുന്നു. അതിശക്തമായി പ്രതിഷേധിച്ച ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയും ചെയ്‌തിരുന്നു. പ്രിയങ്ക ഗാന്ധിക്ക് പിന്നാലെ സോൻഭദ്ര വെടിവയ്പില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്നലെ സന്ദര്‍ശിച്ചു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 18.5 ലക്ഷം രൂപയും, പരുക്കേറ്റവര്‍ക്ക് 2.5 ലക്ഷം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

Latest News