- 1962 നു ശേഷം ചൈനയുമായുള്ള സംഘർഷം ഇത്രയേറെ നീളുന്നത് ഇതാദ്യം
- സിക്കിമിലെ ദോക് ലായിൽ കൂടുതൽ സൈനികരെ നിയോഗിച്ചു
ന്യൂദൽഹി- ചൈനീസ് സേന രണ്ട് ബങ്കറുകൾ തകർത്ത പശ്ചാത്തലത്തിൽ സിക്കിമിലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യ കൂടുതൽ സൈനികരെ വിന്യസിച്ചു.
അതിർത്തിയിൽ സംഘർഷം രൂക്ഷമാകുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് മേഖലയിലെ സൈനിക വിന്യാസം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ തീരുമാനം. ദോക് ലായിലെ ലാൽട്ടനിൽ 2012 ൽ ഇന്ത്യ നിർമിച്ച രണ്ടു ബങ്കറുകളാണ് കഴിഞ്ഞ മാസാദ്യം ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമി തകർത്തത്. ബങ്കറുകൾ പൊളിച്ചു നീക്കണമെന്ന അവരുടെ ആവശ്യം ഇന്ത്യ നിരസിച്ചതിനെ തുടർന്നാണ് ജൂൺ ആറിന് രണ്ടു ചൈനീസ് ബുൾഡോസറുകൾ ഇന്ത്യൻ ഭാഗത്തേക്കു കടന്നുകയറി ബങ്കറുകൾ തകർത്തത്. ബങ്കറുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം തങ്ങളുടേതാണെന്നും ഇന്ത്യക്കോ ഭൂട്ടാനോ ഈ മേഖലയിൽ യാതൊരു അവകാശവുമില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ചൈനയുടെ നടപടി.
ഇരുരാജ്യങ്ങളുടെയും സൈനികർ നേർക്കുനേർ നിൽക്കുന്ന സംഘർഷഭരിതമായ സാഹചര്യമാണ് സിക്കിമിലെ ഇന്ത്യ-ചൈന അതിർത്തിയിലുള്ളത്. 1962 ലെ യുദ്ധത്തിനു ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ഇത്ര രൂക്ഷമായ സംഘർഷം ഇതാദ്യമാണ്. സിക്കിമിലെ നാഥുല ചുരം വഴി കൈലാസ് മാനസ സരോവറിലേക്കുള്ള ഇന്ത്യൻ തീർഥാടകർക്ക് ചൈന പ്രവേശനാനുമതി നിഷേധിച്ചതോടെ, ഇതു വഴിയുള്ള തീർഥയാത്ര ഇന്ത്യ റദ്ദാക്കിയിരുന്നു.
അതിർത്തിയിൽ ഇന്ത്യൻ ഭാഗത്തേക്ക് അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ രണ്ടു ബങ്കറുകൾ തകർത്തതാണ് സുരക്ഷാ വിന്യാസം ശക്തമാക്കാൻ കേന്ദ്ര സർക്കാറിനെ പ്രേരിപ്പിച്ചത്. യുദ്ധസമാന സാഹചര്യമില്ലെങ്കിലും ഏതു നിമിഷവും ഉണ്ടായേക്കാവുന്ന പ്രകോപനങ്ങൾക്ക് തിരിച്ചടി നൽകാനാണ് സേനയെ സജ്ജമാക്കിയിരിക്കുന്നത്.
1962 മറക്കരുതെന്ന ചൈനീസ് മാധ്യമങ്ങളുടെ ഭീഷണിക്കു മറുപടിയായി 62 ലെ ഇന്ത്യയല്ല 2017 ലെ ഇന്ത്യയെന്നു പ്രതിരോധ മന്ത്രി അരുൺ ജയ്റ്റ്ലി വ്യക്തമാക്കിയിരുന്നു.
ദോക് ലായിൽ ഇനിയും നാശനഷ്ടങ്ങൾ ഉണ്ടാക്കാൻ ചൈന ശ്രമിക്കുമെന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. ബങ്കറുകൾ തകർത്തതിനു പുറമെ കൂടുതൽ നാശനഷ്ടം വരുത്താനുള്ള ചൈനീസ് സേനയുടെ ശ്രമം ഇന്ത്യൻ സൈന്യം ചെറുത്തിരുന്നു. ഇരു സേനകളും മുഖാമുഖം എത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്.
സമീപത്തെ സൈനിക കേന്ദ്രങ്ങളിൽനിന്നാണ് ഇന്ത്യ-ചൈന ഭടന്മാർ മുഖാമുഖം നിൽക്കുന്ന മേഖലയിലേക്ക് കൂടുതൽ സൈനികരെ അയച്ചത്. ചൈനയും ഇവിടെ സൈനിക വിന്യാസം വർധിപ്പിച്ചിട്ടുണ്ട്.
1962 ലെ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ഇത്രയേറെ നീണ്ടത്. 2013 ൽ ജമ്മു കശ്മീരിലെ ലഡാക്കിനു സമീപം ദൗലത്ത്ബാഗ് ഓൾഡിയിൽ ചൈനീസ് സൈന്യം 30 കിലോമീറ്ററോളം ഇന്ത്യൻ മേഖലയിലേക്കു കടന്നുകയറിയത് സംഘർഷത്തിന് കാരണമായിരുന്നു. ഇന്ത്യൻ സൈന്യം തിരിച്ചടിച്ചതോടെ ചൈനീസ് സൈന്യം പിന്മാറുകയായിരുന്നു. ഈ മേഖല ചൈനയിലെ ഷിൻചിയാങ് പ്രവിശ്യയുടെ ഭാഗമാണെന്ന് അവകാശപ്പെട്ടുള്ള ചൈനീസ് കൈയേറ്റത്തെ തുടർന്ന് ഉടലെടുത്ത സംഘർഷം മൂന്നാഴ്ച നീണ്ടുനിന്നിരുന്നു.
ഇന്ത്യ-ചൈന-ഭൂട്ടാൻ അതിർത്തിയിൽ ദോക് ലാ ഭാഗത്തു ചൈന റോഡ് നിർമിക്കാൻ നടത്തുന്ന ശ്രമങ്ങൾ ഗുരുതരമായ സുരക്ഷാ പ്രത്യാഘാതമുണ്ടാക്കുമെന്ന് ഇന്ത്യ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
ചൈനയും ഭൂട്ടാനും തമ്മിൽ ഈ പ്രദേശത്തെ ചൊല്ലി ദീർഘകാലമായി തർക്കം നിലനിൽക്കുന്നുണ്ട്. ദോക് ലാ ഭാഗത്തുനിന്ന് ഇന്ത്യൻ സേന പിന്മാറണമെന്നാണ് ചൈന ഇപ്പോൾ ആവർത്തിക്കുന്നത്.
ആവശ്യമാണെങ്കിൽ ഇന്ത്യ യുദ്ധത്തിനു തയാറാണെന്ന് ഈയിടെ ഈ പ്രദേശം സന്ദർശിച്ച കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ചൈനക്ക് താക്കീത് നൽകിയിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യ ചരിത്രം മറക്കരുതെന്നും 62 ലെ കാര്യം ഓർക്കണമെന്നും ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളും ഇന്ത്യൻ ജനറൽ നിരുത്തരവാദ പ്രസ്താവനകൾ നിർത്തണമെന്നും ചൈനീസ് സർക്കാർ നേരിട്ടു തന്നെയും ആവശ്യപ്പെട്ടത്.






