മോഡിയെ തൊട്ടതിന് ചിറകരിയുന്നു; ലോക്‌സഭയില്‍ തുറന്നടിച്ച് കേരള എം.പിമാര്‍

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന് ഉത്തരവിട്ടത് കൊണ്ടാണോ വിവരാവകാശ നിയമത്തില്‍ തിടുക്കത്തില്‍ ഭേഗദതികള്‍ വരുത്തുന്നതെന്ന ചോദ്യമുന്നയിച്ച് ശശി തരൂര്‍ എംപി. ലോക്‌സഭയില്‍ പാസായ വിവരാവകാശ ഭേദഗതി നിയമത്തിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവേയാണ് ശശി തരൂര്‍ ഇക്കാര്യം ഉന്നയിച്ചത്. മോഡി സര്‍ക്കാര്‍ കൊണ്ടു വരുന്ന ഭേഗദതികളോടെ വിവരാവകാശ കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം ഇല്ലാതാകുമെന്നും വിവരാവകാശ നിയമത്തിന്റെ അന്തസ്സത്ത തന്നെ ചോര്‍ന്നു പോകുമെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവരവകാശ നിയമത്തിന്റെ സഹായത്തോടെ സ്ഥാനാര്‍ഥികള്‍ നല്‍കിയ രേഖകളും മറ്റും പരിശോധിച്ച് ആധികാരികത ഉറപ്പു വരുത്താനും കഴിഞ്ഞിരുന്നു. ശക്തരായ പല ഉദ്യോഗസ്ഥരും വെളിപ്പെടുത്താന്‍ മടിച്ച പല നിര്‍ണായക രേഖകളും വെളിപ്പെടുത്താന്‍ വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടിരുന്നു. ഇക്കാരണങ്ങളാല്‍ പ്രകോപിതരായിട്ടാണോ വിവരാവകാശ നിയമത്തില്‍ സര്‍ക്കാര്‍ തിടുക്കപ്പെട്ടു ഭേദഗതി വരുത്തിയതെന്നായിരുന്നു ശശി തരൂരിന്റെ ചോദ്യം.
പാര്‍ലമെന്റിന്റെ നിയമനിര്‍മാണ ചരിത്രത്തിലെ കറുത്ത ദിവസമാണ് വിവരാവകാശ നിയമഭേദഗതി പാസായതെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു ചൂണ്ടിക്കാട്ടി. 2005 ല്‍ യുപിഎ സര്‍ക്കാരിന്റെ വിവരാവകാശ നിയമത്തിന്റെ ചിറകരിയുന്ന ഭേദഗതിയാണ് ബി.ജെ.പി സര്‍ക്കാരിന്റെ നിയമമെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയും സേവന വേതന വ്യവസ്ഥകളും കേന്ദ്രസര്‍ക്കാരിന്റെ വിവേചനാധികാരത്തിന് വിധേയമാണെന്ന പുതിയ ഭേദഗതി വിവരാവകാശ കമ്മീഷന്റെ സ്വാതന്ത്ര്യവും സ്വയംഭരണാവകാശവും തകര്‍ക്കുന്നതാണ്. ഭരണഘടനയോടും നിയമനിര്‍മാണ സഭയോടും ജുഡീഷ്യറിയോടുമുള്ള കടുത്ത അനാദരവും ഭരണഘടനാ സ്ഥാപനങ്ങളെ അപമാനിക്കുന്നതുമാണ് പുതിയഭേദഗതി നിയമം. സുപ്രീംകോടതിയുടെ  നിര്‍ദേശത്തെ ലംഘിച്ചുകൊണ്ടുള്ള പുതിയഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ വിപ്ലവകരമായ നിയമനിര്‍മാണമായിരുന്നു വിവരാവകാശനിയമം. ഭരണനിര്‍വഹണം സുതാര്യവുംകാര്യക്ഷമവുമാക്കാന്‍ കൊണ്ടുവന്ന സുപ്രധാന നിയമത്തെ കഴുത്തു ഞെരിച്ച് കൊല്ലുന്ന കേന്ദ്ര സര്‍ക്കാരിന് ചരിത്രം മാപ്പ് നല്‍കില്ലെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് അടിയന്തരാവസ്ഥയെ ചൂണ്ടിക്കാട്ടിയാണ് പ്രതിരോധിച്ചത്. രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും ഇരുണ്ട കാലഘട്ടമായിരുന്നു അടിയന്തരാവസ്ഥ. എന്നാല്‍ മോഡി സര്‍ക്കാരിന് ഒന്നും തന്നെ ഒളിച്ചു വെക്കാനില്ല. 2014ല്‍ പ്രതിവര്‍ഷം വിവരവാകാശ നിയമപ്രകാരം രണ്ടു ലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നത് ഇപ്പോള്‍ പ്രതിവര്‍ഷം പതിനാറ് ലക്ഷമായി ഉയര്‍ന്നിരിക്കുന്നു. വിവരാവകാശ കമ്മീഷന്റെ സ്വയംഭരണാധികാരത്തില്‍ കൈ കടത്തില്ലെന്നും മന്ത്രി പറഞ്ഞു.
     പ്രതിപക്ഷം രൂക്ഷമായി ഉയര്‍ത്തിയ എതിര്‍പ്പുകള്‍ക്കിടയില്‍ ആണ് കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ് കഴിഞ്ഞ ദിവസം ബില്ലവതരിപ്പിച്ചത്. തെരഞ്ഞെടുപ്പു കമ്മീഷന് തുല്യമായ പദവിയില്‍ നിന്ന് കേന്ദ്ര വിവരാവകാശ കമ്മീഷണറെ നീക്കി ശമ്പളവും മറ്റാനുകൂല്യങ്ങളും സര്‍ക്കാര്‍ നിര്‍ണയിക്കുന്ന വിധത്തിലുള്ള ഭേദഗതിയാണ് പാസായിരിക്കുന്നത്.
    കേന്ദ്ര, സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണര്‍മാരുടെ ഔദ്യോഗിക കാലാവധി, പദവി, ആനുകൂല്യങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് പുതിയ ഭേദഗതി വ്യവസ്ഥ. ഇതിനായി നിയമത്തിലെ 13, 16, 27 വകുപ്പുകളാണ് ഭേദഗതി ചെയ്യുന്നത്. നിലവിലെ നിയമത്തിലെ 13.(1), 13(2) വകുപ്പുകള്‍ കേന്ദ്ര, സംസ്ഥാന വിവരാവകാശ കമ്മീഷണര്‍മാരുടെ കാലാവധിയുമായി ബന്ധപ്പെട്ടതാണ്.

 

Latest News