പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കഥകേട്ട് വനിതാ പോലീസ് ഓഫീസര്‍ ബോധരഹിതയായി

ആലപ്പുഴ- രണ്ടാനച്ഛന്‍ പീഡിപ്പിച്ച പതിനാലുകാരിയുടെ  കഥ കേട്ട് മൊഴി രേഖപ്പെടുത്തിയ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബോധരഹിതയായി. തൃക്കുന്നപ്പുഴയിലാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റിലായത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാവിനു പങ്കുണ്ടോ എന്നും പോലീസ് അന്വേഷിച്ചു വരികയാണ്.

വള്ളികുന്നത്ത് ഭാര്യയും രണ്ടു മക്കളുമുള്ള ഇയാള്‍ ആറു വര്‍ഷം മുമ്പാണ് പെണ്‍കുട്ടിയുടെ അമ്മയുമായി അടുപ്പത്തിലായത്.
പെണ്‍കുട്ടിയെ മാതാവും രണ്ടാനച്ഛനും ചേര്‍ന്ന് ആലപ്പുഴ ജില്ലയിലെ ഒരു സ്ഥാപനത്തില്‍ പാര്‍പ്പിച്ചു പഠിപ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിക്ക് ഒമ്പത് വയസ്സുള്ളപ്പോള്‍ മാതാവിന്റെ പ്രസവസമയത്താണ് ആദ്യമായി ഇയാള്‍ പീഡിപ്പിച്ചത്.
ആഴ്ചയില്‍ രണ്ടു ദിവസം പെണ്‍കുട്ടിയെ രണ്ടാനച്ഛന്‍ സ്ഥാപനത്തില്‍നിന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരികയും പീഡനത്തിനിരയാക്കുകയും ചെയ്തിരുന്നു. എതിര്‍ത്തപ്പോള്‍ മാതാവിനെയും പെണ്‍കുട്ടിയെയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നു. ഒന്നര വര്‍ഷം മുന്‍പ് പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോള്‍ ഗുളിക നല്‍കി ഗര്‍ഭഛിദ്രം നടത്തുകയായിരുന്നു. സ്ഥാപനത്തില്‍നിന്ന് പെണ്‍കുട്ടി വീട്ടിലേക്കു പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംഭവം വെളിച്ചത്തായത്.

സ്ഥാപന അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ പീഡനത്തെപ്പറ്റി സൂചന ലഭിച്ചു. തുടര്‍ന്ന്  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.  ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ തൃക്കുന്നപ്പുഴ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി കേസെടുത്ത ശേഷം ഓച്ചിറ പോലീസിനു കൈമാറുകയായിരുന്നു.
 

 

Latest News