പുതിയ നിബന്ധനകള്‍; സൗദിയില്‍ 18,000 വിദേശ എന്‍ജിനീയര്‍മാര്‍ പുറത്തായി

റിയാദ് - ആറു മാസത്തിനിടെ 18000-ലേറെ വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദിയില്‍ തൊഴില്‍ നഷ്ടപ്പെട്ടതായി കണക്ക്. ഈ വര്‍ഷം ഇതുവരെ 18,749 വിദേശ എന്‍ജിനീയര്‍മാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്.
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് രജിസ്‌ട്രേഷനുള്ള വിദേശ എന്‍ജിനീയര്‍മാരുടെ എണ്ണം 1,30,551 ആയി കുറഞ്ഞു. കഴിഞ്ഞ വര്‍ഷാവസാനം രാജ്യത്ത് 1,49,300 വിദേശ എന്‍ജിനീയര്‍മാരുണ്ടായിരുന്നു.
വിദേശികളും സ്വദേശികളും അടക്കം ആകെ 1,68,098 എന്‍ജിനീയര്‍മാര്‍ക്കാണ് കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളത്.
ആറര മാസക്കാലത്തിനിടെ സൗദിയില്‍ 170 എന്‍ജിനീയറിംഗ് ഓഫീസുകള്‍ അടച്ചുപൂട്ടി. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ 2,688 എന്‍ജിനീയറിംഗ് ഓഫീസുകളുണ്ട്. ഇതില്‍ 2,204 എണ്ണം മെയിന്‍ ഓഫീസുകളും 484 എണ്ണം ശാഖകളുമാണ്.
അഞ്ചു വര്‍ഷത്തില്‍ കുറവ് പരിചയസമ്പത്തുള്ള വിദേശ എന്‍ജിനീയര്‍മാരുടെ റിക്രൂട്ട്‌മെന്റ് നിര്‍ത്തിവെക്കുന്നതിന് തൊഴില്‍, സാമൂഹിക വികസന മന്ത്രാലയവും സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സും നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദിയിലേക്ക് റിക്രൂട്ട് ചെയ്യുന്ന വിദേശ എന്‍ജിനീയര്‍മാര്‍ക്ക് സൗദി കൗണ്‍സില്‍ ഓഫ് എന്‍ജിനീയേഴ്‌സ് വഴി പ്രൊഫഷനല്‍ ടെസ്റ്റും അഭിമുഖവും നിര്‍ബന്ധമാക്കിയിട്ടുമുണ്ട്.

 

Latest News