Sorry, you need to enable JavaScript to visit this website.

ലോകത്തിന്റെ നെറുകയില്‍ ഇന്ത്യ; ചന്ദ്രയാന്‍ 2 കുതിച്ചുയുര്‍ന്നു

ഹൈദരാബാദ്-  സാങ്കേതികപ്പിഴവുകൾ തിരുത്തി ചരിത്രദൗത്യവുമായി ചന്ദ്രയാൻ രണ്ട് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്നു കുതിച്ചുയർന്നു. സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് ചന്ദ്രയാൻ ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയെ എത്തിക്കാനായി കുതിച്ചുയർന്നത്. നേരത്തെ നിശ്ചയിച്ചതിനേക്കാൾ ഏഴുദിവസം വൈകിയാണ് ചന്ദ്രയാൻ രണ്ട് വിക്ഷേപിച്ചത്. നേരത്തെ നഷ്ടപ്പെട്ട സമയം വീണ്ടെടുക്കാൻ ചന്ദ്രനിലേക്കുള്ള പേടകത്തിന്റെ യാത്രാക്രമം തന്നെ ഐ.എസ്.ആർ.ഒ പുനർനിശ്ചയിച്ചിട്ടുണ്ട്.
ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള 3.8 ലക്ഷം കിലോമീറ്റർ ദൂരം ഉപഗ്രഹങ്ങളെ വഹിക്കുന്നത് ബാഹുബലിയെന്ന പേരിലറിയപ്പെടുന്ന ഐ.എസ്.ആർ.ഒയുടെ ജി.എസ്.എൽ.വി മാർക്ക് മൂന്ന് റോക്കറ്റാണ്. ആദ്യപദ്ധതി പ്രകാരം 17 ദിവസം ഭൂമിയെ ചുറ്റി വേണമായിരുന്നു പേടകം ചന്ദ്രനിലേക്കുള്ള യാത്ര തിരിക്കേണ്ടത്. ഇത് പുതിയ പദ്ധതി പ്രകാരം 23 ദിവസമായി കൂടിയിട്ടുണ്ട്. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്രയുടെ സമയത്തിലും മാറ്റമുണ്ട്. അഞ്ച് ദിവസമായിരുന്നത് പുതിയ പദ്ധതി പ്രകാരം ഏഴാക്കി. നേരത്തെ 28 ദിവസം വലംവെച്ച ശേഷം ലാന്ററിനെ ചന്ദ്രനിൽ ഇറക്കാനായിരുന്നു തീരുമാനം. പുതിയ പദ്ധതി അനുസരിച്ച് ചന്ദ്രനെ ചുറ്റുന്നത് 13 ദിവസം ആയി കുറച്ചു. വിക്രം ലാന്ററും ഓർബിറ്ററും തമ്മിൽ നാൽപ്പത്തിമൂന്നാമത്തെ ദിവസം വേർപെടും. നേരത്തെ ഇത് അൻപതാമത്തെ ദിവസത്തേക്കാണ് ക്രമീകരിച്ചിരുന്നത്.

ചന്ദ്രോപരിതലത്തിൽ ഉപഗ്രഹങ്ങളും ഗവേഷണ യന്ത്രങ്ങളും ഇടിച്ചിറക്കുന്ന രീതിക്കു പകരം ഹെലിക്കോപ്ടർ ഇറങ്ങുന്നതിനു സമാനമായ രീതിയിലുള്ള സോഫ്റ്റ് ലാൻഡിങ്ങാണ് ചന്ദ്രയാൻ രണ്ടിന്റെ പ്രത്യേകത. റഷ്യയും യു.എസും ചൈനയും മാത്രമാണു ലോകത്ത് ഇതിനുമുൻപ് ഇത്തരത്തിൽ വിക്ഷേപണം നടത്തിയത്. പൂർണമായും ഇന്ത്യൻ സാങ്കേതികവിദ്യയിൽ നിർമിച്ച ആദ്യ ക്രയോജനിക് എൻജിനുള്ള റോക്കറ്റാണിത്. 27.8 ടൺ ക്രയോജനിക് ഇന്ധനമാണ് ടാങ്കുകളിൽ നിറച്ചത്.
25 വർഷത്തെ ഗവേഷണഫലമായാണ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. 2000 കിലോ മുതൽ 20000 കിലോ വരെ വഹിക്കാവുന്ന മീഡിയം ലിഫ്റ്റ് ലോഞ്ച് ശ്രേണിയിലുൾപ്പെട്ടതാണ് റോക്കറ്റ്. ബഹിരാകാശത്തേക്ക് ഇന്ത്യക്കാരെ കൊണ്ടുപോകുന്ന ഗഗൻയാൻ ദൗത്യവും ഈ റോക്കറ്റാണ് നിർവഹിക്കുക. റഷ്യയുടെ അംഗാര, സെനിത്, സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 തുടങ്ങിയവയുമായി താരതമ്യപ്പെടുത്താവുന്ന റോക്കറ്റാണിത്.
 

Latest News